യുക്രൈന്‍ വിഷയം; നിര്‍ണായക ചര്‍ച്ച നടത്തി പുടിനും ബൈഡനും

യുക്രൈന്‍ വിഷയത്തില്‍ നിര്‍ണായക ചര്‍ച്ച നടത്തി പുടിനും ബൈഡനും. സഖ്യകക്ഷികളെ കൂട്ടി ക്രംലിനെ ഒറ്റപ്പെടുത്താനാണ് അമേരിക്കന്‍ നീക്കമെന്ന് സൂചന. റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ നിരത്തിയ ഒരു ലക്ഷം പട്ടാളക്കാരുടെ സേനയെ പിന്‍വലിക്കാനും തയ്യാറായിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും തമ്മില്‍ ടെലഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ യുക്രൈന്‍ വിഷയം പ്രാധാന്യത്തോടെ ഇടംനേടിയെന്നാണ് പുറത്തുവരുന്ന വിവരം.

യുക്രൈന്‍ കീ‍ഴടക്കാന്‍ ശ്രമിച്ചാല്‍ നിര്‍ണായക ഇടപെടല്‍ വടക്കന്‍ ചേരി നടത്തുമെന്നും മോസ്കോ ഒറ്റപ്പെടുമെന്നും ബൈഡന്‍ സൂചന നല്‍കി. അമേരിക്ക റഷ്യയുടെ താത്പര്യങ്ങളെ പരിഗണിക്കുന്നില്ലെന്നും നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കത്തിനെതിരായ വിമര്‍ശനത്തിന് മറുപടിയില്ലെന്നും റഷ്യയും തിരിച്ചടിച്ചു.

ക‍ഴിഞ്ഞ ദിവസങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുമല്‍ മക്രോണ്‍, പുടിനും ഉക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലിന്‍സ്കിയുമായി വിവിധ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചര്‍ച്ചയെന്നോണമാണ് പുടിനും ബൈഡനും ഫോണില്‍ വിളിച്ചത്. യുക്രൈനിന്‍റെ വടക്കന്‍ അയല്‍ക്കാരായ ബെലാറസുമായും പുടിന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ കടുത്ത തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രഫഷണല്‍ ഇടപെടല്‍ മാത്രമാണ് നടന്നതെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നടത്തുന്ന ഔദ്യോഗിക പ്രതികരണമെങ്കിലും നിര്‍ണായക നീക്കങ്ങളുണ്ടാകുമെന്നാണ് ലോകം കരുതുന്നത്.

അമേരിക്കയുടെ ഔദ്യോഗിക നീക്കങ്ങളില്‍ ഇപ്പോള്‍ സംശയിക്കേണ്ടതില്ലെങ്കിലും സഖ്യകക്ഷിരാജ്യങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുടെ കടുപ്പം തുടരുകയാണ്.

കീവിലെ എംബസി ഒ‍ഴിപ്പിക്കുമെന്ന പ്രഖ്യാപനത്തിനിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ചൈനക്കെതിരെയും ആക്ഷേപമുയര്‍ത്തി. വിഷയത്തില്‍ മൂകാസ്വാദനം വേണ്ടെന്നാണ് ചൈനയോടുള്ള ഓസ്ട്രേലിയയുടെ പരിഹാസം.

യുക്രൈനിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് മു‍ഴുവന്‍ ആളുകളെയും പിന്‍വലിക്കും. 150 സൈനികോദ്യോഗസ്ഥരോട് തിരികെയെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പെന്‍റഗണ്‍ അറിയിച്ചു.

ഇസ്രായേല്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം തുടങ്ങി കൂടുതല്‍ രാജ്യങ്ങള്‍ സ്വന്തം പൗരന്മാരോട് യുക്രൈനില്‍ നിന്ന് തിരികെയെത്താന്‍ ആവശ്യപ്പെട്ടു. ലോകരാഷ്ട്രങ്ങള്‍ ചേരിതിരിഞ്ഞ് യുക്രൈനിലേക്ക് കണ്ണുനട്ടിരിക്കവേ കലുഷിത കാലാവസ്ഥയില്‍ തുടരുകയാണ് കി‍ഴക്കന്‍ യൂറോപ്പ്. റഷ്യ ക‍ഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമാണ് യുക്രൈന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News