‘മെഡിക്കല്‍ മേഖലയെയും ഹിന്ദുത്വവത്കരിക്കുന്നു; ‘ചരക ശപഥം വേണ്ടെന്നുവയ്ക്കണം’; ഡോ തോമസ് ഐസക്ക്

മെഡിക്കല്‍ മേഖലയെയും ഹിന്ദുത്വവത്കരിക്കുന്ന നിലപാടുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഡോ തോമസ് ഐസക്ക്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ബിരുദം നേടി ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് ഓത്ത് ന് പകരം ‘ചരക പ്രതിജ്ഞ’ ചൊല്ലണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശം പിന്‍വലിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റുന്ന ചരക ശപഥം വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം, അധികാരമുപയോഗിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ ഇല്ലായ്മ ചെയ്ത ശേഷം നാഷണല്‍ മെഡിക്കല്‍ കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ ഒരു പ്രൊഫഷണല്‍ മേഖലയെ ഹിന്ദുത്വ വല്‍ക്കരിക്കുന്ന നടപടികള്‍ കേന്ദ്രം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാജ്യത്തെ മറ്റെല്ലാ മേഖലകളേയും എന്ന പോലെ മെഡിക്കല്‍ മേഖലയെയും ഹിന്ദുത്വവത്കരിക്കുന്ന നിലപാടുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. ആധുനിക വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ വിജയകരമായി തങ്ങളുടെ കോഴ്‌സും പരിശീലനവും പൂര്‍ത്തിയാക്കി പൂര്‍ണ്ണമായും സ്വതന്ത്ര വൈദ്യവൃത്തിയിലേക്ക് കടക്കുമ്പോള്‍ സ്വീകരിച്ചു കൊണ്ടിരുന്ന ഹിപ്പോക്രാറ്റിക് ഓത്ത് വേണ്ടെന്നുവെച്ച് അതിന് പകരമായി ‘ചരക ശപഥം’ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ശുപാര്‍ശ അത്യന്തം പ്രതിഷേധകരമാണ്. സംസാരഭാഷയില്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ എന്നാണു പരാമര്‍ശിക്കാറെങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗ്രീക്ക് ഭാഷയില്‍ എഴുതപ്പെട്ട, ഗ്രീക്ക് മിത്തുകളും ദൈവസങ്കല്പങ്ങളും ഉള്‍പ്പെട്ട ആ പൗരാണിക പ്രതിജ്ഞ ഇന്ന് ആരും ചൊല്ലുന്നില്ല. 1948-ല്‍ വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യത്വത്തിനും നൈതികതയ്ക്കും രോഗികളുടെ സ്വകാര്യതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് രൂപീകരിക്കപ്പെട്ട ഡിക്ലറേഷന്‍ ഓഫ് ജനീവ എന്നറിയപ്പെടുന്ന പ്രതിജ്ഞയാണ് വൈദ്യവൃത്തി ആരംഭിക്കുന്ന സമയത്ത് ഇന്ന് സ്വീകരിക്കുന്നത്. ഈ പ്രതിജ്ഞയില്‍ 1968, 1984, 1994, 2005, 2006, 2017 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുമുണ്ട്.

പ്രായം, ലിംഗവ്യത്യാസം, മതം, ദേശീയത, രാഷ്ട്രീയനിലപാടുകള്‍, വംശം തുടങ്ങി ഒരു രീതിയിലുമുള്ള വിവേചനം ഇല്ലാതെ രോഗിയുടെ സ്വകാര്യതയും സ്വയം നിര്‍ണയ അവകാശവും അന്തസ്സും കാത്തുസൂക്ഷിച്ചുകൊണ്ട് ചികിത്സ നിര്‍വഹിക്കുക എന്നതാണ് ഈ പ്രതിജ്ഞയുടെ കാതല്‍. അവിടെ രോഗിയുടെയോ ഡോക്ടറുടെയോ മതങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ ഒന്നും സ്ഥാനമില്ല. അത്തരമൊരു പ്രതിജ്ഞ മതവിശ്വാസങ്ങള്‍ ചേര്‍ത്തു പിടിക്കുന്നത് ആവുകയും അരുത്. ഏറ്റവും മികച്ച ശാസ്ത്രീയമായ ചികിത്സ മാത്രമാവണം ലക്ഷ്യം.
ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇത്രനാളും അനുവര്‍ത്തിച്ചിരുന്ന ഈ പ്രതിജ്ഞ മാറ്റി ‘മഹര്‍ഷി ചരക ശപഥം’ സ്വീകരിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ തീരുമാനത്തിനു മുമ്പ് ആരോഗ്യ മേഖലയിലെ ആരുമായും ഇതു ചര്‍ച്ച ചെയ്തില്ല. ഒന്നരമണിക്കൂര്‍ യോഗത്തില്‍ പലതിനുമിടയില്‍ ഇതുമൊരു തീരുമാനമായി മാറുകയാണുണ്ടായത്. ചരകന്‍ ഇന്ത്യന്‍ ദര്‍ശനത്തില്‍ ഭൗതികവാദധാരയില്‍ ഉള്‍പ്പെട്ട ചിന്തകനാണ്. എന്നാല്‍ ഈ സമീപനമല്ല പ്രാചീനഭൗതികവാദത്തെ അന്നു പൊതിഞ്ഞിരുന്ന ആചാരങ്ങളെയാണ് ചരകസംഹിതയില്‍ നിന്ന് തെരഞ്ഞെടുത്തിരിക്കുന്ന ചരക ശപഥത്തിലുള്ളത്.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുനത് കിഴക്കിനെ അഭിമുഖീകരിച്ച് ദിവ്യജ്യോതി (Holy Fire) യുടെ സാന്നിദ്ധ്യത്തിലാണ് ചരക പ്രതിജ്ഞയെടുക്കേണ്ടതെന്നാണ്. ഒപ്പം ബ്രാഹ്മണ സ്തുതിയും. ഭക്തിയോടുകൂടി ജീവിച്ചു കൊള്ളാമെന്ന് ഉറപ്പും നല്‍കണം. അധ്യാപകര്‍ക്ക് അമിതവിധേയത്വം കല്പിക്കുന്ന ഈ ശപഥം. ചോദ്യങ്ങള്‍ ചോദിക്കുകയും പഠനങ്ങള്‍ നടത്തുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഇന്നത്തെ സയന്‍സിന്റെ രീതിക്കു വിരുദ്ധമാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഗുരുകുല വിദ്യാഭ്യാസ കാലത്തിലേത് പോലുള്ള വിധേയത്വ ചിന്താഗതികള്‍ സയന്‍സിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമല്ല.

പ്രതിജ്ഞയില്‍ ഒരിടത്ത് ചികിത്സകന്‍ സ്തീയെ അവരുടെ ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ സാന്നിധ്യത്തില്‍ മാത്രമേ പരിശോധിക്കാവൂ എന്നും നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഭര്‍ത്താവിന്റെയോ അടുത്ത ബന്ധുക്കളുടെയോ സാന്നിധ്യത്തില്‍ മാത്രമേ സ്ത്രീകളെ പരിശോധിക്കുകയുള്ളൂ എന്നത് മെഡിക്കല്‍ ധാര്‍മികതയ്ക്ക് തന്നെ എതിരായ ഒന്നാണ്. മാത്രമല്ല അത് സ്വകാര്യതയ്ക്കും സ്വയം നിര്‍ണയ അവകാശത്തിനും എതിരാണ്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുമ്പോള്‍ ഒരു സ്ത്രീയുടെ കൂടെ ആരുണ്ടാവണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ സ്ത്രീക്ക് ആണ്. ഒരു സ്ത്രീയെ പരിശോധിക്കുമ്പോള്‍ മറ്റൊരു സ്ത്രീ കണ്‍സള്‍ട്ടിങ് റൂമില്‍ ഉണ്ടാവണം എന്നത് നിലവില്‍ തന്നെ പ്രാക്ടീസ് ചെയ്തു വരുന്ന ഒരു കാര്യമാണ്. ഇതൊന്നുമല്ലാതെ ഭര്‍ത്താവ് അല്ലെങ്കില്‍ ബന്ധുക്കള്‍ കൂടെ ഉണ്ടാവണം എന്നത് തികഞ്ഞ സ്ത്രീവിരുദ്ധത മാത്രമാണ്.
ഇത്തരത്തില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റുന്ന ചരക ശപഥം വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. അധികാരമുപയോഗിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ ഇല്ലായ്മ ചെയ്ത ശേഷം നാഷണല്‍ മെഡിക്കല്‍ കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ ഒരു പ്രൊഫഷണല്‍ മേഖലയെ ഹിന്ദുത്വ വല്‍ക്കരിക്കുന്ന നടപടികള്‍ കേന്ദ്രം അവസാനിപ്പിക്കണം. ശാസ്ത്രീയതയും മാനവികതയും നൈതികതയും മാത്രമാവണം മെഡിക്കല്‍ മേഖലയുടെ മുഖമുദ്ര.

സ. തോമസ് ഐസക്
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News