മുതിർന്ന പൗരൻമാരെ കേന്ദ്രം അവഗണിക്കുന്നു; ജോൺ ബ്രിട്ടാസ് എംപി

മുതിർന്ന പൗരൻമാരോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവഗണനയെക്കുറിച്ചുള്ള വിഷയം ജോൺ ബ്രിട്ടാസ് എംപി ഇന്ന് രാജ്യസഭയുടെ ശൂന്യവേളയിൽ ഉന്നയിച്ചു. രാജ്യത്തിന്റെ ജനസംഖ്യയുടെ നല്ലൊരു ഭാഗം വരുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടത്ര പരിഗണന നൽകുന്നതല്ല ഇത്തവണത്തെ ബഡ്ജറ്റ്. ഇവരിൽ ഭൂരിഭാഗവും അസംഘടിതമേഖലയിലാണ് ജോലി ചെയ്തിരുന്നത് എന്നതിനാൽ അവർക്ക് പ്രതിമാസ പെൻഷനോ മറ്റു സ്ഥിരവരുമാനമോ ഇല്ല.

കൊവിഡ് 19 മഹാമാരിയുടെ കൂടി വരവോടെ അവരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമായിട്ടുണ്ട്. എന്നാൽ ഇത്തരം മുതിർന്ന പൗരന്മാരുടെ പ്രധാന ആശ്രയമായ ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീമിൽ ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങൾ വിലയിരുത്തിയും നിലവിലുള്ള ഗുണഭോക്താക്കളുടെ എണ്ണം കണക്കിലെടുത്തും കാര്യമാത്രപ്രസക്തമായ വർധന ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കാൻ ഗവൺമെന്റ് തയ്യാറായിട്ടില്ല. കൂടാതെ മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് വീൽചെയർ, ഊന്നുവടികൾ, കൃത്രിമാവയവങ്ങൾ എന്നിവ വിതരണം ചെയ്യുന്ന കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് (ALIMCO) കഴിഞ്ഞവർഷം റവന്യൂചെലവ് ഇനത്തിൽ അനുവദിച്ച 60 കോടിരൂപയുടെ സ്ഥാനത്ത് വെറും 10 ലക്ഷം രൂപ മാത്രമാണ് ഇത്തവണ ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്.

കൂടാതെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും ആരോഗ്യ മേഖലയ്ക്കും ഈ വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയ തുകയിലുണ്ടായ ഭീമമായ കുറവും മുതിർന്ന പൗരന്മാരെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ചൂണ്ടിക്കാണിച്ചു. മുതിർന്ന പൗരന്മാരുടെ പരിതാപകരമായ അവസ്ഥ പരിഗണിച്ച് ഈ വിഷയത്തോടുള്ള ധാർഷ്ട്യം നിറഞ്ഞ സമീപനത്തിൽ മാറ്റം വരുത്തി അനുഭാവപൂർണമായ നടപടികൾ കേന്ദ്രസർക്കാർ എടുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News