15 ലക്ഷം മോദി തരുമെന്ന് കരുതി വീടുവച്ച കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി…..

അപ്രതീക്ഷിതമായി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ വന്ന പണം പ്രധാനമന്ത്രി നല്‍കിയതാണെന്ന് കരുതി വീട് പണിയാന്‍ ഉപയോഗിച്ച കര്‍ഷകന്‍ വെട്ടിലായി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലുള്ള പൈത്തന്‍ താലൂക്കിലെ കര്‍ഷകന്‍ ജ്ഞാനേശ്വര്‍ ഒതേയാണ് വീട് നിര്‍മിച്ച് കുരുക്കിലായത്.

2021 ഓഗസ്റ്റിലാണ് കര്‍ഷകനായ ജ്ഞാനേശ്വര്‍ ഒതേയുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയാണെന്നാണ് അദ്ദേഹം കരുതിയത്. നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരു കത്തയക്കുക കൂടി ചെയ്തിരുന്നു ജ്ഞാനേശ്വര്‍.

ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടില്‍ വന്ന 15 ലക്ഷം രൂപയില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വീട് പണിയുന്നതിനായി പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ആറ് മാസത്തിനിപ്പുറം പിന്‍വലിച്ച കാശ് തിരികെ അടയ്ക്കണമെന്ന് ബാങ്ക് നോട്ടീസാണ് ജ്ഞാനേശ്വറിന് ലഭിച്ചത്. അബദ്ധത്തിലാണ് താങ്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ടതെന്നും പിന്‍വലിച്ച തുക മുഴുവനായും തിരിച്ചടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു.

വികസന ആവശ്യങ്ങള്‍ക്കായി പിംപല്‍വാടി ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ച തുകയാണ് അക്കൗണ്ട് മാറി ജ്ഞാനേശ്വറിന്റെ അക്കൗണ്ടിലേക്കെത്തിയത്. മാസങ്ങള്‍ക്കുശേഷം ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് പണം തെറ്റായ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയത്. അക്കൗണ്ടില്‍ ബാക്കിയുള്ള ആറ് ലക്ഷം രൂപ ബാങ്കിന് തന്നെ തിരികെ നല്‍കി. എന്നാല്‍ വീട് നിര്‍മ്മാണത്തിനായി പിന്‍വലിച്ച ഒമ്പതുലക്ഷം തിരിച്ചടയ്ക്കാനായിട്ടില്ലെന്ന് ജ്ഞാനേശ്വര്‍ പറയുന്നു.

സമാനമായ ഒരു സംഭവം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബിഹാറിലെ പട്നയിലും നടന്നിരുന്നു. ബാങ്കിന് സംഭവിച്ച പിഴവ് കാരണം അക്കൗണ്ടിലെത്തിയ അഞ്ചര ലക്ഷം രൂപ തിരികെ നല്‍കില്ലെന്നും അത് പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും വ്യക്തമാക്കി അക്കൗണ്ട് ഉടമയും ബാങ്കും തമ്മില്‍ തര്‍ക്കമായി. ബിഹാറിലെ ഖഗാരിയ ജില്ലയില്‍ നിന്നുള്ള രഞ്ജിത് ദാസ് എന്നയാളാണ് അബദ്ധവശാല്‍ അക്കൗണ്ടിലെത്തിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന് ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിത് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News