”ബാബുവിന്റേത് ഞങ്ങളാരും ഒറ്റയ്ക്ക് ചെയ്തൊരു ഓപ്പറേഷനല്ല, ഇതൊരു ജോയിൻ്റ് റെസ്ക്യൂ ഓപ്പറേഷൻ ആണ്” ലഫ്. കേണൽ ഹേമന്ത് രാജ്

മലമ്പുഴ ചെറാട് കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിക്കാൻ ഏറ്റവും തടസം ഭൂപ്രകൃതിയായിരുന്നെന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മലയാളിയായ ലഫ്. കേണൽ ഹേമന്ത് രാജ്. മലയുടെ മുകളിൽനിന്ന് 410 മീറ്റർ താഴ്ചയിലാണ് ബാബു കുടുങ്ങിയത്.

മലകയറ്റം തുടങ്ങിയ സേനാംഗങ്ങൾക്ക് 200 മീറ്റർ പിന്നിടാൻ നാലു മണിക്കൂർ സമയം വേണ്ടി വന്നു. പ്രതിസന്ധിഘട്ടത്തിൽ പിടിച്ചുനിന്ന ബാബുവിന്റെ മാനസിക ധൈര്യം പ്രശംസനീയമാണെന്നും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും ഹേമന്ത് രാജ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ വാർത്ത മാധ്യമത്തിന് ഹേമന്ത് രാജ് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

എൻ്റെ ടീമിൽ എൻ്റെ കൂടെ എൻ.ഡി.ആർ.എഫിലെ എട്ട് പേരുണ്ടായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ നാല് പേരും, പൊലീസ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ആറ് പേരും. ആ നാട്ടുകാരായ നാല് പേരുമുണ്ടായിരുന്നു.
ഇവരെ എല്ലാവരെയും ചേർത്ത് പിടിച്ച്, ഞങ്ങൾ കേരളത്തിൽ വന്നപ്പോൾ, ഞാൻ ആദ്യം അവിടെ എന്നെ റിസീവ് ചെയ്യാൻ ഉണ്ടായിരുന്നത് പാലക്കാട് ഡിസ്ട്രിക്റ്റ് കളക്ടറും എസ്.പിയുമായിരുന്നു..അവിടെയൊരു ഫുൾ സപ്പോർട്ടുണ്ടായിരുന്നു..

എല്ലാ രീതിയിലും…എല്ലാ ഭാഗത്തുനിന്നും..പിന്തുണയുണ്ടായിരുന്നു. ഞങ്ങളാരും ഒറ്റയ്ക്ക് ചെയ്തൊരു ഓപ്പറേഷനല്ല ഇത് . ഞങ്ങൾ ആകെ ഒറ്റക്ക് ചെയ്ത ഓപ്പറേഷൻ ആ സ്പെസിഫിക് സ്കിൽഡ് ആക്ഷൻസ് മാത്രമായിരിക്കും..

കാരണം ഇത് ഞങ്ങൾക്ക് മാത്രമുള്ളൊരു സ്പെഷ്യാൽറ്റിയാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു നോർമൽ ഡെയ്ലി ആക്റ്റിവിറ്റിയാണ്. പക്ഷേ വേറെ ഒരു ഡിപ്പാർട്ട്മെൻ്റിനും അത് അവരുടെ ചാർട്ടർ ഓഫ് ഡ്യൂട്ടിസിൻ്റെ ഭാഗമായി വരുന്ന കാര്യങ്ങളല്ല.

സോ, കരസേന വന്നതുകൊണ്ട് മാത്രം ഈ രക്ഷാദൗത്യം വിജയിച്ചു എന്ന് പറയുന്നത് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. കാരണം എനിക്ക് കിട്ടിയ സപ്പോർട്ട്….എനിക്കെന്ന് പറഞ്ഞാൽ ഇന്ത്യൻ ആർമിക്ക് അവിടെനിന്ന് കിട്ടിയ സപ്പോർട്ട്..

നിങ്ങൾ വിഷ്വൽസിൽ കണ്ടുകാണും, ഡ്രോൺ ഉപയോഗിച്ചിട്ടാണ് ഞങ്ങളുടെ ക്ലൈംബേഴ്സിനെ ഞങ്ങൾ ലെഫ്റ്റ് റൈറ്റ് മൂവ്മെൻ്റ് നടത്തിക്കൊണ്ടിരുന്നത്..ഞങ്ങളുടെ ഡ്രോൺ ബാറ്ററി തീർന്ന ശേഷം പിന്നെ അതെല്ലാം സിവിലിയൻസ് പറത്തിയ ഡ്രോണുകളാണ്.

സോ, ഇതൊരു ജോയിൻ്റ് റെസ്ക്യൂ ഓപ്പറേഷൻസ് ആയിരുന്നു

ബാബുവിനെ മരണത്തിന്റെ വക്കിൽനിന്ന് കോരിയെടുത്ത സൈനിക സംഘത്തിന്റെ തലവനായ ഹേമന്ത് രാജ് പ്രളയസമയത്തും കേരളത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനുശേഷം മലയിടുക്കിൽനിന്ന് രക്ഷിച്ച ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് ഗവ. ആശുപത്രിയിലും ഒപ്പമുണ്ട് ഹേമന്ദ് രാജ്. സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റർ ദുരന്തത്തിലും ആദ്യമെത്തിയ രക്ഷാസംഘത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഊട്ടിയിലെ കരസേനയുടെ മദ്രാസ് റെജിമെന്റിൽ പരിശീലകനായ ഹേമന്ദ് രാജ് ഒട്ടേറെ തവണ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയനായി.

2018-ലെ പ്രളയത്തിൽ ചെങ്ങന്നൂർ, ആലപ്പുഴ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഈ സേവനത്തിന് 2019-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായി. തൊട്ടടുത്ത വർഷം മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടിയപ്പോഴും രക്ഷാദൗത്യവുമായി ഹേമന്ദും സംഘവുമെത്തി.

കഴിഞ്ഞവർഷം ചെെന്നെയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ദ് രാജായിരുന്നു. ഏറെക്കാലത്തിനു ശേഷമായിരുന്നു ഒരു മലയാളി ചെന്നൈയിൽ പരേഡ് നയിക്കുന്നത്.

ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹേമന്ദ്‌രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സേനാസംഘം എത്തിയത്. നാട്ടുകാരിൽ ചിലരെ ഒപ്പംകൂട്ടി കരസേനാംഗങ്ങൾ മലകയറി. ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും അസ്ഥാനത്തായില്ല, ദൗത്യം വിജയിക്കുകയും ചെയ്തു.

ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പി വീട്ടിൽ റിട്ട. എക്സൈസ് ഇൻസ്പെക്ടർ ടി.കെ. രാജപ്പന്റയും സി.എസ്. ലതികാ ഭായിയുടെയും മകനാണ്. തവളക്കുഴിയിൽ ദന്ത ക്ലിനിക്ക് നടത്തുന്ന കോഴിക്കോട് പയ്യോളി സ്വദേശി ഡോ. തീർഥയാണ് ഭാര്യ. അയാൻ ഹേമന്ദ് മകനാണ്.

ഏറ്റുമാനൂരിലുള്ള ഹേമന്ദ് രാജിെന്റ വീട്ടിലേക്ക്‌ ഒട്ടേറെ പേരാണ് അഭിനന്ദനങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി വി.എൻ. വാസവൻ തുടങ്ങിയവർ ഹേമന്ദിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News