മരിച്ച അച്ഛന്റെ സ്വപ്‌നങ്ങൾ ചിറകിലേറ്റി സൗമ്യ ഇനി പൊലീസിൽ

പാലപ്പിള്ളിയിൽ കാട്ടാന കുത്തിക്കൊന്ന അച്ഛന്റെ സ്വപ്‌നങ്ങൾ ചിറകിലേറ്റി സൗമ്യ ഇനി കേരള പൊലീസിൽ സബ്‌ ഇൻസ്‌പെക്ടർ. തൃശൂർ ജില്ലയിൽ ആദിവാസിവിഭാഗത്തിൽനിന്നുള്ള ആദ്യ എസ്‌ഐയാണിവർ.

ഗോത്രവർഗ വിഭാഗക്കാർക്ക്‌ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെയല്ലാതെ, നേരിട്ട്‌ പിഎസ്‌എസി പരീക്ഷയെഴുതിയാണ്‌ സൗമ്യ പുതുചരിത്രം രചിച്ചത്‌. പക്ഷേ, അച്ഛന്റെ വേർപാട്‌ നെഞ്ചിൽ നീറ്റലാവുകയാണ്‌.

പാലപ്പിള്ളി എലിക്കോട്‌ ആദിവാസി കോളനിയിലെ മലയ വിഭാഗക്കാരായ ഉണ്ണിച്ചെക്കന്റെയും മണിയുടെയും മകളാണ്‌ സൗമ്യ. അരിമ്പൂർ നാലാംകല്ല്‌ തറയിൽ സുബിന്റെ ഭാര്യയാണ്‌. മകളെ പഠിപ്പിച്ച്‌ നല്ല നിലയിലാക്കണമെന്നായിരുന്നു ഉണ്ണിച്ചെക്കന്റെ ആഗ്രഹം. കാടിനോടും വന്യജീവികളോടും പൊരുതി അതിനായി ശ്രമിച്ചു. ജീവിത ദുരിതങ്ങളോട്‌ പൊരുതി സൗമ്യയും പഠിച്ചുകയറി. സർക്കാരും പട്ടികവർഗ വകുപ്പും തുണയേകി.

സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിഎസ്‌സി വഴി ആദ്യം വടക്കാഞ്ചേരി റേഞ്ചിൽ പൂങ്ങോട്‌ ബീറ്റ്‌ ഫോറസ്‌റ്റ് ഓഫീസറായി. തുടർന്ന്‌ എളനാട്‌ തൃക്കണായ യുപി സ്‌കൂളിൽ അധ്യാപികയായി നിയമനം ലഭിച്ചു. 2020 ഒക്‌ടോബർ 30നാണ്‌ സൗമ്യ പൊലീസ്‌ അക്കാദമിയിൽ പരിശീലനത്തിന്‌ ചേർന്നത്‌.

2021 ജനുവരി 28നാണ്‌ ഉണ്ണിച്ചെക്കനെ കാട്ടാന ആക്രമിച്ചത്‌. പൊലീസ്‌ സേനയുടെ ഭാഗമായ ആഹ്ലാദ നിമിഷം കാണാൻ അച്ഛൻ കൂടെയില്ലെന്ന വേദനയിലാണെന്ന്‌ പാസിങ്‌ ഔട്ട്‌ പരേഡിനുശേഷം സൗമ്യ പറഞ്ഞു. പക്ഷേ, അച്ഛന്റെ സ്ഥാനത്തുനിന്ന്‌ യു പി മാമൻ ( സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്‌) അനുഗ്രഹിക്കാനെത്തി.

ആദിവാസി ക്ഷേമസമിതി പ്രഥമ ജില്ലാ സെക്രട്ടറിയായിരുന്നു അച്ഛൻ. യുപി മാമനാണ്‌ പഠിക്കാനുള്ള എല്ലാ പ്രോത്സാഹനങ്ങളും സഹായവും നൽകിയിരുന്നത്‌. വെള്ളിയാഴ്‌ച സൗമ്യ–- സുബിൻ ദമ്പതികളുടെ അഞ്ചാം വിവാഹവാർഷികമായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News