ഇന്ന് ലോക അപസ്മാര ദിനം; കുട്ടികളിലെ അപസ്മാര രോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്മാരം. കുട്ടികളിലാണ് അപസ്മാര രോഗം കൂടുതല്‍. 60 വയസ്സ് കഴിഞ്ഞവരിലും ഇത് കണ്ടുവരാറുണ്ട്. കുട്ടികളിലെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ പ്രത്യേകതമൂലമാണ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൂടുതലായി രോഗം കാണാന്‍ കാരണം.

കുട്ടികളില്‍ കാണുന്നത് ഒരു പ്രധാനതരത്തിലുള്ള അപസ്മാരരോഗമാണ്. പനിയുടെ കൂടെയുണ്ടാകുന്ന ഞെട്ടല്‍. അഞ്ചു ശതമാനം കുട്ടികളില്‍ വരെ ഇത് കാണാം. ഇതില്‍ 30 ശതമാനത്തില്‍പരം കുട്ടികളില്‍ ഒന്നില്‍കൂടുതല്‍ തവണ ഈ ഞെട്ടല്‍ കാണാം. ഇത് അപസ്മാരംപോലെ തോന്നാമെങ്കിലും സാധാരണയായി ഇത് അപസ്മാര രോഗമായി മാറാറില്ല. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ച പൂര്‍ത്തിയാവുന്നതിനാല്‍ അഞ്ചുവയസ്സിനുശേഷം ഈ രോഗം കാണാറില്ല.

അപസ്മാരരോഗം വന്ന കുട്ടിയെ ഒരു വശത്തേക്ക് തിരിച്ചുകിടത്തണം. മുഖവും വായയും മൂടാതെ ശ്രദ്ധിക്കണം. പറ്റുമെങ്കില്‍ പനിയുടെ മരുന്ന് വായിലൂടെയോ മലദ്വാരത്തിലൂടെയോ വെക്കാം. ഇളംചൂടുവെള്ളത്തില്‍ ശരീരം മുഴുവന്‍ ഒരു തോര്‍ത്തുമുണ്ടുകൊണ്ട് തുടച്ചാല്‍ പനി പെട്ടെന്ന് കുറക്കാന്‍ സാധിക്കും.

സാധാരണയായി പനികൊണ്ടുള്ള ഞെട്ടലിന് സ്ഥിരമായി മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം കുട്ടികള്‍ക്ക് രക്തക്കുറവ് ഉണ്ടെങ്കില്‍ അതിന് മരുന്ന് കൊടുത്താല്‍ അപസ്മാരം വരാനുള്ള സാധ്യത കുറവായി കാണുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

അപസ്മാരംപോലെ തോന്നിക്കുന്ന മറ്റുപല രോഗാവസ്ഥകളില്‍ 20 ശതമാനം വരെ കുട്ടികളെ അപസ്മാരരോഗികളായി തെറ്റിദ്ധരിച്ച് ചികിത്സിക്കാറുണ്ട്. അതുപോലെത്തന്നെ ചില പ്രത്യേകതരം അപസ്മാര രോഗങ്ങള്‍ കുട്ടികളുടെ സ്വഭാവവ്യതിയാനം, പഠിക്കാനുള്ള മടിയായി കരുതി ചികിത്സിക്കാതെ വെറുതെവിടാറുമുണ്ട്. ഉദാഹരണത്തിന്, നാല്-എട്ട് വയസ്സിലുള്ള കുട്ടികളുടെ പ്രത്യേക തരത്തിലുള്ള അപസ്മാരം പലപ്പോഴും ക്ലാസില്‍ ശ്രദ്ധക്കുറവും പഠിക്കാനുള്ള മടിയുംമൂലമാണെന്ന് മാതാപിതാക്കളും അധ്യാപകരും തെറ്റിദ്ധരിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1 സംശയത്തിന്റെ പേരില്‍ ചികിത്സിക്കരുത്. രോഗം ഉറപ്പുവരുത്തിയ ശേഷം മാത്രം ചികിത്സിക്കുക
2 അഞ്ചുവയസ്സിന് താഴെ പനി വരുമ്പോള്‍ കണ്ടുവരുന്ന അപസ്മാരത്തിന് സ്ഥിരമായ ചികിത്സ ആവശ്യമില്ല.
3 ഡോക്ടര്‍ പറഞ്ഞ കാലാവധി മുഴുവനും മരുന്ന് കഴിക്കണം. ഇത് 24 മുതല്‍ 36 വരെ മാസം കഴിക്കേണ്ടിവരും.
4 മരുന്ന് കഴിക്കുമ്പോള്‍ രണ്ടുമൂന്ന് മാസത്തിനുള്ളില്‍ അപസ്മാരം നില്‍ക്കാം. ഇതോടുകൂടി മരുന്ന് ഒരിക്കലും നിര്‍ത്തരുത്. ഇങ്ങനെ പെട്ടെന്ന് മരുന്ന് നിര്‍ത്തിയാല്‍ അപകടകരമായ അപസ്മാരം ഉണ്ടാകുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.
5 അപസ്മാരത്തിനുള്ള കുപ്പിമരുന്നാണെങ്കില്‍ നന്നായി കുലുക്കി ഉപയോഗിക്കണം. അല്ലെങ്കില്‍ കുപ്പിയുടെ താഴെ മരുന്ന് അടിഞ്ഞുകൂടി മരുന്നിന്റെ അളവ് തെറ്റിപ്പോകാം.
6 സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് മരുന്ന് സമയാസമയം കൊടുക്കാന്‍ മറക്കരുത്. യാത്ര ചെയ്യുമ്പോഴും മരുന്ന് കൂടെ കൊണ്ടുപോകാന്‍ മറക്കരുത്.
7 ഡോക്ടര്‍ പറയുന്നതുപോലെ രണ്ടുമൂന്ന് മാസത്തില്‍ കുട്ടിയെ ഡോക്ടറെ കാണിക്കണം. ഇത് മരുന്നിന്റെ അളവ് കുട്ടിയുടെ
8 അപസ്മാരത്തിന്റെ എല്ലാ മരുന്നിനും ചെറിയ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. അതിനാല്‍, അപ്രതീക്ഷിതമായ പല മാറ്റങ്ങളും (തൊലിയില്‍ തടിപ്പ്, ചൊറിച്ചില്‍, പെട്ടെന്നുള്ള നീര് എന്നിവ) കണ്ടാല്‍ മരുന്ന് ഉടന്‍ നിര്‍ത്തി ഡോക്ടറെ സമീപിക്കണം.
അപസ്മാരം ഉണ്ടായാല്‍ പ്രഥമശുശ്രൂഷ നല്‍കി ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്.
9 സ്‌കൂളിലെ ക്ലാസ് ടീച്ചറെ കുട്ടിയുടെ രോഗവിവരത്തെക്കുറിച്ച് അറിയിക്കുന്നത് നല്ലതാണ്.
10 അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള ചുറ്റുപാടില്‍ കുട്ടിയെ തനിച്ച് വിടരുത്. ഉദാ. തിരക്കേറിയ റോഡുകള്‍, നീന്തല്‍ക്കുളം.
11 അപസ്മാര രോഗത്തിന്റെ മരുന്നുകള്‍ അമ്മ എടുത്തുകൊടുക്കണം. കുട്ടി സ്വയം എടുത്തുകഴിക്കാന്‍ പാടുള്ളതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News