വിൻഡീസിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യൻ ടീമിന് രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം. 44 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒമ്പത് ഓവറിൽ 12 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ യുവ പേസ്ബൗളർ പ്രസീദ് കൃഷ്ണയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

ശര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കണ്ടത്.

76 റൺസെടുക്കുന്നതിനിടെ വെസ്റ്റിൻഡീസിന്റെ അഞ്ച് ബാറ്റർമാരാണ് കൂടാരം കയറിയത്. 44 റൺസെടുത്ത ശമർ ബ്രൂക്ക്‌സാണ് വെസ്റ്റിൻഡീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അവസാന ഓവറുകളില്‍ 24 റണ്‍സുമായി ഒഡെയാന്‍ സ്മിത്ത് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തിൽ 43 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അർധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും 49 റൺസെടുത്ത കെ.എൽ രാഹുലും ചേർന്നാണ് കരകയറ്റിയത്.

83 പന്തിൽ നിന്ന് സൂര്യകുമാർ യാദവ് 64 റൺസെടുത്തു. അർധസെഞ്ച്വറിക്ക് ഒരു റൺസ് അകലെ കെ.എൽ രാഹുൽ റണ്ണൗട്ടാവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമക്ക് ഇന്ന് തിളങ്ങാനായില്ല. അഞ്ച് റൺസ് എടുത്ത രോഹിത് ശര്‍മയെ കെമര്‍ റോഷാണ് പുറത്താക്കിയത്.

ഏകദിനത്തിൽ ആദ്യമായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത റിഷഭ് പന്തിനും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. പന്തും കോഹ്ലിയും 18 റൺസ് വീതമെടുത്ത് പുറത്തായി. വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡെയാന്‍ സ്മിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News