പട്ടാളത്തെ വിളിക്കൂ…എന്ന് പറയുന്നവർ, ഈ വസ്തുതകൾ കൂടി അറിയൂ, ശേഷം വിമർശിക്കൂ; ശേഖർ കുര്യാക്കോസിന്റെ പോസ്റ്റ് വൈറലാകുന്നു

മലമ്പുഴ ചെറാട് കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിക്കാൻ മണിക്കൂറുകൾ എടുത്തപ്പോൾ സർക്കാരിന് നേരെ വിമർശനമുഴർത്തുന്നവർക്കെതിരെ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസിന്റെ പോസ്റ്റ്. രക്ഷാപ്രവത്തനത്തിന് നിയതമായ രീതിയുണ്ട്.

ആദ്യം പ്രദേശിക രക്ഷാ പ്രവര്‍ത്തനം, പിന്നെ സംസ്ഥാന തലത്തില്‍ ഉള്ള രക്ഷാ പ്രവര്‍ത്തനം, അതിനു ശേഷം കേന്ദ്ര ദുരന്ത പ്രതികരണ സേന. ഇവയുടെ എല്ലാം പ്രവര്‍ത്തനം ഫലം കണ്ടില്ലെങ്കില്‍ മാത്രമാണു രാജ്യ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള കര, വ്യോമ, നാവിക സേനകളെ വിനിയോഗിക്കാവൂ ശേഖർ കുര്യാക്കോസ് പറയുന്നു. ഇതേ രീതിയാണ് ബാബുവിന്റെ കാര്യത്തിലും സർക്കാർ കൈക്കൊണ്ടത്.

ദുരന്തപ്രതികരണത്തില്‍ ശാസ്ത്രബോധം, അനുഭവം, ആസൂത്രണം എന്നിവ വേണ്ടുവോളം ഉപയോഗിക്കുവാന്‍ പ്രാവീണ്യമുള്ള, ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം ആണ് നമ്മുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഡോ.ശേഖർ കുര്യാക്കോസിന്റെ പോസ്റ്റ്

ജാക്ക് ആന്ഡ് ജില്‍…

പാലക്കാട് ജില്ലാ കളക്ടര്‍ ഇറക്കിയ പത്രക്കുറിപ്പ് വായിക്കുക; വായിക്കാന്‍ അറിയാത്തവരെ ഈ കാര്യത്തില്‍ പറഞ്ഞു മനസിലാക്കാനും സാധിക്കില്ല.

2018ല്‍ ആണ് ഇത് ആദ്യം കേട്ടത് – പട്ടാളത്തെ വിളിക്കൂ…പട്ടാളത്തെ ഏല്‍പ്പിക്കുക!

അന്നും പറഞ്ഞതാണ്, ആവശ്യമുള്ള സമയത്ത്, അടിയന്തിരഘട്ട പ്രവര്‍ത്തന നടപടികള്‍ (Standard Operating Procedure) അനുസരിച്ച് ആവശ്യമുള്ള സേനയെ വിന്യസിക്കും. തേങ്ങ വീണാല്‍ വിളിക്കാന്‍ ഉള്ളവര്‍ അല്ല രാജ്യ സുരക്ഷയെ കരുതി ഉള്ള നമ്മുടെ സേനകള്‍.

ആദ്യം പ്രദേശിക രക്ഷാ പ്രവര്‍ത്തനം, പിന്നെ സംസ്ഥാന തലത്തില്‍ ഉള്ള രക്ഷാ പ്രവര്‍ത്തനം, അതിനു ശേഷം കേന്ദ്ര ദുരന്ത പ്രതികരണ സേന. ഇവയുടെ എല്ലാം പ്രവര്‍ത്തനം ഫലം കണ്ടില്ലെങ്കില്‍ മാത്രമാണു രാജ്യ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള കര, വ്യോമ, നാവിക സേനകളെ വിനിയോഗിക്കാവൂ.

പട്ടാളം എന്നതും സ്റ്റേറ്റിന്റെ ഭാഗം ആണ്; സെര്‍ച്ച് & റെസ്ക്യു പ്രവര്‍ത്തനത്തിന് ആവശ്യാനുസരണം Soverignനും, Sub-Soverignനും ഉപയോഗിക്കാവുന്ന അവസാന അത്താണി. ‘ആവശ്യം എന്നത് നിര്‍ണ്ണയിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗ രേഖയും, നിര്‍ദേശങ്ങളും ഉണ്ട്. അവരെ എപ്പോള്‍ ഉപയോഗിക്കണം എന്ന തീരുമാനം കൈക്കൊള്ളുവാന്‍ പരിശീലനം ലഭിച്ചവരും ഉണ്ട്.

രാവ് വെളുക്കെ അവിടെ കാവല്‍ നിന്ന് ബാബുവിന് ഒന്നും വരരുതേ എന്ന് മാത്രം ആഗ്രഹിച്ച ഒരു സംഘം ഉദ്യോഗസ്ഥര്‍ ഉണ്ട്, അവരില്‍ ഒരു ജില്ലാ കളക്ടര്‍, ഒരു ജില്ല പോലീസ് മേധാവി, ഒരു ജില്ല അഗ്നി സുരക്ഷാ മേധാവി, ദേശീയ ദുരന്ത പ്രതികരണ സേനാ സംഘ തലവന്‍ എന്നിവര്‍ ഉണ്ടായിരുന്നു. മേല്‍ പറഞ്ഞ ആവശ്യം നിര്‍ണയിക്കുവാനും, എപ്പോള്‍ ആരെ വിളിക്കണം എന്നും പരിശീലനം ലഭിച്ചവര്‍. അവര്‍ വിളിക്കേണ്ടവരെ വിളിക്കേണ്ട സമയത്ത്, ആവശ്യം നിര്‍ണയിച്ച് വിളിച്ചു, ഇടപെടേണ്ടവര്‍ ഇടപെട്ടു, വരേണ്ടവര്‍ വന്നു.

നമ്മുടെ നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍, അഗ്നി സുരക്ഷാ സേന, പിന്നെ കേന്ദ്ര ദുരന്ത പ്രതികരണ സേന, അവരുടെ എല്ലാം ആത്മാര്‍ഥമായ പ്രവര്‍ത്തന ശേഷം അവര്‍ക്ക് എത്തിപ്പെടാന്‍ പറ്റില്ല എന്ന് ബോധ്യമായ ശേഷം, അവരുടെ വ്യക്തമായ അഭിപ്രായം കൂടി പരിഗണിച്ചാണ് കര സേനയെ വിളിച്ചത്.

അതിനുള്ള സമയം ബാബുവിന്‍റെ ആരോഗ്യം കൂടി പരിഗണിച്ച് ലഭിക്കുമോ എന്ന ആശങ്ക ആണ് എല്ലാവര്ക്കും ഉണ്ടായിരുന്നത്. കാലാവസ്ഥ, ബാബുവിന്‍റെ ആത്മബലം, ആരോഗ്യം എന്നിവ നമുക്ക് അനുകൂലം ആയിരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായി, അനുകൂല സാഹചര്യങ്ങള്‍കൂടി ഉണ്ടായതോടെ, ബാബു രക്ഷപെട്ടു.

ദുരന്തപ്രതികരണത്തില്‍ ശാസ്ത്രബോധം, അനുഭവം, ആസൂത്രണം എന്നിവ വേണ്ടുവോളം ഉപയോഗിക്കുവാന്‍ പ്രാവീണ്യമുള്ള, ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം ആണ് നമ്മുടേത്. വസ്തുനിഷ്ടപരമായ, ആരോഗ്യകരമായ, പുരോഗമനപരമായ വിമര്‍ശനം ഉന്നയിക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News