വിടുവായിത്തത്തിന് കുറവില്ല; യു പി ജനത മരിച്ചു വീഴുന്നു; കണക്കുകൾ പൂഴ്ത്തിവച്ച് യോഗി

ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും കശ്മീരും ബംഗാളും പോലെയാകും എന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും നല്ല തമാശയായിട്ടാണ് സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. യോഗിയുടെ പ്രസ്ഥാവന നടന്ന് രണ്ടു ദിവസം കഴിഞ്ഞില്ല അതിനേ മുന്നെ യോഗിക്ക് മറുപടിയെന്നോണം കിട്ടി നല്ലകിടുക്കന്‍ പണി. കിഴക്കന്‍ യൂപി യില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നടത്തിയ പഠനം. 2020 ജനുവരി മുതല്‍ 2021 ആഗസ്റ്റ് വരെ കിഴക്കന്‍ യുപിയില്‍ നിരവധിപേര്‍ മരിച്ചു. യുപിയില്‍ 14 ലക്ഷം മരണമെങ്കിലും കൊവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ടാകും എന്നാണ് പഠനം പറയുന്നത്. എന്നാല്‍ യൂപിയുടെ ഔദ്യോഗിക മരണ കണക്ക് 23000 മാത്രമാണ്.

മൂന്ന് വര്‍ഷം മുന്‍പ് യോഗി കേരളത്തിലൂടെ കടന്നു പോകുമ്പോള്‍ ആരോഗ്യരംഗത്ത് കേരളം യു.പിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞിരുന്നു. അന്ന്’ഇന്ത്യാ ടു ഡെ’പോലുള്ള മാധ്യമങ്ങള്‍ നമ്മുടെ ജില്ലാതല ആശുപത്രിയും ഗോരഖ്പൂരിലെ മെഡിക്കല്‍ കോളേജും താരതമ്യം ചെയ്ത് യു.പിയുടെ ആരോഗ്യരംഗത്തെ പോരായ്മകള്‍ നിരത്തി കണക്കിന് മറുപടി പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ പിടഞ്ഞു മരിക്കുന്നതും കുട്ടികളുടെ കൂട്ടമരണങ്ങളും കൊവിഡ് ബാധിതരുടെ മുതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്നതുമെല്ലാം യു.പിയില്‍ നിന്നുള്ള വാര്‍ത്തകളായി വന്നത്.

‘നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം (മള്‍ട്ടി ഡയമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ്) രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രര്‍ ഉള്ള സംസ്ഥാനം കേരളമാണ്. നീതി ആയോഗിന്റെ തന്നെ 2020-21ലെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്. കേരളത്തില്‍ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. കേരളത്തില്‍ 97.9% സ്ത്രീകള്‍ സാക്ഷരര്‍ ആണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്. വികസിതരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ക്കൊപ്പം നില്‍ക്കുന്ന കണക്കാണത്.’

‘2019-20ലെ നീതി ആയോഗ് ആരോഗ്യസൂചികയില്‍ കേരളത്തിന്റെ ഹെല്‍ത്ത് ഇന്‍ഡക്സ് സ്‌കോര്‍ 82.2 ആണ്. 2021ലെ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഭരണനിര്‍വഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളമാണ്. ഇത്തരത്തില്‍ സാമൂഹ്യജീവിതത്തിന്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താന്‍ യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണം. കാരണം ബിജെപിയുടേത് അത്തരം പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്‌കരിക്കുന്നതും വിദ്വേഷത്തില്‍ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് എല്ലാ സൂചികകളിലും കേരളത്തിന്റെ നിലവാരത്തിലേക്കെത്തിയാല്‍ നമ്മുടെ രാജ്യത്തിന്റെ തന്നെ നിലവാരം വികസിത രാജ്യങ്ങള്‍ക്കൊപ്പമാകും എന്നു മനസ്സിലാക്കാന്‍ കഴിയാത്ത സഹതാപാര്‍ഹമായ പിന്തിരിപ്പന്‍ രാഷ്ട്രീയമാണത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ ആഗ്രഹിക്കുന്നത് കേരളത്തെ യുപിയെ പോലെ ആക്കാന്‍ ആണ്. വര്‍ഗീയരാഷ്ട്രീയത്തിനു വളരാന്‍ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീര്‍ത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ടു തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണ്. അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ പുറത്തു വന്നത്.”

‘ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണ നേട്ടങ്ങള്‍ അക്കമിട്ടു പറഞ്ഞും കൃത്യമായ പ്രകടന പത്രിക മുന്‍നിര്‍ത്തിയുമാണ്. അതാണ് ശരിയായ രാഷ്ട്രീയ സമീപനം. അങ്ങനെ പറയാന്‍ സാധിക്കാത്തതു കൊണ്ടോ ജനങ്ങളുടെ രോഷം ഭയന്നോ ആകാം കേരളത്തിന് നേരെ ആക്ഷേപമുന്നയിക്കാന്‍ അദ്ദേഹം തയ്യാറായത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആര്‍ജിക്കാന്‍ തക്ക ‘ശ്രദ്ധക്കുറവു’ണ്ടാകട്ടെ എന്ന് ആശിക്കുന്നു.”-മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളിലും പുറത്തു വിട്ട കണക്കുകളില്‍ എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ഉയര്‍ന്ന ജീവിത നിലവാരം, മാനവിക വികസന സൂചികകള്‍ എന്നിങ്ങനെ വിവിധ സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഈ സൂചികകളില്‍ ഏറ്റവും ഒടുവിലെ സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് യു.പി എന്നിട്ടും ഇത്തരത്തിലുള്ള പ്രസ്ഥാവനകള്‍ ഒരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവാനും വേണം ചങ്കൂറ്റം

മിസ്റ്റര്‍ യോഗി ആദിത്യനാഥ് ഓര്‍ക്കുക സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല താങ്കള്‍. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്. മറ്റു സംസ്ഥാനങ്ങളെ ചുമ്മാ വായില്‍ തോന്നുന്നതു പോലെ ഓരോന്ന് വിളിച്ചു പറഞ്ഞാല്‍ വരുന്ന പ്രത്യാഘാതം അതി ഭീകരമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News