ചാതുർവർണ്യത്തിന് കാൽകഴുകുന്ന ചടങ്ങ് അസംബന്ധം; ഉപേക്ഷിക്കണം: മന്ത്രി ഡോ. ആർ ബിന്ദു

കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ‘കാൽകഴുകിച്ചൂട്ട്’ ചടങ്ങ് ചാതുർവർണ്യത്തെ വീണ്ടും കാൽകഴുകി ആനയിക്കലാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അപലപനീയവും പ്രതിഷേധാർഹവുമാണിത്.

മറക്കുട തല്ലിപ്പൊളിക്കുകയും ഘോഷ വലിച്ചെറിയുകയും ചെയ്ത് യാഥാസ്ഥിതികത്വത്തെ ചരിത്രത്തിലേക്ക് ചുരുട്ടിയെറിഞ്ഞ ആര്യാ പള്ളത്തിന്റെ ഓർമ്മദിനത്തിനു പിന്നാലെയാണ് മനുഷ്യാന്തസ്സിനെയും കേരളം ആർജ്ജിച്ച നവോത്ഥാനത്തെയും ഇകഴ്ത്തുന്ന ഈ പ്രവൃത്തി. ആര്യാ പള്ളത്തെപ്പോലെ ആത്മാഭിമാനികളും സമൂഹമനസ്സാക്ഷിയുടെ വാഹകരുമായ ആയിരങ്ങളുടെ ത്യാഗോജ്വല ജീവിതത്തിന്റെ വില കെടുത്തുന്നതാണിത്.സമൂഹത്തിനും മതത്തിനും ഒരുപോലെ ദോഷംചെയ്യലാണിത്.

പ്രാകൃതമായ ആചാരങ്ങളെ പുനരാനയിക്കുന്നവർ സമൂഹത്തെ ഛിദ്രതയിലേക്ക് നയിക്കാൻ അബോധത്തിലെങ്കിലും കച്ചകെട്ടിയിറങ്ങിയവരാണ്. ഹിന്ദുമതത്തിനുള്ളിൽത്തന്നെ സ്വാമി വിവേകാനന്ദൻതൊട്ട് ചട്ടമ്പിസ്വാമികളും നാരായണഗുരുവും വരെയുള്ള യോഗിവര്യർ എത്തിച്ച വെളിച്ചവും മാറ്റവും കണ്ടില്ലെന്നു നടിക്കരുത്.

ക്ഷേത്രവഴിയിൽ പ്രവേശനത്തിനുവരെ വിലക്കുണ്ടാവുകയും അതു നേടാൻ ധീരമായി മുന്നോട്ടുവരികയും ചെയ്തതിന്റെ ഓർമ്മ തുടിക്കുന്ന കുട്ടംകുളം സമരത്തിന് സാക്ഷ്യം വഹിച്ച ഇരിങ്ങാലക്കുടയുടെ മണ്ണിൽ ഈ അസംബന്ധം നടക്കുന്നത് അസംബന്ധമാണ് .

കേരളത്തെ മുന്നോട്ടുനടത്താനാണ് ഗുരുവര്യന്മാരും നവോത്ഥാനനായകരും ജീവിതം ഹോമിച്ചത്. കാലത്തിനു നിരക്കാത്ത വേഷംകെട്ടുകൾ വീണ്ടും പുറത്തെടുത്ത് അവരെയും അവരെ പിൻപറ്റുന്ന വിശ്വാസിസമൂഹത്തെയും നിന്ദിക്കരുത് – മന്ത്രി പറഞ്ഞു.

ക്ഷേത്രസമിതിയെന്ന പേരിൽ അറിവില്ലായ്‍മ കാട്ടുന്നവർ സ്വന്തം അന്ധത മനസ്സിലാക്കി, തീരുമാനം തിരുത്തണം – മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News