നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങൾ ചോർന്നു എന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി

നടി ആക്രമിക്കപ്പെട്ടതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. തന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം.

കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാര്‍, എന്നിവര്‍ക്ക് നടി നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണച്ചുമതല. രണ്ട് ദിവസം മുമ്പാണ് അന്വേഷണത്തിനുളള ഉത്തരവ് വിജിലന്‍സ് രജിസ്ട്രാര്‍ ഇറക്കിയത്.

2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണക്കോടതിയില്‍ ആരോപണം ഉയര്‍ന്നത്. സംസ്ഥാന ഫൊറന്‍സിക് വിഭാഗവും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും ദൃശ്യം അടക്കമുളള തൊണ്ടിസാധനങ്ങള്‍ വിചാരണക്കോടതിക്ക് കൈമാറുന്ന ഘട്ടത്തില്‍ ചോര്‍ന്നുവെന്നാണ് ആരോപണം.

ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത്, ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് നടി പരാതിയില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും ദൃശ്യങ്ങള്‍ വിദേശത്തുളളവര്‍ ഉള്‍പ്പെടെ പലരുടെയും പക്കലുണ്ടെന്നും നടി ആരോപിച്ചു.

കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും പരാതിയില്‍ പറയുന്നു. കോടതിയുടെ പരിധിയിലിരിക്കെ, ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ഗുരുതരമായ ആരോപണത്തിലാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News