ബാബുനെ രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുനെ രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയ ഉദ്യോഗസ്ഥർ മുതൽ നാട്ടുക്കാർക്കുവരെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നന്ദി പറഞ്ഞു,

കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഒടുവില്‍ വിജയം കണ്ടത്. പ്രളയകാലത്ത് നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചെങ്കിലും ഒരാളെ രക്ഷിക്കാന്‍ ഇത്രയും സമയവും സംവിധാനവും ഉപയോഗിക്കുന്നത് ആദ്യം.സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഇന്നലെ രാത്രി സംഭവ സ്ഥലത്തെത്തിയ സൈന്യം രാത്രി തന്നെ മലമുകളിലെത്തി.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിതുടങ്ങിയത്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ട്രക്കിങ് തുടങ്ങി. ഒരു കിലോമീറ്റര്‍ ഉയരമുള്ള ചെറാട് മലയുടെ മുകളിലെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ ദൗത്യം എളുപ്പമായിരുന്നില്ല. കനത്ത വെയിലായതിനാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി.

അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. ഉയരത്തില്‍ നിന്ന് 400 മീറ്ററും തറനിരപ്പില്‍ നിന്ന് 600 മീറ്ററിനും ഇടയിലെ ഇടുക്കിലാണ് ബാബു കുടുങ്ങിയത്. കാലിന് ചെറിയ പരിക്കേറ്റു.

വീഴ്ചക്കിടയിലും മൊബൈല്‍ ഫോണ്‍ കൈവിടാതിരുന്നത് ബാബുവിന് രക്ഷയായി. മൊബൈല്‍ ഫോണില്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബാബു താന്‍ കുടുങ്ങിയ കാര്യം വിളിച്ചറിയിച്ചു. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു.

യുവാവിനെ രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാർഡിന്‍റെ ഹെലികോപ്ടര്‍ എത്തിയിരുന്നു. കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല.തുടർന്ന് ഇന്ന് രാവിലെയാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററെത്തി ബാബുവിന് ഭക്ഷണവും വെള്ളവുമെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News