‘കൊവിഡ്’; കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധതന്ത്രം,മുഖ്യമന്ത്രി

കൊവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള പ്രതിരോധതന്ത്രമല്ല മൂന്നാം തരംഗ ഘട്ടത്തില്‍ സംസ്ഥാനം ആവിഷ്ക്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെല്‍റ്റാ വകഭേദത്തിന് രോഗ തീവ്രത കൂടുതലായിരുന്നു. എന്നാല്‍ ഒമൈക്രോണ്‍ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോള്‍ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനമാണ്. രണ്ട് ഡോസും എടുത്തവർ 85 ശതമാനമാണ്. 15 മുതല്‍ 17 വയസ്സു വരെയുള്ള വാക്സിനേഷന്‍ 74 ശതമാനവുമായി. കരുതല്‍ ഡോസിന് അര്‍ഹതയുള്ള 41 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി. മഹാ ഭൂരിപക്ഷം പേരും രോഗ പ്രതിരോധ ശേഷി നേടിയിട്ടുണ്ട്.

ഒമൈക്രോണ്‍ ഇവിടേയും വ്യാപിച്ചതോടെ ജനുവരി ഒന്നിന് മൂന്നാം തരംഗം ആരംഭിച്ചു. രണ്ടാം തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. അതേസമയം മൂന്നാം തരംഗത്തില്‍ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. എന്നാല്‍ ഉയര്‍ന്ന വേഗത്തില്‍ തന്നെ കേസുകള്‍ കുറഞ്ഞു വരുന്നതായാണ് കാണാന്‍ കഴിയുന്നത്.

ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനമാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ചയില്‍ 215 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ പിന്നീടത് കുറഞ്ഞ് തൊട്ട് മുമ്പത്തെ ആഴ്ചയില്‍ വര്‍ധനവ് 10 ശതമാനമായി. ഇപ്പോള്‍ വര്‍ധനവ് മൈനസ് 39 ശതമാനം മാത്രമാണ്.

കേസുകള്‍ ഇനി വലിയ തോതില്‍ വര്‍ധിക്കാനുള്ള സാഹചര്യമില്ല. പക്ഷെ എല്ലാവരും കുറച്ചുനാള്‍ കൂടി ജാഗ്രത പാലിക്കണം.

നിലവില്‍ ആകെയുള്ള 2,83,676 ആക്ടീവ് കൊവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 54 ശതമാനം ഐസിയു കിടക്കകളും ഒഴിവാണ്.
14.1 ശതമാനം പേര്‍ മാത്രമാണ് വെന്‍റിലേറ്ററിലുള്ളത്. 85 ശതമാനത്തോളം വെന്‍റിലേറ്ററുകള്‍ ഒഴിവുമുണ്ട്.

ലോകമെമ്പാടും ഒമൈക്രോണ്‍ തരംഗത്തെ നേരിടാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗമാണ് ഗൃഹ പരിചരണം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഒമൈക്രോണ്‍ തരംഗത്തില്‍ 3 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നത്.

അതേസമയം ഒരു ശതമാനം പേര്‍ക്ക് ഗുരുതരമാകുകയും ചെയ്യും. ന്യുമോണിയ ഉണ്ടാകാന്‍ സാധ്യയുള്ള ഈ ഒരു ശതമാനം പേരെ കണ്ട് പിടിച്ച് കൃത്യമായ ചികിത്സ നല്‍കുകയാണ് പ്രധാനം. ഗൃഹ പരിചരണത്തില്‍ ഇരിക്കുന്ന രോഗികള്‍ അപായ സൂചനകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ശ്വാസതടസം, നെഞ്ചുവേദന, രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുക, 3 ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനി എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഇ സഞ്ജീവനി വഴിയോ ദിശ വഴിയോ ഡോക്ടറുമായി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യാവുന്നതാണ്.

എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ 24 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സാ സംവിധാനമൊരുക്കി. വൃക്ക രോഗികള്‍ക്ക് ആശുപത്രികളില്‍ വരാതെ വീടുകളില്‍ തന്നെ ഡയാലിസിസ് ചെയ്യാനുള്ള പദ്ധതി ആരംഭിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട
ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News