തമിഴ്നാട്ടിൽ അത്ര ‘നീറ്റ്’ അല്ല കാര്യങ്ങൾ

മെഡിക്കൽ പ്രവേശനത്തിന് കേന്ദ്രതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയായ ‘നീറ്റ്’ തമിഴ് നാട്ടിൽ പല സംവാദങ്ങൾക്കും തർക്കങ്ങൾക്കും വഴി വെച്ചിരുന്നു. സംസ്ഥാനത്തെ സാമൂഹിക സാഹചര്യങ്ങൾ മുൻനിർത്തി, പാവപ്പെട്ടവർക്കും ഗ്രാമീണർക്കും മെഡിക്കൽ വിദ്യാഭ്യാസം ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നതാണ് നീറ്റ് പ്രവേശന പരീക്ഷയെന്നാണ് സർക്കാരിന്റെ വാദം.

അതിനാൽ, പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്ന ബിൽ സംസ്ഥാന നിയമസഭ ഐക്യകണ്ഠേന പാസാക്കിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ ബിൽ നിയമസഭ പാസാക്കിയപ്പോൾ ഗവർണർ ആർ എൻ രവി ഒപ്പിടാതെ മടക്കി അയക്കുകയായിരുന്നു.

അന്ന് ഒട്ടേറെ വിവാദങ്ങൾക്ക് വഴി വെച്ച ഈ നടപടിക്കെതിരെ വൻ പ്രതിഷേധമായിരുന്നു ആളിക്കത്തിയത്. കേവലം പരീക്ഷാ തർക്കം എന്നതിലുപരി സംസ്ഥാനത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട തലങ്ങളിലേക്കാണ് ഇപ്പോൾ ഈ വിഷയം വന്നെത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെ വലിയൊരു വിഭാഗം സാധാരണക്കാർക്കും മെഡിക്കൽ പ്രവേശനം അന്യം നിൽക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് നീറ്റ്. ഉയർന്ന ഫീസ് നൽകി കോച്ചിംഗ് സെന്ററുകളിൽ പോകാൻ കഴിയാത്ത സാധാരണക്കാരാണ് സംസ്ഥാനത്ത് ഭൂരിഭാഗവും ഉള്ളത്.

മാത്രമല്ല, അധികാരത്തിലെത്തിയാൽ നീറ്റ് പരീക്ഷ ഒഴിവാക്കാമെന്നത് ഡി എം കെ യുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. ‘അയിത്തത്തിന്റെ ആധുനിക രൂപം’ എന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നീറ്റിനെ വിശേഷിപ്പിച്ചിരുന്നത്.

ബിൽ രണ്ടാമതും പാസായിരിക്കുന്ന സാഹചര്യത്തിൽ ഗവർണർക്ക് ഒപ്പിടുകയല്ലാതെ ഭരണഘടനാപരമായി നിർവാഹമില്ല. ഈ വിഷയത്തിൽ രാഷ്‌ട്രപതി എന്തു നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. അന്തിമ തീരുമാനം പ്രതികൂലമായില്ലെങ്കിൽ അത് തമിഴ്നാട് ജനതയെ ക്ഷുഭിതരാക്കുമെന്നതിൽ സംശയമില്ല.

മോദി സർക്കാർ രാജ്യത്തിന്റെ ഫെഡറൽ സ്വഭാവങ്ങൾ അട്ടിമറിക്കുന്നുവെന്ന യാഥാർഥ്യം അവശേഷിക്കെ, നീറ്റ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു.

ഇതിന്റെ സമീപകാലത്തെ മികച്ച ഉദാഹരണമാണ് പുതിയ കേന്ദ്രബജറ്റിൽ അവതരിപ്പിക്കപ്പെട്ട ‘ഒരു ഭൂമി, ഒരു രജിസ്‌ട്രേഷൻ’ എന്ന ആശയം. ഫെഡറൽ തത്വങ്ങളെ നിരന്തരം ലംഘിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തെ ചെറുത്തില്ലെങ്കിൽ സംസ്ഥാനങ്ങളുടെ അസ്തിത്വം വരെ തകരും.

അതിനാൽ, ഒരു നാട് മുഴുവൻ തങ്ങളുടെ അധികാരം സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കേന്ദ്രത്തോട് പട പൊരുതിയിട്ടാണെങ്കിലും സംസ്ഥാനത്തിന്റെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നത് തമിഴ് ജനത ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here