യാതൊരുവിധ കൂടിയാലോചനയുമില്ലാതെ അനന്തപുരി എഫ്എം സ്റ്റേഷന്റെ പേര് ‘വിവിധ് ഭാരതി മലയാളം’ എന്ന് മാറ്റി ; ജോൺ ബ്രിട്ടാസ് എം പി

ഓൾ ഇന്ത്യ റേഡിയോയുടെ കീഴിൽ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന അനന്തപുരി എഫ്എമ്മിന്റെ പേര് മാറ്റിയ നടപടിയേയും മലയാളം പ്രക്ഷേപണ സമയ ദൈർഘ്യത്തിൽ കുറവ് വരുത്തി ഹിന്ദി പരിപാടികൾ ഉൾപ്പെടുത്തിയ നടപടിയേയും നിശിതമായി വിമർശിച്ചുകൊണ്ട് പ്രസ്തുത നടപടികൾ അടിയന്തരമായി പിൻലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും പ്രസാർഭാരതി സിഇഒയ്ക്കും കത്തുകളയച്ചു.

കേരളത്തിൽ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന അനന്തപുരി എഫ്എം സ്റ്റേഷന്റെ പേരും പരിപാടികളുടെ ഉള്ളടക്കവും ഒരു സുപ്രഭാതത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ തികച്ചും ഏകപക്ഷീയമായും സ്വേച്ഛാധിപത്യപരമായും ഡൽഹിയിൽ നിന്നുള്ള ഉന്നതരുടെ നിർദ്ദേശപ്രകാരം മാറ്റുകയായിരുന്നു.

കേരളത്തിന്റെ തലസ്ഥാന ജില്ലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന എഫ്എം സ്റ്റേഷൻ എന്ന നിലയിൽ തലസ്ഥാനത്തിന്റെ തന്നെ പ്രചുര പ്രചാരത്തിലുള്ള മറ്റൊരു പേരായ അനന്തപുരി എന്ന നാമമാണ് എഫ്എം സ്റ്റേഷന് നൽകിയിരുന്നതെങ്കിലും ഇപ്പോൾ യാതൊരുവിധ കൂടിയാലോചനയുമില്ലാതെയാണ് ആയത് ‘വിവിധ് ഭാരതി മലയാളം’ എന്നാക്കി മാറ്റിയത്.

ശ്രോതാക്കളുടെയോ ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയോ അഭിപ്രായം പോലും ആരായാതെ കഴിഞ്ഞ ഏതാനും നാളുകളായി പരിപാടികളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തി മലയാളം പരിപാടികളുടെ സ്ഥാനത്ത് ഹിന്ദി പരിപാടികൾ കുത്തിത്തിരുകി ഏകപക്ഷീയമായും രഹസ്യാത്മകമായും വരുത്തിയ മാറ്റം സ്ഥിരം ശ്രോതാക്കളെ ഈ സ്റ്റേഷൻ കേൾക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്.

ഇത്തരം നടപടികൾ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിനും ബഹുസ്വരതയ്ക്കും എതിരാണ്. രാജ്യത്ത് നിലവിലുള്ള ഭാഷാ സാംസ്കാരിക സാമൂഹിക വൈവിധ്യങ്ങളെ അടിച്ചമർത്തി ഏകശിലാഘടനയിലുള്ള ഒരു കേന്ദ്രീകൃത ഭരണശൈലി കൊണ്ടുവരുന്നതിനുള്ള വിപുലമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇപ്രകാരമുള്ള പ്രാദേശിക ചാനലുകളിലും പരിപാടികളിലും ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തി ഹിന്ദിക്ക് പ്രാമുഖ്യം നൽകാൻ ശ്രമിക്കുന്നത്.

രാജ്യത്തെ ഭാഷാ, സാംസ്കാരിക വൈവിധ്യങ്ങളും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായാണ് ഓൾ ഇന്ത്യ റേഡിയോയുടെ കീഴിൽ പ്രാദേശിക എഫ്എം സ്റ്റേഷനുകൾ ആരംഭിച്ചിരുന്നത്. എന്നാൽ ഈ അടിസ്ഥാന ആശയത്തിന്റെ കടയ്ക്കൽ തന്നെ കത്തി വെക്കുന്ന നടപടിയാണ് ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോ ആസ്ഥാനത്തു നിന്നും ഉണ്ടായിരിക്കുന്നത്.

പ്രാദേശിക എഫ്എം ചാനലുകളുടെ അടിസ്ഥാനപരമായ നയങ്ങളിൽ മാറ്റം വരുത്തുമ്പോൾ ശ്രോതാക്കളുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും സംസ്ഥാന സർക്കാരുകളുടെയും അഭിപ്രായം തേടുക എന്ന ജനാധിപത്യ മര്യാദ പോലും പാലിക്കാതെയാണ് ഇപ്രകാരം രഹസ്യാത്മകവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്.

ഇപ്രകാരം ബന്ധപ്പെട്ടവരെ പൂർണമായും ഇരുട്ടിൽ നിർത്തിക്കൊണ്ട് എടുത്ത തീരുമാനം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഫെഡറലിസത്തിനേയും ബഹുസ്വരതയേയും സാംസ്കാരിക ഭാഷാവൈവിധ്യങ്ങളേയും തകർക്കുന്ന നടപടിയാണ്. ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റും പ്രസാർഭാരതിയും വേണ്ട തിരുത്തൽ നടപടികൾ എത്രയും വേഗം കൈക്കൊള്ളുമെന്ന് എംപി പ്രത്യാശ പ്രകടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News