ചുരുളി സിനിമക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ചുരുളി സിനിമക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രം പൊതു ധാര്‍മികതയ്ക്ക് നിരക്കാത്തതായതിനാല്‍ പ്രദര്‍ശനം തടയണം എന്ന ആവശ്യമാണ് കോടതി തള്ളിയത്.സിനിമയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

ചുരുളി സിനിമയിലെ ഭാഷ പൊതു ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും അതിനാല്‍ ഒ ടി ടി യില്‍ നിന്നടക്കം നീക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷക പെഗ്ഗിഫെന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ വാദം കേട്ട കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഡി ജി പി യെ കക്ഷി ചേര്‍ത്ത കോടതി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സിനിമയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചാണ് ഹര്‍ജിക്കാരുടെ ആക്ഷേപമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല.

സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. വള്ളുവനാടന്‍ ഭാഷയോ കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാകില്ല. ആ ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളിലേക്ക് കോടതിക്ക് കടക്കാനാവില്ലെന്നും, നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News