തട്ടുകടയിൽ വാറ്റ്; മൂവാറ്റുപുഴയിൽ 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

തട്ടുകടയോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം എക്സൈസ് പിടികൂടി. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട തട്ടുകട ഉടമക്കായി അന്വേഷണം ആരംഭിച്ചു.

കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡരികിലെ തട്ടുകടയായിരുന്നു വാറ്റു കേന്ദ്രം. പാലക്കുഴ പഞ്ചായത്തിലെ ഉപ്പുകണ്ടം ഭാഗത്ത് പാമ്പാക്കുട ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആണ് ആണ് തട്ടുകട പ്രവർത്തിച്ചിരുന്നത്. തട്ടുകടയുടെ അടുക്കള പ്രവർത്തിച്ചിരുന്ന ഭാഗത്ത് രണ്ട് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസമയങ്ങളിൽ ആളുകൾ വന്നു പോകുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു കെട്ടിടം. തട്ടുകടയിൽ നടത്തിയ പരിശോധനയിൽ 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.

തട്ടുകടയുടെ മുന്നിൽ എത്തിയപ്പോൾ കട നടത്തിയിരുന്ന ഗിരീഷ് കുമാർ എന്നയാളും സഹായിയും സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി എക്സൈസ് ഇൻസ്പെക്ടർ റോയി എം. ജേക്കബ് പറഞ്ഞു. സ്കൂട്ടർ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും.

പൂട്ടിയിരുന്ന മുറിയുടെ വാതിൽ തകർത്താണ് എക്സെസ് സംഘം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചത്. ഒറ്റപ്പെട്ട കെട്ടിടങ്ങളും, അടഞ്ഞുകിടക്കുന്ന മുറികളും രഹസ്യമായി നിരീക്ഷിക്കാൻ ലഭിച്ച നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News