കടല്‍ കടക്കാൻ ടി-ക്രോസ് ; ഫോക്‌സ്‌വാഗണ്‍ കയറ്റുമതി ആരംഭിച്ചു

വാഹന പ്രേമികള്‍ക്ക് പ്രീയപ്പെട്ട കാറുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍.  ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ആരംഭിച്ചു ക‍ഴിഞ്ഞു. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ചകാനിലെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പ്ലാന്റില്‍ നിര്‍മിച്ച ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് മുംബൈയിലെ പോര്‍ട്ടില്‍നിന്ന് മെക്‌സികോയിലേക്ക് കയറ്റി അയച്ചു. ടി-ക്രോസിന്റെ ആദ്യ ബാച്ചായി 1232 വാഹനങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

ഇന്ത്യന്‍ നിരത്തുകളില്‍ ഫോക്‌സ്‌വാഗണ്‍ എത്തിച്ചിട്ടുള്ള ടൈഗൂണ്‍ എന്ന വാഹനമാണ് ടി-ക്രോസ് എന്ന പേരില്‍ കടല്‍ കടക്കുന്നത്. ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MQB A0 IN പ്ലാറ്റ്‌ഫോമിലാണ് ടി-ക്രോസും ഒരുങ്ങിയിട്ടുള്ളത്. ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന ആദ്യ മോഡലാണിതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. സൗത്ത് ആഫ്രിക്ക, സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്.

ലോകരാജ്യങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണ്. ആഗോളതലത്തില്‍ ഫോക്‌സ്‌വാഗണിന്റെ ഒരു കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. ആഗോള നിലവാരത്തിലുള്ള വാഹനങ്ങളാണ് ഇന്ത്യയിലും ഞങ്ങള്‍ നിര്‍മിക്കുന്നത്. വിദേശ നിരത്തുകള്‍ക്കായി MQB A0 IN പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഈ ടി-ക്രോസ് സാങ്കേതികവിദ്യയുടെയും ഗുണനിലവാരത്തിന്റെയും പ്രകടനത്തിന്റെയും ഉദ്ദാഹരണമാണെന്നും ഫോക്‌സ്‌വാഗണ്‍ അവകാശപ്പെട്ടു.

2011-ല്‍ ദക്ഷിണാഫ്രിക്കന്‍ വിപണികളിലേക്ക് വെന്റോ കയറ്റി അയച്ചാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി ആരംഭിച്ചത്. വെന്റോയുടെ 6256 യൂണിറ്റാണ് അന്ന് കയറ്റുമതി ചെയ്തത്. ഇതിനുശേഷം സൗത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ജി.സി.സി, രാജ്യങ്ങള്‍, കരീബിയന്‍ മേഖല തുടങ്ങി 61 രാജ്യങ്ങളിലേക്ക് ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

2021 ഡിസംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയില്‍നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കായി 5,45,653 കാറുകളാണ് ഫോക്‌സ്‌വാഗണ്‍ കയറ്റുമതി ചെയ്തിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ടി-ക്രോസ് കയറ്റി അയച്ച മെക്‌സിക്കോ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പ്രധാന വിപണിയാണ്. ഇതിനുപുറമെ ദക്ഷിണാഫ്രിക്ക, കൊളംബിയ, ഇക്വഡോര്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ ഗ്രൂപ്പ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News