ഗൂഗിള്‍ ആന്‍ഡ്രോയിഡ് 13 ന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറക്കി

ആന്‍ഡ്രോയിഡ് 13 ന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തിറക്കി.ആന്‍ഡ്രോയിഡ് ആപ്പുകളുടെയും അനുബന്ധ സേവനങ്ങളുടെയും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായും ആപ്പുകള്‍ പുതിയ ഓഎസിന് അനുസരിച്ച് പരിഷ്‌കരിക്കുന്നതിനും വേണ്ടിയാണ് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രിവ്യൂ ഡെവലപ്പര്‍മാര്‍ക്കായി പുറത്തിറക്കിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 12 ഇതുവരെയും മിക്ക ഫോണുകളിലും എത്തിയിട്ടില്ല.

പൂര്‍ണരൂപത്തില്‍ എത്തിയിട്ടില്ലാത്ത ഓഎസ് പതിപ്പായതിനാല്‍ ഇതിന് പ്രശ്‌നങ്ങള്‍ ഏറെയുണ്ടാവും. എന്നാല്‍ ക്രമേണ ഇവയെല്ലാം പരിഹരിച്ച ശേഷമേ അന്തിമ പതിപ്പ് പുറത്തിറക്കുകയുള്ളൂ.

ആന്‍ഡ്രോയിഡ് 12 ല്‍ നിന്നും കാഴ്ചയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സൂചന. തീമുകളിലും സ്വകാര്യത ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങളുണ്ട്.

ഇതിലെ പുതിയ ഫോട്ടോ പിക്കര്‍ സംവിധാനമാണ് ശ്രദ്ധേയം. ആപ്പുകള്‍ക്ക് മീഡിയാ ഫയലുകളിലേക്കുള്ള അനുവാദം നല്‍കാതെ തന്നെ ഫോട്ടോകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനമാണിത്. ആപ്പുകള്‍ക്ക് തിരഞ്ഞെടുത്ത ഫോട്ടോകളിലേക്കും വീഡിയോകളിലേക്കുമാണ് പ്രവേശനം ലഭിക്കുക. ഇതിനായി പുതിയ ഫോട്ടോ പിക്കര്‍ എപിഐ ആപ്പുകള്‍ക്ക് ലഭ്യമാക്കും.

തീംഡ് ആപ്പ് ഐക്കണ്‍ സംവിധാനമാണ് മറ്റൊരു പ്രധാന മാറ്റം. ഇതുവഴി വാള്‍പേപ്പറിനും തീമിനും അനുസരിച്ച് ആപ്പ് ലോഗോകളില്‍ മാറ്റം വരുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇത് എല്ലാ ആപ്പുകള്‍ക്കും ബാധകമാവുകയും ചെയ്യും. ഇതിന് വേണ്ടി ഡെവലപ്പര്‍മാര്‍ ആപ്പുകള്‍ക്കൊപ്പം മോണോക്രോമാറ്റിക് ആപ്പ് ഐക്കണും നല്‍കേണ്ടി വരും. ഇതുവഴി ഐക്കണുകളുടെ നിറങ്ങള്‍ ഡിസൈനിനനുസരിച്ച് ക്രമീകരിക്കാന്‍ ഫോണിനാവും.

തീമുകള്‍ക്കനുസരിച്ച് ഗൂഗിള്‍ ആപ്പ് ലോഗോകള്‍ മാറുന്നതിന് സമാനമാണ് ഈ സംവിധാനം. ഇത് പക്ഷെ എല്ലാ ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കും ബാധകമാവും.

ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ആന്‍ഡ്രോയിഡ് 13 ന്റെ കൂടുതല്‍ പ്രിവ്യൂ റിലീസുകള്‍ ഉണ്ടാകും. ഏപ്രിലില്‍ ബീറ്റാ പതിപ്പുകള്‍ പുറത്തിറക്കിത്തുടങ്ങും. ജൂണിലോ ജൂലായിലോ ആന്‍ഡ്രോയിഡ് 13 ന്റെ അന്തിമ പതിപ്പ് പുറത്തിറക്കിയേക്കും. എന്തായാലും ഇത് ഫോണുകളിലേക്ക് എത്താന്‍ അതിലുമേറെ സമയമെടുക്കും. ആന്‍ഡ്രോയിഡിലെ 12 തന്നെ ഇതുവരെയും പല ഫോണുകളിലും എത്തിയിട്ടില്ല.

നിലവില്‍ പിക്‌സല്‍ സീരീസ് ഫോണുകളിലാണ് ആന്‍ഡ്രോയിഡ് 13 ന്റെ ആദ്യ പ്രിവ്യൂ പ്രവര്‍ത്തിക്കുക. പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ, പിക്‌സല്‍ 5എ 5ജി, പിക്‌സല്‍ 5, പിക്‌സല്‍ 4എ 5ജി, പിക്‌സല്‍ 4എ, പിക്‌സല്‍ 4എക്‌സ്എല്‍, പിക്‌സല്‍ 4 എന്നിവയില്‍ പ്രിവ്യൂ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here