യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി
യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ എന്ന് ജോൺ ബ്രിട്ടാസ് എം പി. സ്ഥിതി വിവര കണക്കുകൾ നോക്കിയാൽ മികവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളത്തെ അപമാനിച്ച് സംസാരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെകുറിച്ചാണ് ജോൺ ബ്രിട്ടാസ് എം പി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
യോഗിയൊരു ഉഗ്ര വർഗീയവാദിയാണെങ്കിലും ഇടയ്ക്കു തമാശ പറയും. പക്ഷെ ശുദ്ധ നർമമല്ല മറിച്ചു നെറ്റി ചുളിപ്പിക്കുന്ന ഇനങ്ങൾ. യുപിയിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുമ്പോഴാണ് കേരളത്തിൽ വന്ന് ആരോഗ്യമേഖല എങ്ങിനെ ആകണമെന്ന് പണ്ട് അദ്ദേഹം ക്ലാസ്സ് എടുത്തത്. ഗംഗയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകി നടന്നപ്പോഴാണ് കൊറോണയിൽ നമ്മളെ വിമർശിച്ചത്.
സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കിൽ യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് അദ്ദേഹത്തിന്റെ പുതിയ ഐറ്റം നമ്പർ. കാഷായ വസ്ത്രത്തിനുള്ളിലെ തൊലിക്കട്ടി അപാരം തന്നെ !
വർഗീയ തിമിരം ഇല്ലായിരുന്നെങ്കിൽ ജനങ്ങൾ ഒന്നടങ്കം യുപി എങ്ങിനെയെങ്കിലും കേരളം ആകട്ടെ എന്നായിരിക്കും തീരുമാനിക്കുക. സ്ഥിതി വിവര കണക്കുകൾ അറിയാനാഗ്രഹിക്കുന്ന യുപിക്കാർ അത് മനസ്സിലാക്കിയിരുന്നെങ്കിൽ……അദ്ദേഹം കുറിച്ചു
യുപി കശ്മീരോ കേരളമോ ആകാതിരിക്കാൻ ബിജെപിക്കു വോട്ടു ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആഹ്വാനം.സ്വന്തം ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് യോഗിയുടെ പരാമർശം.യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ യുപി കേരളമായി മാറിയാൽ അവിടെയുള്ളവർക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹികക്ഷേമവും ജീവിതനിലവാരവും ആസ്വദിക്കാനാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.സാമൂഹ്യജീവിതത്തിൻ്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താൻ യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.ഒട്ടേറെ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ യോഗയെ വിമർശിച്ച് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.