പൊതുമരാമത്ത് വകുപ്പില്‍ പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം ഉടന്‍ നടപ്പാക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ ഓരോ പദ്ധതിയെയും കുറിച്ച് ജനങ്ങള്‍ക്ക് അറിയാനും സുതാര്യത ഉറപ്പു വരുത്താനും സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി.പി.എ മുഹമ്മദ് റിയാസ്.

അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിനും വേണ്ട ഇടപെടലുകള്‍ നടത്താനും ഗുണമേന്മ ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പാറശാല മണ്ഡലത്തില്‍ വെള്ളനാട്, കുന്നത്തുകാല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വേങ്കോട് കൊടിഞ്ഞിമൂല പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിരവധി ഇടപെടലുകളാണ് വകുപ്പ് നടത്തി വരുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വര്‍ക്കിംഗ് കലണ്ടറിന് രൂപം കൊടുത്തു വരുന്നു.

കേരളത്തിലെ വ്യത്യസ്തമായ കാലാവസ്ഥ കണക്കിലെടുത്ത് ഓരോ മാസത്തിലും ചെയ്യേണ്ട കാര്യങ്ങള്‍ കലണ്ടര്‍ അനുസരിച്ച് നടപ്പാക്കും. കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, ആസ്തികള്‍ എന്നിവയൊക്കെ നിരീക്ഷിക്കാനും പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും മണ്ഡല അടിസ്ഥാനത്തില്‍ കോണ്‍സ്റ്റിറ്റിയുന്‍സി മോണിറ്ററിംഗ് ടീമിനും രൂപം കൊടുത്തിട്ടുണ്ട്.

140 മണ്ഡലങ്ങളിലും ഒരോ ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തും. ഇങ്ങനെ പൊതുമരാമത്തുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നവീനമായ ആശയങ്ങളാണ് വകുപ്പ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.

15,000 കോടി രൂപയുടെ പശ്ചാത്തല വികസന പ്രവൃത്തികളാണ് ഇപ്പോള്‍ വിവിധ ഘട്ടങ്ങളിലുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 30 പാലം പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കി. 228.73 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.

അടുത്ത ആറു മാസത്തിനുള്ളില്‍ 22 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകും. കൂടാതെ 21 പാലങ്ങള്‍ പുതുതായി നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. 15000 കിലോമീറ്റര്‍ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ ഉയര്‍ത്താനുള്ള പദ്ധതിയും തയ്യാറായി വരുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

വേങ്കോട് പാലത്തിന്റെ ശിലാസ്ഥാപനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. 3.10 കോടി രൂപ അടങ്കലില്‍ നിര്‍മിക്കുന്ന പാലത്തിന് 11 മീറ്റര്‍ വീതിയും 8.45 മീറ്റര്‍ നീളവുമുണ്ടാകും. മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ്, പാലം പണി പൂര്‍ത്തിയായാലുടന്‍ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും തമിഴ്‌നാടുമായുള്ള വാണിജ്യ വ്യാപാര മേഖലയിലെ മുഖ്യ പാതയായി ഇത് മാറുമെന്നും സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാല്‍കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം അന്‍സജിത റസ്സല്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്.വിനോദ് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.സജീവ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.പി വിഷ്ണു തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News