സൗന്ദര്യം കൂട്ടാം….ചുളിവുകളും പാടുകളും മാറ്റാം

എപ്പോ‍ഴും സൗന്ദര്യത്തോടെ ഇരിക്കാനാണ് ആണും പെണ്ണും ഒരേ പോലെ ആഗ്രഹിക്കുന്നത്.കൈയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിത്തേയ്ക്കുന്നവരുടെ എണ്ണം ചെറുതല്ല.

പ്രായത്തെ ചെറുക്കാനുള്ള ചർമസംരക്ഷണം ഇരുപതുകളുടെ അവസാനം തന്നെ ചെയ്തു തുടങ്ങുന്നതാണ് നല്ലത്. കാരണം ഈ പ്രായത്തിൽ തന്നെ ചർമത്തിനു പ്രായമേറുന്നതിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നു. നമ്മൾ ശ്രദ്ധിക്കുന്നില്ലെങ്കിലും. ചുളിവുകൾ, ചർമത്തിൽ വരൾച്ച, കറുത്തപാടുകൾ മുതലായവ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു.

∙ ചർമസംരക്ഷണത്തിന് അടിസ്ഥാനമായത് നാലു കാര്യങ്ങളാണ്. ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ്, സൺപ്രൊട്ടക്ഷൻ. ഇതു നിത്യവും ചെയ്യണം. നിങ്ങളുടെ ചർമത്തിന്റെ സ്വഭാവമനുസരിച്ചു വേണം ഇതിനുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കേണ്ടത്. ചർമം എണ്ണമയമുള്ളതാണോ അല്ലാത്തതാണോ എന്നു നോക്കി ഏറ്റവും വിശ്വാസ്യതയുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുക.

∙ ക്ലെൻസിങ് ചർമത്തിലെ അഴുക്ക് നീക്കുന്നു. ഫെയ്സ് വാഷോ ക്ലെൻസിങ് മിൽക്കോ ഉപയോഗിച്ച് ചർമം വൃത്തിയാക്കുക. ഒരിക്കലും മുഖചർമം അമർത്തി തുടയ്ക്കരുത്.

∙ ടോണിങ്ങിനുള്ള ഉൽപന്നങ്ങളിൽ ആൽക്കഹോൾ അടങ്ങിയിരിക്കും. അതിനാൽ വരണ്ട ചർമമാണെങ്കിൽ സ്കിൻ ടോണർ ഉപയോഗിക്കേണ്ടതില്ല.

∙ കുളികഴിഞ്ഞ് മോയിസ്ചറൈസിങ് ക്രീം ദേഹം മുഴുവനും പുരട്ടുക. കറ്റാർവാഴ (ആലോവേര) അടങ്ങിയ ക്രീമുകളാണ് ഏറ്റവും നല്ലത്.

∙ സൺ പ്രൊട്ടക്ഷൻ ക്രീം പതിവായി ഉപയോഗിക്കുന്നതാണ് പ്രായമാകുന്നതിനെ തടയാനുള്ള ഏറ്റവും പ്രധാനകാര്യം. രാവിലെ പുറത്തുപോകുമ്പോൾ മോയിസ്ചറൈസർ പുരട്ടിയ ശേഷം സൺ സ്ക്രീൻ തേയ്ക്കുക.

മുഖം, കഴുത്ത്, കൈകൾ… ഇങ്ങനെ വെയിലേൽക്കുന്ന ഭാഗങ്ങളിലെല്ലാം സൺ സ്ക്രീൻ പുരട്ടണം. എസ് പി എഫ് 30 എങ്കിലും അടങ്ങിയ ക്രീമാവണം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നതാണ് നല്ലത്. ജെൽ ബേസ്ഡ് (വാട്ടർ ബേസ്ഡ്) സൺ സ്ക്രീൻ വേണം ഉപയോഗിക്കാൻ. 2-3 മണിക്കൂർ കൂടുമ്പോൾ ക്രീം പുരട്ടണം. സൺസ്ക്രീൻ തേച്ച ശേഷമേ മേക്കപ്പ് ചെയ്യാവൂ.

∙ കൈകൾ ഇടയ്ക്കിടെ കഴുകുന്നത് കൈകളുടെ മോയിസ്ചറൈസേഷൻ നഷ്ടപ്പെടുത്തുന്നു. എപ്പോൾ കൈ കഴുകിയാലും കൈകളിൽ മോയിസ്ചറൈസർ പുരട്ടുക.

∙ കൺതടങ്ങളിലെ കറുപ്പാണ് പ്രായത്തിന്റെ അടയാളം. കറുപ്പ് വരാൻ കാരണമെന്താണെന്ന് കണ്ടുപിടിച്ച് അതു പരിഹരിക്കണം. ജനിതകകാരണം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്… പല കാരണങ്ങളാൽ കറുപ്പ് വരാം. കൺതടങ്ങളിലെ കറുപ്പകറ്റാൻ ചില സംരക്ഷണമാർഗങ്ങളുണ്ട്. കണ്ണുകൾ അടച്ച് മുകളിൽ നനച്ച ടീ ബാഗ് വച്ച് 10 മിനിറ്റ് വിശ്രമിക്കുക. വെള്ളരിക്കാനീര് പുരട്ടുക. വൈറ്റമിൻ ഇ അടങ്ങിയ അണ്ടർ ഐ ക്രീമോ, ബദാം ഓയിലോ, വൈറ്റമിൻ ഇ ഗുളിക പൊടിച്ചത് ബദാം ഓയിലിൽ ചാലിച്ചതോ പുരട്ടുക.

∙ ആഴ്ചയിൽ 2 ദിവസം എണ്ണ തേച്ചു കുളിക്കുക.

∙ രാത്രി കിടക്കും മുമ്പ് കൈകളും പാദങ്ങളും വൃത്തിയാക്കി കഴുകി തുടച്ച് ആന്റി റിങ്കിൾ ക്രീം പുരട്ടുക.

∙ ആഴ്ചയിലൊരിക്കൽ പലതരം പഴങ്ങൾ അരിഞ്ഞ് മിക്സിയിലരച്ച് മുഖത്ത് 20 മിനിറ്റ് നേരം ഫേസ്പാക്ക് ഇടുക. മാസത്തിലൊരിക്കൽ ഫ്രൂട്ട് ഫേഷ്യൽ ചെയ്യുന്നതു നല്ലതാണ്.

∙ പ്രായം കൂടുന്തോറും മുഖത്തെ ചർമത്തിന്റെ ടോൺ നഷ്ടപ്പെടുന്നു. കൊഴുപ്പ് കൂടും. കഴുത്തിന് കറുപ്പേറും. ഇതിനെല്ലാമെതിരേ ഇരുപതുകളുടെ അവസാനം തൊട്ടേ സംരക്ഷണം നൽകിത്തുടങ്ങിയാൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വളരെ വൈകിക്കാൻ കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News