മലയിടുക്കിൽ നിന്ന് ബാബു ജീവിതത്തിലേക്ക്… സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ കരുത്തായി സർക്കാരും സൈന്യവും.

മലയിടുക്കിൽ നിന്ന് ബാബു ജീവിതത്തിലേക്ക്… സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ കരുത്തായി സർക്കാരും സൈന്യവും.

രക്ഷാപ്രവർത്തനത്തിനായി സൈന്യവും പോലീസും സർക്കാർ സംവിധാനങ്ങളും കൈകോർത്തപ്പോൾ സമാനതകളില്ലാത്ത ഏകോപനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകയാണ് മലമ്പുഴ കൂർമ്പാച്ചി മലയും കേരളവും സാക്ഷ്യം വഹിച്ചത്.

രണ്ട് രാവും പകലും നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തി.കേരളം കണ്ട ഏറ്റവും വലിയ രക്ഷദൗത്യത്തിൽ നാടൊന്നാകെ കൈകോർത്തപ്പോൾ 46 മണിക്കൂർ കണ്ണിമ ചിമ്മാതെ രക്ഷാ പ്രവർത്തനം ഏകോപിച്ച സംസ്ഥാന സർക്കാരിനും സൈന്യത്തിനും അഭിമാനിക്കാനേറെയുണ്ട്.

രണ്ട് പ്രളയക്കാലങ്ങളെ അതിജീവിച്ച കേരളത്തിന്‌ മുൻപിൽ അന്നും രക്ഷാപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്ന ലഫ്. കേണൽ ഹേമന്ദ്‌ രാജായിരുന്നു മലമ്പുഴയിലെ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത് . അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യയിലെ വിടവാങ്ങൽ ദൗത്യം കൂടിയായിരുന്നു കൂർമ്പാച്ചി മലയിലേത്.”ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട”;ബാബുവിന് മാത്രമല്ല മലയാളികൾക്കൊന്നടങ്കം ആശ്വാസം പകർന്ന ശബ്ദം ഹേമന്ദിന്റേതായിരുന്നു.

ലെഫ്.കേണല്‍ ഹേമന്ദ്‌ രാജ്‌.

2018 പ്രളയകാലത്ത് അവധി ഉപേക്ഷിച്ച് ചെങ്ങന്നൂരിലും ആലപ്പുഴയിലും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹേമന്ദിന് കേരളത്തെക്കുറിച്ച് പറയാനുള്ളത് കരുതലിന്റെയും ഒരുമയുടെയും വാക്കുകൾ മാത്രം.
പ്രളയക്കാലത്ത് ‘നമുക്ക് ഒരുമിച്ചിറങ്ങുകയല്ലേ’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഊർജ്ജം കൊണ്ട കേരളജനത കാഴ്ച്ചവച്ചത് സമാനതകളിലാത്ത സഹോദര്യത്തിന്റെ ചിത്രമായിരുന്നു. കേരളത്തിന്റെ സൈനികരായി മാറിയ മത്സ്യതൊഴിലാളികളും മേയർ ബ്രോയും ജൈസലുമെല്ലാം ഇവരിൽ പെടുന്നു.
മലയിടുക്കിൽ നിന്ന് സൈന്യം ബാബുവിനെ കൈപിടിച്ചുയർത്തിയപ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണർന്ന് പ്രവർത്തിച്ച സർക്കാർ സംവിധാനങ്ങളും ദൗത്യത്തിൽ നിർണായകമായി , കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററിന് എയർലിഫ്റ്റിംഗ് നടത്താനാകാതെ വന്നപ്പോൾ സൈനിക സഹായം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായിരുന്നു.

പർവതാരോഹകരടങ്ങുന്ന സൈനിക സംഘത്തിന് പോളി പ്രൊപ്പാലിൻ റോപ്പുകൾ നൽകിയത് കേരള പൊലീസിലെ ഹൈ ആൾട്ടിട്യൂട് സംഘവും സൈന്യത്തിനായി ഡ്രോൺ സഹായം നൽകിയത് പ്രദേശവാസികളുമായിരുന്നു. കേരള പോലീസ്, ഫോറസ്റ്റ് ഡിപ്പാർട്മെന്റ്, ദുരന്തനിവാരണ സേന, പ്രദേശവാസികൾ എന്നിവരുടെയെല്ലാം സംയുക്ത പ്രവർത്തനമാണ് സൈന്യവിജയത്തിലേക്കെത്തിച്ചതെന്നും ഹേമന്ദ്‌ കൂട്ടിച്ചേർത്തു.

മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനുശേഷം മലയിടുക്കിൽനിന്ന് രക്ഷിച്ച ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് ഗവ. ആശുപത്രിയിലും ഒപ്പമുണ്ട് ഹേമന്ദ് രാജ്. സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റർ ദുരന്തത്തിലും ആദ്യമെത്തിയ രക്ഷാസംഘത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഊട്ടിയിലെ കരസേനയുടെ മദ്രാസ് റെജിമെന്റിൽ പരിശീലകനായ ഹേമന്ദ് രാജ് ഒട്ടേറെ തവണ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയനായി.

2018-ലെ പ്രളയത്തിൽ ചെങ്ങന്നൂർ, ആലപ്പുഴ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഈ സേവനത്തിന് 2019-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായി. തൊട്ടടുത്ത വർഷം മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടിയപ്പോഴും രക്ഷാദൗത്യവുമായി ഹേമന്ദും സംഘവുമെത്തി.

കഴിഞ്ഞവർഷം ചെന്നെയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ദ് രാജായിരുന്നു. ഏറെക്കാലത്തിനു ശേഷമായിരുന്നു ഒരു മലയാളി ചെന്നൈയിൽ പരേഡ് നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News