കൊവിഡ് പരിശോധനക്ക് മാക്രോണ്‍ സമ്മതിച്ചില്ല : 20അടി അകലെ ഇരുത്തി പുടിൻ

യുക്രൈനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തിയത്.കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു നീളന്‍ മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്.


റഷ്യയില്‍ എത്തിയാല്‍ കൊവിഡ് പരിശോധനയ്ക്ക് വിധയമാകണമെന്ന ആവശ്യം മക്രോണ്‍ നിരസിച്ചതിനെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാനാണ് ഇരുവരും 20 അടി അകലെയായി ഇരിക്കേണ്ടി വന്നത്. റഷ്യയിലെത്തി കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ പ്രസിഡന്റിന്റെ ഡിഎന്‍എ ഘടന അവര്‍ മനസ്സിലാക്കുമെന്ന സംശയത്തിലാണ് ഫ്രഞ്ച് അധികൃതര്‍ പരിശോധനയ്ക്കു വിസമ്മതിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുനേതാക്കളും 20 അടി അകലെയിരുന്നു ചര്‍ച്ച നടത്തുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ അതീവ ചര്‍ച്ചാവിഷയമായി മാറി. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം എത്തിയ കസാഖിസ്ഥാന്‍ പ്രസിഡന്റുമായി ചെറിയ മേശയിലാണ് പുടിന്‍ ചര്‍ച്ച നടത്തിയത്. ഇതോടെ പുടിന്‍-മക്രോണ്‍ ചര്‍ച്ചയിലെ ‘മേശ’ താരമായി മാറി. ഇതിനെ തുടര്‍ന്ന് നെടുനീളന്‍ മേശക്ക് പിന്നിലെ രഹസ്യവുമായി റഷ്യ രംഗത്തു വന്നിരുന്നു.

കൊവിഡ് പരിശോധനക്ക് മക്രോണ്‍ തയാറാകാത്തതാണ് ഇത്തരത്തില്‍ ചര്‍ച്ച നടത്തേണ്ടി വന്നതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെക്സോവ് പറഞ്ഞു. ആതിഥേയരുമായി സഹകരിക്കാതെ ചിലര്‍ക്ക് മാത്രമാണ് ഇത്തരം രീതികള്‍ പിന്തുടരുക. കൊവിഡ് വ്യാപന പശ്ചാത്തത്തില്‍ തങ്ങളുടെ പ്രസിഡന്റിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കൂടൂതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ദിമിത്രി വ്യക്തമാക്കി. മാത്രമല്ല, മുന്‍ നയതന്ത്ര ചര്‍ച്ചകളില്‍ പുടിന്‍ അടുത്തടുത്തായി ഇരിക്കാറുണ്ടെന്നും കൈ കൊടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

69കാരനായ പുടിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് റഷ്യന്‍ ഭരണകൂടം പാലിക്കുന്നത്. റഷ്യന്‍ നിര്‍മിത കൊവിഡ് വാക്സിനായ സ്പുട്നിക് ഫൈവാണ് ഇദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. മോസ്‌കോയില്‍ പലയിടത്തും സാമൂഹിക അകലം പാലിക്കുന്നതില്‍ ഇളവുണ്ടെങ്കിലും പുടിന്‍ ഇവയെല്ലാം കര്‍ശനമായി പാലിക്കുന്നുണ്ട്.

യുക്രൈന്‍-റഷ്യ പ്രതിസന്ധി രൂക്ഷമാകുന്നത് തടയാനുള്ള ശ്രങ്ങളുടെ ഫലമായാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഏകദേശം 5 മണിക്കൂര്‍ നീണ്ടു. അതേസമയം, യുക്രൈനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ നടത്തുന്ന പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാല സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നയതന്ത്ര ശ്രമങ്ങളിലൂടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ ആദ്യ പ്രസ്താവനയാണിത്….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here