താരലേലത്തില്‍ താരമായി മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍

ബെംഗളുരുവില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തിലെ ആദ്യ ദിനത്തില്‍ കോളടിച്ചത് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനാണ്.. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇഷാനെ നിലനിര്‍ത്തിയത്… 12 കോടി 25 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രേയസ്സ് അയ്യരെ ടീമിലെത്തിച്ചു.. ഞായറാഴ്ചയും ലേലം തുടരും.

വമ്പൻ താരങ്ങൾക്കായി പുത്തൻ ഫ്രാഞ്ചൈസികൾ ഉൾപ്പെടെ പണം വാരിയെറിഞ്ഞപ്പോൾ ബെംഗളുരു ആതിഥ്യമരുളിയ മെഗാ താരലേലത്തിന്റെ  ആദ്യ ദിനം സാക്ഷ്യം വഹിച്ചത് ആവേശകരമായ നിമിഷങ്ങൾക്കായിരുന്നു.

പരിചയ സമ്പന്നനായ ഹഗ് എഡ്മീഡസിന്റെയും തുടര്‍ന്ന് ചാരുശര്‍മയുടെയും നിയന്ത്രണത്തിൽ ചടുലതയോടെയായിരുന്നു താരലേലത്തിന്റെ നടപടികൾ. ആദ്യം എത്തിയ മാർക്വീ പട്ടികയിൽ നിന്നും ശിഖർ ധവാനെ 8 കോടി 25 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്സാണ് ലേലത്തിന് തുടക്കമിട്ടത്.

കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു ശിഖർ ധവാൻ. മെഗാതാരലേലത്തില്‍ കോളടിച്ചത് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനാണ്. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് ഇഷാനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്.

യുവരാജിന് ശേഷം ഏറ്റവും അധികം തുക ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ ഇഷാന് സ്വന്തമായി..2 കോടി അടിസ്ഥാന വിലയുള്ള ശ്രേയസ് അയ്യറിനായി എല്ലാ ഫ്രാഞ്ചൈസികളും രംഗത്തെത്തി. അവസാനം ഗുജറാത്തിനെയും ഡൽഹിയെയും പിന്തള്ളി കൊൽക്കത്ത 12 കോടി 25 ലക്ഷത്തിന് ശ്രേയസ്സിനെ ടീമിലെത്തിച്ചു.

ആദ്യദിനത്തില്‍ വന്‍ ഡിമാൻഡ് പേസ് ബൗളർമാരായ മാർക്വീ താരങ്ങൾക്കായിരുന്നു. വനിന്ദു ഹസരംഗ 10 കോടി 75 ലക്ഷം രൂപയ്ക്ക് ആര്‍സിബിയിലെത്തി. ലോക്കി ഫെര്‍ഗൂസനെ ലഖ്നൗ 10 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ഷാര്‍ദ്ദുല്‍ താക്കൂര്‍ 10 കോടി 75 ലക്ഷത്തിന് ഡല്‍ഹിക്കൊപ്പമെത്തി.

പ്രസിദ്ധ് കൃഷ്ണയെ 10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. ഡൽഹി ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ 5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 2020 ഐ പിഎല്ലിൽ 30 വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദയെ 9 കോടി 25 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് കൂടാരത്തിലെത്തിച്ചു.

ഹർഷൽ പട്ടേലിനെ 10 കോടി 75 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച ആർ സി ബി 7 കോടി രൂപയ്ക്ക് ഫാഫ് ഡ്യുപ്ലെസിയെയും അണിയിലെത്തിച്ചു.  വിൻഡീസ് ബാറ്റർ ഷിംറോൺ ഹെറ്റ്മെയറെ 8 കോടി 50 ലക്ഷം രൂപയ്ക്കും,  മുൻ മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടിനെ 8 കോടി രൂപയ്ക്കും, മലയാളി താരം ദേവ്ദത്ത് പാടിക്കലിനെ 7 കോടി 75 ലക്ഷം രൂപയ്ക്കും യുസവേന്ദ്ര ചഹലിനെ 6 കോടി 50 ലക്ഷത്തിനും  രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

ദീപക് ചഹര്‍ 14 കോടി രൂപയ്ക്കും റോബിൻ ഉത്തപ്പ 2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി. 4 കോടി 40 ലക്ഷത്തിന് ഡ്വയിൻ ബ്രാവോയെയും ചെന്നൈ നിലനിർത്തി. നവാഗത ടീമായ ഗുജറാത്ത് ടൈറ്റൻസ് 6 കോടി 25 ലക്ഷം രൂപയ്ക്ക് മുഹമ്മദ് ഷമിയെയും 2 കോടി രൂപയ്ക്ക് ജാസൺ റോയിയെയും സ്വന്തമാക്കിയപ്പോൾ ജാസൺ ഹോൾഡറെ 8 കോടി 75 ലക്ഷം രൂപയ്ക്കും, ക്വിൻറൺ ഡീ കോക്കിനെ 6 കോടി 75 ലക്ഷം രൂപയ്ക്കും ദീപക് ഹൂഡയെ 5 കോടി 75 ലക്ഷം രൂപയ്ക്കും  മനീഷ് പാണ്ഡെയെ 4 കോടി 60 ലക്ഷത്തിനും ലഖ്നൗ സൂപ്പർ ജയൻറ്സ് അണിയിലെത്തിച്ചു.

പരിചയ സമ്പന്നനായ ഡേവിഡ് വാർണറെ 6 കോടി 25 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് നേടിയപ്പോൾ നിതീഷ് റാണയെ 8 കോടി രൂപയ്ക്കും പാറ്റ് കമ്മിൻസിനെ 7 കോടി 25 ലക്ഷം രൂപയ്ക്കും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലെത്തിച്ചു.വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാനെ 10 കോടി 75 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് ഒപ്പമെത്തിച്ചു.

ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മീഡസ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഐപിഎല്‍ ലേല നടപടികള്‍ തടസ്സപ്പെട്ടു. രണ്ടാം ദിനമായ ഞായറാഴ്ചയും ലേല നടപടികൾ തുടരും. ആദ്യദിനത്തിൽ വിൽക്കാതെ പോയ താരങ്ങളെ രണ്ടാം ദിനത്തിലെ ലേലത്തിൽ പരിഗണിക്കും.ഏപ്രിൽ 2 നാണ് ഐപിഎൽ പതിനഞ്ചാം സീസണ് തുടക്കമാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News