ധീരജിന്റെ കൊലപാതകം; ഇടുക്കിയില്‍ യു.ഡി.എഫിന് തിരിച്ചടി, മൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൂടി എല്‍.ഡി.എഫിനൊപ്പം

എസ്.എഫ്.ഐ നേതാവ് ധീരജിന്റെ അരും കൊലക്കെതിരെയുള്ള ജനവികാരം ഇടുക്കിയില്‍ യു.ഡി.എഫിന് തിരിച്ചടിയാകുന്നു. കൊലപാതകസംഭവത്തിന് പിന്നാലെ ജില്ലയില്‍ മൂന്ന് തദ്ദേശഭരണസ്ഥാപനങ്ങളില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. നേതൃത്വത്തിന്റെ കൊലക്കത്തി രാഷട്രീയത്തില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ഭരണമാറ്റത്തിന് വഴിതുറന്നത്. ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലിയുടെ സ്വന്തം നാടായ മണിയാറന്‍കുടിയില്‍ നിന്നും 42 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സി.പി.എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

യു.ഡി.എഫിന് ഭരണമുണ്ടായിരുന്ന വാത്തിക്കുടി, കുടയത്തൂര്‍ പഞ്ചായത്തുകളിലും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലുമാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയത്. മൂന്നിടങ്ങളിലും പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന അംഗങ്ങള്‍ രാജി വെച്ച് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊലക്കത്തി രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കുന്നതെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. ഇതോടെ ഇടുക്കിയിലെ 52 പഞ്ചായത്തുകളില്‍ 32ലും എല്‍.ഡി.എഫ് അധികാരത്തിലെത്തി. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചിലും എല്‍.ഡി.എഫ്. ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊലപ്പെടുത്തി ഒരുമാസം പിന്നിടുന്നതിനിടെയാണ് അപ്രതീക്ഷിത ഭരണമാറ്റം.

ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയുടെ നാടായ മണിയാറന്‍കുടിയില്‍ നിന്നും 42 കുടുംബങ്ങള്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എം മണിയുടെ നേതൃത്വത്തിലാണ് ഈ കുടുംബങ്ങളെ സി.പി.എമ്മിലേക്ക് സ്വീകരിച്ചത്.

ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ എട്ട് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ക്ക് ഒളിവില്‍ പോകാനും താമസിക്കാനും സഹായമൊരുക്കിയവര്‍, കേസുമായി മറ്റു തരത്തില്‍ ബന്ധമുള്ളവര്‍ തുടങ്ങിവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ പ്രതികള്‍ക്ക് നിയമസഹായമൊരുക്കുന്നത് ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഭിഭാഷകരാണ്. പ്രതികള്‍ക്കെതിരെ ഒരു തരത്തിലുമുള്ള അച്ചടക്ക നടപടികള്‍ നേതൃത്വം സ്വീകരിച്ചിട്ടില്ല. ധീരജിന്റെ കൊലപാതകം കാഷ്വല്‍ സംഭവമെന്ന് വിശദീകരിച്ച ഡി.സി.സി പ്രസിഡന്റ് കൊലപാതകികള്‍ക്ക് എല്ലാ പിന്തുണയും പരസ്യമായി വാഗ്ദാനം ചെയ്യുന്നു. ധീരജിന്റെ കൊലപാതകികളെ തള്ളിപ്പറഞ്ഞ് ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്ും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News