മീഡിയാ വണ്‍ സംപ്രേഷണ വിലക്ക് തുടരും

മീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മീഡിയാവണ്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി.

സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മീഡിയവണിനു വേണ്ടി ഹാജരായി. കേസ്സില്‍ കൂടുതല്‍ രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ എ എസ് ജി, അമന്‍ ലേഖി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന വാദം എ എസ് ജി തള്ളി .

മാര്‍ഗരേഖ 9(2) പ്രകാരം ലൈസന്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടന്ന് എ എസ് ജി വാദിച്ചു. എന്നാല്‍ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്‌നമാണെന്നും ചാനല്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടി ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാകണം. ദേശീയ സുരക്ഷയുടെ പേരില്‍ ജുഡീഷ്യല്‍ പരിശോധന തടയരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പത്രപ്രവര്‍ത്തക യൂണിയനും, ചാനലിലെ ജീവനക്കാരനും സമര്‍പ്പിച്ച ഹര്‍ജികളും ഡിവിഷന്‍ ബഞ്ച് പരിഗണിച്ചു. എല്ലാ ഹര്‍ജികളും ഒരുമിച്ച് വിധി പറയുന്നതിനായി മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here