ഹിജാബ് വിവാദത്തിൽ പ്രതിഷേധം കനക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ഒത്തുചേരലുകൾ നിരോധിച്ചു

ബെംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പോലീസിന്റെ കര്‍ശന നടപടി.

ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും 200 മീറ്റര്‍ പരിധിയില്‍ യാതൊരുവിധ പ്രതിഷേധങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നത്.

ഹിജാബ് വിവാദത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കര്‍ണാടകത്തിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കിയിരുന്നു.

ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതിയും വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ‘ഐ ലവ് ഹിജാബ്’ എന്ന് പേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News