ആദരം അർപ്പിക്കാനൊരുക്കിയ സംഗമം അവർ സുന്ദരമായ മണിക്കൂറുകളാക്കി; മന്ത്രി ആർ ബിന്ദു

റിപ്പബ്ലിക്ക് ദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച് കേരളത്തിന്റെ താരങ്ങളായി മാറിയ എൻഎസ്എസ് വളണ്ടിയർമാർക്ക് ആദരം അർപ്പിച്ച് മന്ത്രി ആർ ബിന്ദു. കുട്ടികൾക്ക് ആദരമർപ്പിക്കാനൊരുക്കിയ സംഗമം അവർ സുന്ദരമായ മണിക്കൂറുകളാക്കിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പഠിക്കുന്ന കാലത്ത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടും പോവാൻ സാധിച്ചിരുന്നില്ലെന്നും ആ കാലത്തെക്കൂടി ഓർമ്മിപ്പിച്ചുകൊണ്ടാണ് കുട്ടികൾ ഓഫീസിലെത്തിയതെന്നും മന്ത്രി കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

പഠിക്കുന്ന കാലത്ത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടും പോവാൻ സാധിച്ചിരുന്നില്ല. ആ കാലത്തെക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട്, ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച് കേരളത്തിന്റെ താരങ്ങളായി മാറിയ എൻഎസ്എസ് വളണ്ടിയർമാർ ഓഫീസിലെത്തി. അസുലഭ അവസരത്തെ അനുഭവിച്ചതിന്റെ സന്തോഷം മുഴുവൻ പാട്ടും വർത്തമാനങ്ങളും ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി പറഞ്ഞ് ഒരു സായന്തനത്തെ നിറച്ചു.

റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന ഏക സന്നദ്ധസേനാ വിഭാഗമാണ് നാഷണൽ സർവീസ് സ്‌കീം. അതിൽ കേരളത്തിന്റെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുക; പെർഫോമൻസ് കൊണ്ട് അവിടെ കണ്ണിലുണ്ണികളാവുക – നമ്മുടെ കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ജീവിതകാലത്തേക്കുള്ള ഓർമ്മയും ഓജസ്സും നൽകുന്ന അനുഭവമാകും അതെന്നത് തീർച്ചയാണല്ലോ. അത് അവരിൽനിന്നുതന്നെ പറഞ്ഞറിയാൻ ഓഫീസിൽ അവർക്ക് ലളിതമായൊരു സ്വീകരണം ഒരുക്കുകയായിരുന്നു. അവർക്ക് ആദരം അർപ്പിക്കാൻ ഒരുക്കിയ സംഗമം അവർ സുന്ദരമായ മണിക്കൂറുകളാക്കി.

ആദ്യവിമാനയാത്രയുടെ ത്രിൽ തൊട്ട്, ആറും ഏഴും ഡിഗ്രി കൊടുംതണുപ്പിൽ മാസം നീണ്ട പരിശീലനവും, രാജ്‌പഥിൽ തുടങ്ങി ഇന്ത്യാഗേറ്റിൽ ചെന്നുതൊട്ടപ്പോഴത്തെ കോരിത്തരിപ്പും അവർക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീർന്നില്ല! ഒപ്പനതൊട്ടുള്ള നൃത്തങ്ങളും ഉടുക്ക് തൊട്ടുള്ള വാദ്യങ്ങളും കഥകളി തൊട്ടുള്ള ക്ലാസിക്കൽ രൂപങ്ങളും കളരി തൊട്ടുള്ള ആയോധന മുറകളും ഗോത്രകലകളുമെല്ലാം ചുരുക്കം മണിക്കൂറുകളിലാണ് രാജ്യത്തിന്റെയാകെ പ്രതിനിധികൾ കൺപാർത്തുനിന്ന ചടങ്ങിൽ കേരളത്തിന്റെ കുട്ടികളായി ഈ കൊച്ചുസംഘം അവിടെ ആടിപ്പാടിത്തിമിർത്തത്. അത് ചെന്നുകണ്ടപോലെ തോന്നിച്ചാണ്‌ അവർ മടങ്ങിപ്പോയത്.

കെ എം ഗായത്രി (മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജ്), എസ് വാണി (ആലപ്പുഴ എസ് ഡി കോളേജ്), എം കെ അലീന (ചേളന്നൂർ എസ്എൻ കോളേജ്), എസ് സ്നേഹ (പെരുമൺ കോളേജ് ഓഫ് എൻജിനീയറിങ്), അഖിൽ എസ് രാജ് (ചാത്തന്നൂർ എസ്എൻ കോളേജ്), എസ് അഭിജിത് (പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളേജ്), സി കെ സുനീഷ് (പുൽപ്പള്ളി ട്രൈബൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്), എ അജ്മൽ (കായംകുളം എംഎസ്എം കോളേജ്).

ഇവർക്കൊപ്പം , സംഘത്തെ നയിച്ച മലപ്പുറം ജില്ലയിലെ എൻഎസ്എസ് കോർഡിനേറ്റർ സമീറയും. വയനാട് ജില്ല ആദ്യമായാണ് ഇങ്ങനെ എൻഎസ്എസ് സംഘത്തിൽ ദേശീയതലത്തിൽ പ്രതിനിധീകരിക്കപ്പെടുന്നതെന്നതും അത് ഒരു ആദിവാസിയുവാവിലൂടെയാണെന്നതും സംഘം അവരുടെയാകെ അഭിമാനമായി പറഞ്ഞത് സാഭിമാനം കേട്ടു. സാമൂഹ്യപദവികളുടെ നിലകളിലും കേരളം എത്ര മാറിനിൽക്കുന്നുവെന്ന് രാജ്യത്തെ അറിയിച്ചിരിക്കുകയാണ് കാട്ടുനായ്ക്ക ഗോത്രത്തിൽനിന്നുള്ള പ്രിയ മകൻ സുനീഷ്.

‘ഒപ്പനയിൽ മണവാട്ടിയായിവരെ ആടിയ സമീറ ടീച്ചറുടെ ഊർജ്ജമാണ് സംഘത്തെയാകെ ത്രസിപ്പിച്ചു നിർത്തിയതെ’ന്ന് കുട്ടികൾ സാക്ഷ്യംപറഞ്ഞു. നിലമ്പൂർ ഗവ. കോളേജിൽ അധ്യാപികയായ സമീറയ്ക്ക് ഇതിലേറെ വലിയ ആദരവാക്കുകൾ വേണ്ടതില്ല! സംസ്ഥാനം കണ്ടിൻജന്റ് ലീഡറായി ഉത്തരവാദിത്തമേൽപ്പിച്ചു വിടുന്ന ആദ്യ വനിതയാണ് സമീറ ടീച്ചറെന്നും കൂട്ടത്തിൽ പറയട്ടെ.

അങ്ങനെ, ശിരോവസ്ത്രം വരെ വീൺവിവാദമാക്കുന്ന കാലത്ത് കേരളത്തിന്റെ മറുപടികൂടിയാണ്, ഒട്ടും അറിയാതെയും ഉദ്ദേശിക്കാതെയും ആണെങ്കിലും, ഇവർ അവിടെ കൊടുത്തുപോന്നിരിക്കുന്നതെന്നതും പറയാം! അതിലും നമുക്ക് അനല്പമായിത്തന്നെ സന്തോഷിക്കാം!

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ, സംസ്ഥാനത്തെ കലാലയങ്ങളുടെ, കേരളത്തിന്റെയാകെ സ്നേഹബഹുമാനങ്ങൾ നിങ്ങൾക്കായ്, പ്രിയ കുട്ടികളേ, പ്രിയപ്പെട്ട സമീറ ടീച്ചർ..
സംസ്ഥാന എൻഎസ്എസ് ചുമതലക്കാർക്ക് പ്രത്യേകിച്ചും അഭിനന്ദനം. നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും ഇല്ലെങ്കിൽ ഈ നേട്ടം നമുക്ക് ഉണ്ടാകുമായിരുന്നില്ല.
#NSS
#NationalServiceSchemeKerala
#RepublicDay2022
#HigherEducation
#HijabRow

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News