മേഘങ്ങളെ തൊട്ടൊരു റെയിൽ പാലം

മേഘങ്ങളെ തൊട്ടു നിൽക്കുന്ന റെയിൽ പാലത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. നിർമ്മാണം അവസാനഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചെനാബ് റെയിൽ പാലത്തിന്റെ ദൃശ്യം, പ്രകൃതി സൗന്ദര്യം ആഗ്രഹിക്കുന്നവർക്ക് പുതുമയുള്ള കാഴ്ചയാണ്. ഈ അംബരചുംബികളെ തേടി ഇതിനോടൊകം സഞ്ചാരികൾ എത്തികൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വിനോദ സഞ്ചാരമേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് ചെനാബ് റെയിൽ പാലം.

ചെനാബ് നദീതടത്തിൽ നിന്നും 359 മീറ്റർ ഉയരത്തിലായി, ജമ്മുകാശ്മീരിലെ റിയാസ് ജില്ലയിൽ 1315 മീറ്റർ നീളത്തിലായാണ് റെയിൽ പാലം സ്ഥിതി ചെയ്യുന്നത്. 2022 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കരുതുന്ന ഈ പാലം നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ആർച്ച് പാലമാണ്. ജമ്മുവിലെ ഉദംപൂരിനെയും കാശ്മീരിലെ ബരാമുള്ളയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 2002 ലാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചെനാബ് നദിയിലേയും സലാൽ ഡാമിലേയും ഗോർജുകളെ ഭേദിക്കുന്നതായിരുന്നു ഏറ്റവും ദുഷ്കരമായ ദൗത്യം.

കാശ്മീരിലെ അതിശൈത്യത്തെ പ്രതിരോധിക്കുവാൻ കരുത്തുള്ള ഉരുക്കാണ് ഉപയോഗിച്ചിരിക്കുന്നത്. മൈനസ് 40 വരെയുള്ള തണുപ്പിലും ഇവയ്ക്ക് പ്രഹരമേൽക്കില്ല. റിക്ടർ സ്കെയിലിൽ 8 വരെ തീവ്രതയുള്ള ഭൂകമ്പത്തേയും സ്ഫോടനങ്ങളെയും ഇവയ്ക്ക് പ്രതിരോധിയ്ക്കുവാനാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ബാംഗളൂറിന്റെ സഹായത്തോടെ ആഫ്കോൺസ് ഇൻഫ്രാസ്ട്രക്ചറാണ് ഇത് നിർമ്മിച്ചത്. സ്ഫോടനങ്ങളെ പ്രതിരോധിക്കുവാൻ പ്രത്യേകതരത്തിലുള്ള സ്റ്റീലുകൾ വിഭാവനം ചെയ്തത് ഡി ആർ ഡി ഓ (ഡിഫെൻസ് റിസർച്ച് ആൻഡ്‌ ഡെവലപ്മെന്റ് ഓർഗനൈസേഷൻ) യുടെ സഹായത്തോടെയാണ്.

1250 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഈ റെയിൽ പാലം സഞ്ചാരത്തിനു മാത്രമല്ല, വിനോദ സഞ്ചാരമേഖലയ്ക്കും പുതിയ വാതായനങ്ങൾ തുറക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News