മനു ആനന്ദ് സംവിധാനം ചെയ്ത FIR റിലീസായിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു.രാക്ഷസന് ശേഷം ആക്ഷൻ ത്രില്ലറുമായി വിഷ്ണു വിശാൽ എത്തുന്നു എന്നത് തന്നെ ആയിരുന്നു ചിത്രത്തിന്റെ വലിയ ഹൈലൈറ്റ്.മലയാളികൾക്കാകട്ടെ FIR ലെ മലയാളി സാന്നിധ്യം വലിയ സന്തോഷം പകർന്ന കാര്യം കൂടിയാണ്.സംവിധായകൻ മനു ആനന്ദ് മലയാളിയാണ് എന്നതിനൊപ്പം മഞ്ജിമ,ഗൗതം മേനോൻ,മാലാ പാർവതി,റീബ മോണിക്ക ജോൺ,രാഗേഷ് ബ്രഹ്മാനന്ദൻ ഇങ്ങനെ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ഇവർ വെറും മലയാള സാന്നിധ്യം മാത്രമായിരുന്നില്ല എന്ന് ചിത്രം കണ്ടിറങ്ങുന്നവർ പറയും.എല്ലാവരും അവരവരുടെ വേഷം ഏറ്റവും ഭംഗിയാക്കി.വിഷ്ണു വിശാൽ അഭിനയിച്ച ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തിയത് മാലാ പാർവതിയാണ്.ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമായ പർവീണ ബീഗം ആയാണ് മാലാ പാർവതി എത്തുന്നത്.മാലാ പാർവതിയുമായി കൈരളി ന്യൂസ് നടത്തിയ അഭിമുഖം
?തമിഴിലെ മൂന്നാമത്തെ ചിത്രം;വലിയ താരനിര ,മികച്ച പ്രൊഡക്ഷൻ:നടിയെന്ന നിലയിൽ വലിയൊരു ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷം
2019ലാണ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്.സെപ്റ്റംബർ 2 നായിരുന്നു എഫ്ഐആർ എന്ന ഈ ചിത്രത്തിന്റെ പൂജ. ഇന്ന് നമ്മൾ കാണുന്ന ഈ പ്രൊഡക്ഷൻ ഒന്നുമായിരുന്നില്ല.ഒരു വലിയ പടം എന്നൊന്നും പറയാൻ കഴിയുമായിരുന്നില്ല.പുതിയ സംവിധായകന്റെ ഒരു ചെറിയ പടം എന്ന രീതിയിലാണ് ഇത് അന്ന് മുൻപോട്ടു വന്നത്.പക്ഷെ മനു ആനന്ദ് എന്ന സംവിധായകൻ പ്രയാസം നിറഞ്ഞ യാത്രയിലൂടെ കടന്നുപോയി എന്ന് തന്നെ വേണം പറയാൻ. നിർമാതാവ് പിന്മാറുകയും പടം ഉണ്ടാവില്ല എന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.പിന്നീട് നായകനായ വിഷ്ണു വിശാൽ പടം ഏറ്റെടുക്കുകയായിരുന്നു.
പോകെ പോകെയാണ് സിനിമ വലുതായത്.എന്നെ സംബന്ധിച്ചിടത്തോളം വലിയ സിനിമയാണെങ്കിലും ചെറിയ സിനിമയാണെങ്കിലും സിനിമ അറിയാവുന്ന ഒരു സംവിധായകൻ നിങ്ങളാണ് അല്ലെങ്കിൽ നിങ്ങളുടെ മുഖമാണ് എൻറെ കഥാപാത്രത്തിന് വേണ്ടത് എന്ന് പറഞ്ഞാൽ ആ കഥാപാത്രം ചെയ്യണമെന്ന് തന്നെയാണ്. മനു എന്ന സംവിധായകന് എന്നെ ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ വളരെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു ഞാനാണ് ഈ കഥാപാത്രം ചെയ്യേണ്ടത് എന്ന്. പ്രശസ്തയായ ഒരു നടിയാണ് എന്റെ കഥാപാത്രമെന്ന് മനുവിന് കൃത്യമായൊരു ധാരണയും കാരണവും ഉണ്ടായിരുന്നു.
ഒരു പ്രത്യേക അവസ്ഥകളിലൂടെ കടന്നുപോകുന്ന അമ്മ കഥാപാത്രമാണിത്. അമ്മയും മകനും തമ്മിലുള്ള കെമിസ്ട്രി ഉണ്ട്.ഞാൻ തന്നെയാണ് ഇത് ചെയ്യേണ്ടത് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെയാണ് ഞാൻ ഈ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്.അതിനു ശേഷമാണ് താരനിരയും വലിയ പ്രൊഡക്ഷനുമൊക്കെ എത്തുന്നത്.
പർവീണ ബീഗം ഒരു ഇമോഷണൽ ‘അമ്മ “
ഭയങ്കര ഇമോഷണൽ അമ്മയാണ്.സ്വന്തം മകന്റെ സത്യത്തിൽ വിശ്വാസമുള്ളൊരു അമ്മയാണ്.മകനെക്കുറിച്ച് നന്നായി അറിയാവുന്ന,അഭിമാനമുള്ള ഒരമ്മയാണ്.അവൻ ഒരു പ്രശ്നത്തിൽ പെടുമ്പോൾ ഈസിയായി ഇങ്ങെത്തും എന്ന് വിചാരിക്കുന്നിടത്ത് നിന്നും അവനെ കാണാൻ പോലും കഴിയില്ല എന്ന തരത്തിലേക്കൊക്കെ ആ അമ്മയുടെ വിചാരങ്ങളും ചിന്തകളുമൊക്കെ കടന്ന് പോകുന്നുണ്ട്.എന്താണ് നടക്കുന്നതെന്ന് മനസിലാകാത്ത അമ്മ.എനിക്കറിയാം എന്റെ മകനെന്താണ് പക്ഷെ മറ്റൊന്നായി മാറിപ്പോകുന്നു എന്ന അവസ്ഥ നമ്മളെ വല്ലാതെ ഹോണ്ട് ചെയ്യും.ആർക്ക് വേണ്ടി അവൻ നിൽക്കുന്നുവോ അവര് തന്നെ അവനെ ഉപദ്രവിക്കുന്നു എന്നൊക്കെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്ന സീനുകൾ,ഡയലോഗുകൾ ഒക്കെയുണ്ട്.
പർവീണ ശരിക്കും എന്റെ ഉള്ളിൽ ഉണ്ട്.കാരണം അത്രയും മനു പറഞ്ഞ് പറഞ്ഞ് അവരെ എനിക്ക് നന്നായി അറിയാം.ഇന്ത്യൻ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു മുസ്ലിം സ്ത്രീയാണവർ.ബോൾഡ് ആയിരിക്കുകയും തളർന്നുപോകുകയും ചെയ്യുന്ന നിമിഷങ്ങൾ ഉണ്ട്.
മരണ രംഗമൊക്കെ എടുത്ത ദിവസമൊക്കെ ഒരു നടിയെന്ന നിലയിൽ ഞാൻ ഓർത്തിരിക്കുന്ന നിമിഷങ്ങളാണ്.രാത്രിയിലായിരുന്നു ഷൂട്ട്.ഒറ്റ ടെയ്ക്കിലാണ് മരണസീൻ ഷൂട്ട് ചെയ്തത്. ഡയലോഗുകൾ പഠിക്കുമ്പോൾ തന്നെ അവസാന രംഗം എന്റെ ഉള്ളിലുണ്ടായിരുന്നു.അതിനെ മനു ഒന്നുകൂടി തിളക്കിയെടുത്തു.സിനിമയിൽ നിന്നും ഒഴിവാക്കിയ ചില സീനുകൾ പോലും എനിക്ക് ആ കഥാപാത്രമാകാനും ഉൾക്കൊള്ളാനുമൊക്കെ സഹായിച്ചു.
മലയാളിഡാ………..
അഭിനയിക്കുന്നവർ മാത്രമല്ല ആര്ട്ട് ഡയറക്ഷൻ,പോസ്റ്റർ ഡിസൈൻ ഇതിലൊക്കെ മലയാളി സ്പർശം ഉണ്ട്.ഞങ്ങളെയെല്ലാം സംവിധായകൻ മനു ആനന്ദ്തെരഞ്ഞെടുത്തതാണ്.പ്രവീൺ ,അഭിഷേക് ,രാകേഷ്, മഞ്ജിമ, റേബ….ഞങ്ങളെല്ലാം അങ്ങോട്ടുമിങ്ങോട്ടും കലപില മലയാളം സംസാരിക്കും.അപ്പോൾ വിഷ്ണു തന്നെ ചോദിച്ചിട്ടുണ്ട് ഞാനിവിടെ മലയാള സിനിമയിലാണോ തമിഴ് സിനിമയിലാണോ അഭിനയിക്കുന്നത് എന്ന്.ഷൂട്ട് തീർന്ന ദിവസം പ്രൊഡക്ഷൻ കൺട്രോളർ “ചേച്ചി പിന്നെ കാണാം” എന്നൊക്കെ മലയാളത്തിൽ യാത്ര പറഞ്ഞു.
ഡബ്ബിങ്ങ് നന്നായി ചെയ്യാൻ പറ്റി എന്നതും വലിയ സന്തോഷമാണ്.മനു ആണ് ഓരോ വാക്കും പറഞ്ഞ് തന്നത്.”തത്തമ്മേ പൂച്ച പൂച്ച …”ആയിരുന്നെങ്കിലും കേൾക്കുമ്പോൾ വലിയ ആശ്വാസമുണ്ട്.അസിസ്റ്റന്റ് ഡയറക്റ്റർ ചാരു ആണ് അന്നെന്റെ കൂടെ ഇരുന്നത്.ഓരോ സീനും കഴിയുമ്പോൾ ഞാൻ ചാരുവിനെ നോക്കും.ഡബ്ബിങ് കഴിഞ്ഞപ്പോൾ എന്റെ തമിഴ് വീണ്ടും പഴയ തമിഴ് ആയി.എന്നാലും ഡബ്ബ് ചെയ്യാൻ പറ്റുംഎന്നൊരു കോൺഫിഡൻസ് കൂടി തന്ന പടമാണ് FIR.
?FIR പോലെ തന്നെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു തപ്‌സി പന്നുവിനൊപ്പം അഭിനയിച്ച ഗെയിം ഓവർ
ഗെയിം ഓവർ സിനിമ കിട്ടാൻ കാരണം മാര എന്ന തമിഴ് പടമാണ്. മാരയുടെ ഓഡിഷന് വേണ്ടി ഞാൻ ചെന്നൈയിൽ താമസിച്ചത് എന്റെ സുഹൃത്തുക്കളായ പുത്രന്റെയും സീമയുടെയും കൂടെയാണ്.അന്ന് ഞാൻ നാലു മിനിറ്റ് ഉള്ള ഒരു ചെറിയ ആഡ് ചെയ്തിരുന്നു.അത് പുത്രന്റെ റിലേറ്റീവ് ആയ കാവ്യയാണ് ഗെയിം ഓവറിന്റെ ഡയറക്റ്റർ അശ്വിൻ ശരവണിലേക്ക് എത്തിക്കുന്നത്.ആ സമയത്ത് അവർ എന്നെപ്പോലുള്ള ഒരാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഓഡിഷൻ ഉണ്ടായിരുന്നു.അയച്ചുതന്ന തമിഴ്-തെലുങ്ക് ഡയലോഗ് രണ്ടും പഠിച്ചശേഷമാണ് ഓഡിഷന് പോയത്. അങ്ങനെ ഡോ റീനയായി.അതൊരു ഭയങ്കര എക്സ്പീരിയൻസ് ആയിരുന്നു.ഗെയിം ഓവർ എൻറെ കരിയറിൽ ഞാൻ ഏറ്റവും ചേർത്തുപിടിക്കുന്ന സിനിമകളിൽ ഒന്നാണ്.

ഗെയിം ഓവർ കണ്ടിട്ടാണ് നാനി എന്നെ തെലുങ്കിലേക്ക് വിളിക്കുന്നത്.ഗെയിം ഓവർ കണ്ടിട്ട് ഇവരെന്റെ സിനിമയിൽ അഭിനയിക്കണം എന്ന് നാനി പറഞ്ഞു എന്നു എന്നോട് അസിസ്റ്റന്റ് ഡയറക്റ്റർ പറഞ്ഞിട്ടുണ്ട്. സിനിമയെ റിയൽ ആയി സ്നേഹിക്കുന്നവരുടെ കണ്ണിൽ പെടാൻ ഗെയിം ഓവർ കാരണമായിട്ടുണ്ട്.ഞാൻ 2009 മുതൽ സിനിമയിൽ അഭിനയിക്കുന്ന ആളാണല്ലോ.പക്ഷേ എനിക്ക് ഇഷ്ട്ടപ്പെട്ട പടങ്ങളുടെ ആദ്യ ലിസ്റ്റിൽ ഗെയിം ഓവർ ഉണ്ടാകും.
ആദ്യത്തെ തമിഴ് ചിത്രം എന്ന് പറയുന്നത് ഇത് എന്ന മായം എന്ന, കീർത്തി സുരേഷ് ആദ്യമായി അഭിനയിച്ച എ എൽ വിജയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു.പ്രിയദർശൻ സാറിന്റെ നിമിർ എന്ന ചിത്രം ,നീര് ഇതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.പക്ഷെ ഗെയിം ഓവർ കുറച്ചും കൂടി ഹൃദയത്തോട് ചേർന്ന് നിൽക്കും.
ഫഹദ്,പൃഥ്വിരാജ് .ദുൽഖർ,ടൊവിനോ,ഷെയ്ൻ നിഗം,വിഷ്ണു വിശാൽ,നാനി …………മക്കളെല്ലാം സൂപ്പർ
ഭയങ്കര ഭാഗ്യമാണ് അത്.നാല് തവണ ടൊവിയുടെ അമ്മയായി.ഫഹദ്,പൃഥ്വിരാജ് .ദുൽഖർ,ഷെയ്ൻ നിഗം,വിഷ്ണു വിശാൽ,നാനി…..ഇവരൊക്കെ എന്നെ അമ്മയായി തന്നെയാണ് കാണുന്നത്.ഏറ്റവും എടുത്ത് പറയേണ്ടത് നാനിയുടെ കൂടെ അഭിനയിച്ചപ്പോൾ അദ്ദേഹം തന്ന സപ്പോർട് ആണ്.ഒരു നീണ്ട തെലുങ്ക് ഡയലോഗ് ആണ് ആദ്യം തന്നെ ചെയ്യേണ്ടിയിരുന്നത്. കഷ്ടപ്പെട്ട് കാണാതെ പഠിച്ച് ഷോട്ടിനായി ചെയ്യുമ്പോൾ പറയുന്നു അയച്ച് തന്ന ഡയലോഗ് എല്ലാം മാറിപ്പോയിരുന്നു എന്ന്.എനിക്ക് ഭൂമി പിളർന്ന് താഴേക്ക് പോകുന്ന പോലെ തോന്നി.ഒന്നാമത് തെലുങ്ക് .നമുക്ക് പെട്ടെന്ന് പഠിക്കാൻ പറ്റില്ല.എനിക്ക് ആകെ ടെൻഷൻ ആയി.പക്ഷെ നാനി വന്നെന്നെ ആശ്വസിപ്പിച്ചു.എത്ര ടൈം വേണമെങ്കിലും എടുക്കാം,കൂൾ ആകൂ എന്നൊക്കെ പറഞ്ഞു. ഒരുവിധത്തിൽ ഞാൻ പഠിച്ചെടുത്ത് ചെയ്തു.അവസാനമൊക്കെ ആയപ്പോഴേക്കും ഞാൻ പഠിച്ചു ഒറ്റ ടെയ്ക്ക് ഒക്കെ മതിയെന്നായി. അങ്ങനെയൊക്കെ ക്ഷമയുടെയും സ്നേഹത്തോടെയുമാണ് എല്ലാവരും പെരുമാറിയത്.നാനിയും വിഷ്ണുവുമൊക്കെ നമ്മൾ മാറിയിരുന്നാൽ വിളിച്ച് കസേര തന്നു കൂടെ ഇരുത്തും.അതൊക്കെ വലിയ കാര്യമാണ്.

മക്കളായി അഭിനയിക്കുന്നവർ മാത്രമല്ല കൂടെ അഭിനയിക്കുന്ന പലരുമായും എനിക്കാ കണക്ഷൻ ഉണ്ട്.റേബയെ എനിക്ക് നേരത്തെ അറിയാം.ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട് .അന്ന് ഒരു റൗണ്ടിൽ സ്ട്രെസ് ഇന്റർവ്യൂ വില വളരെ റൂഡ് ആയി പെരുമാറേണ്ടി വന്നു.റിയാലിറ്റി ഷോയുടെ ഭാഗമായി ചെയ്തതാണ്.പിന്നെ ഞാൻ റേബയെ കാണുന്നത് FIR സെറ്റിൽ വെച്ചാണ്.ഞാൻ പേടിച്ചാണ് ചെന്നത്.പക്ഷെ റേബയുമായി പെട്ടെന്ന് ക്ളോസ് ആയി.മഞ്ജിമ കുഞ്ഞായിരിക്കുമ്പോൾ തന്നെ എനിക്ക് അറിയാവുന്നതാണ്.മഞ്ജിമ പല കാര്യങ്ങളും കാണുമ്പോൾ എന്നെ വഴക്ക് പറയും.എനിക്കൊരു മേയ്കപ് പൗച് ഒക്കെ വാങ്ങി തന്നു.ആര്ടിസ്റ് ആണ്.ഇത് കരുതണം എന്നൊക്കെ ഉപദേശിക്കും.എല്ലാവരുമായി എനിക്ക് അമ്മ മക്കൾ ബന്ധം തന്നെയാണ്.
ഭീഷ്മപർവവും മമ്മൂട്ടിയും
ഭീഷ്മപർവ്വത്തെക്കുറിച്ച് പറഞ്ഞാൽ മമ്മൂക്കക്കൊപ്പമുള്ള പടം.മമ്മൂക്കയുടെ മാസ്സ് പടമായിരിക്കും ഭീഷ്മപർവം.ഞാൻ മമ്മൂട്ടി ഫാൻ ആണ്.എക്കാലത്തും ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്.ഒരു ഫാൻ ഗേൾ മോമെന്റ്റ് ആണ് എനിക്ക് മമ്മൂക്കക്കൊപ്പമുള്ള സിനിമകൾ.
ഭീഷ്മപർവം കിടിലം പടമാണ്.ഞാൻ ആദ്യമായിട്ട് നെഗറ്റീവ് വേഷം ചെയ്യുന്നതും ഇതിലാണ്.മോളി എന്നാണ് എന്റെ പേര്.വേഷമൊക്കെ കണ്ടാൽ തന്നെ ചിരി വരും.മോളി ഒരു കൊനിഷ്ട് പിടിച്ച കഥാപാത്രമാണ്. നമുക്ക് എല്ലാവർക്കും പരിചയം ഉണ്ടാകും മൊളിയെ,എല്ലാ വിഷയത്തിലും വന്നു അഭിപ്രായം പറയുന്ന ഒരു സ്ത്രീ.
മലയാളം ,തമിഴ് ,തെലുങ്ക് ഇനി ഹിന്ദി
ഹിന്ദി സിനിമ എന്നത് മാത്രമല്ല നടി രേവതിയുടെ ഹിന്ദി സിനിമ എന്നതിന്റെ ത്രില്ലിലാണ് ഞാൻ.സിനിമയെ അറിയാവുന്ന ഒരാൾ എന്നെ വിളിക്കുന്നു എന്നത് എനിക്ക് ഭയങ്കര സന്തോഷമാണ് .മിത്ര് ഞാൻ ആസ്വദിച്ച് കണ്ട സിനിമയാണ്.രേവതിമാമിനൊപ്പം വർക് ചെയ്യാൻ പോകുന്നു എന്നത് തന്നെ വലിയ എക്സൈറ്റ്മെന്റ് ആണ്. സിങ്ക് സൗണ്ട് ആണ്.ഹിന്ദി പറയണം.തെലുങ്ക് പറഞ്ഞ സ്ഥിതിക്ക് ഹിന്ദിയും പറയാമെന്നൊരു ആശ്വാസമുണ്ട്.
Get real time update about this post categories directly on your device, subscribe now.