ഐപിഎല്‍ മെഗാതാരലേലം; ഷാരൂഖിനും ജൂഹിക്കു പകരം ഇത്തവണ തിളങ്ങിയത് ആര്യനും സുഹാനയും; വൈറലായി ചിത്രങ്ങള്‍

ഈ വര്‍ഷം ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ സ്വന്തമാക്കാന്‍ എത്തിയത് ഷാരൂഖാനും ജൂഹി ചൊളയ്ക്കു പകരം എത്തിയത് ഇരുവരുടെയും മക്കള്‍. ഇത്തവണ ലേലത്തില്‍ കളിക്കാരോടൊപ്പം താരങ്ങളായതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓക്ഷന്‍ ടേബിളിലുണ്ടായിരുന്ന ആര്യനും സുഹാനയും ജാന്‍വിയുമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരലേല ചര്‍ച്ചകള്‍ക്കിടയിലെ ആര്യന്റെയും സുഹാനയുടെയും ജാന്‍വിയുടേയും ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോള്‍ തന്നെ വൈറലായിരുന്നു.

പലപ്പോഴും കൊല്‍ക്കത്തയുടെ മത്സരം കാണാന്‍ ഷാരൂഖ് സ്റ്റേഡിയത്തില്‍ എത്താറുണ്ട്. ഷാരൂഖിനൊപ്പം ബോളിവുഡ് താരം ജൂഹി ചൗളയേയും ഗാലറിയില്‍ കാണാറുണ്ട്. കൊല്‍ക്കത്തയുടെ സഹ ഉടമസ്ഥരില്‍ ഒരാളായ ജൂഹി ചൗള ഷാരൂഖുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ്.

‘ഐപിഎല്‍ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്‌സ്, സിഇഒയില്‍ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്’ എന്നാണ് ചിത്രങ്ങള്‍ക്ക് കെകെആര്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന കുറിപ്പ്. ടീം സിഇഒ വെങ്കി മൈസൂറിനൊപ്പം ഒരു മേശയ്ക്ക് ചുറ്റും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയിലിരിക്കുന്ന ആര്യനും സുഹാനയും ജാന്‍വിയും അതിവേഗം ക്രിക്കറ്റ് പ്രേമികളുടേയും സിനിമാപ്രേമികളുടേയും ഹൃദയം കവര്‍ന്നു. വെള്ളിയാഴ്ച നടന്ന ഐപിഎല്‍ പ്രീ ഓക്ഷന്‍ ഇവന്റിലും ഇവര്‍ ഷാരൂഖ് ഖാനെയും ജൂഹിയേയും പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ട പ്രീ ഓക്ഷന്‍ ഇവന്റിന്റെ ചിത്രങ്ങളിലെ ആര്യന്റേയും സുഹാനയുടേയും ജാന്‍വിയുടേയും സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.

സുഹാനയുടെ ആദ്യ ഐപിഎല്‍ താരലേലമായിരുന്നു. എന്നാല്‍ ആര്യന്‍ കഴിഞ്ഞ വര്‍ഷവും പിതാവിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. താരലേലത്തില്‍ പങ്കെടുക്കുന്ന സുഹാനയുടേയും ആര്യന്റേയും ജാന്‍വിയുടേയും ചിത്രം പങ്കുവെച്ച് ജൂഹി ചൗള കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ജാന്‍വി, ആര്യന്‍, സുഹാന. കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിന്റെ യുവഉടമകള്‍… ശ്രേയസ് അയ്യര്‍, പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ കൂടാതെ ഞങ്ങളുടെ യുവ ഉടമകളായ ആര്യന്‍, സുഹാന, ജാഹ്നവി എന്നിവര്‍ക്കും സ്വാഗതം.. വെങ്കിക്കും ഞങ്ങളുടെ കെകെആര്‍ സ്റ്റാഫിനും നന്ദി’ ജൂഹി ചൗള കുറിച്ചു. കഴിഞ്ഞ വര്‍ഷവും ജൂഹി ചൗളയുടെ മകള്‍ ജാന്‍വി താരലേലത്തില്‍ പങ്കെടുത്തിരുന്നു. ആര്യനും ജാന്‍വിയും പരസ്പരം സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ ചിത്രങ്ങള്‍ വൈറലായതോടെ ഷാരൂഖ്-ജോഹി കെമിസ്ട്രി ഓര്‍മ വരുന്നുവെന്നാണ് താരങ്ങളുടെ ആരാധകര്‍ കമന്റായി കുറിച്ചത്.

ജെയ് മെഹ്തയാണ് ജൂഹി ചൗളയുടെ ഭര്‍ത്താവ്. ജാന്‍വിയെ കൂടാതെ അര്‍ജുന്‍ എന്നൊരു മകന്‍ കൂടി ജൂഹി ചൗളയ്ക്കുണ്ട്. സ്റ്റാര്‍ കിഡ്‌സ് ആണെങ്കിലും ലൈംലൈറ്റിന് മുന്നില്‍ വല്ലപ്പോഴും മാത്രമാണ് ഇരുവരും പ്രത്യക്ഷപ്പെടാറുള്ളത്. താരലേലം പോലുള്ളവയില്‍ പങ്കെടുത്ത് തുടങ്ങിയപ്പോള്‍ മുതലാണ് ജാന്‍വി ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ട് തുടങ്ങിയത്. ഐപിഎല്‍ ലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം ഉടമയായി മുമ്ബ് ജാന്‍വി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുസ്തകത്തോട് ഒരുപാട് സ്‌നേഹമുള്ള വ്യക്തിയാണ് ജാന്‍വിയെന്നും അവള്‍ക്കെപ്പോഴും വായനയോടും എഴുത്തിനോടുമാണ് താല്‍പര്യമെന്നും എഴുത്തുകാരിയാകാനാണ് മകള്‍ക്ക് ആഗ്രഹമെന്നും ഒരു അഭിമുഖത്തില്‍ വെച്ച് ജൂഹി ചൗള വെളിപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here