പ്രതിസന്ധിക്കയത്തില്‍ കുടുങ്ങി ഉക്രൈന്‍

റഷ്യന്‍ സൈനികനീക്കം തുടരുന്നതിനിടെ പ്രതിസന്ധിക്കയത്തില്‍ കുടുങ്ങി ഉക്രൈന്‍. പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍  തുടര്‍ന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലിന്‍സ്‌കി. വിഷയത്തില്‍ അമേരിക്കന്‍ ചേരിയുടെയും റഷ്യയുടെയും നിലപാട് എന്താകുമെന്ന ആശങ്കയിലാണ് ലോകം.

ഫെബ്രുവരി 16ന് ഉക്രൈന്‍ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നുവെന്ന ആരോപണവുമായാണ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലിന്‍സ്‌കി രംഗത്തുവന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു സെലിന്‍സ്‌കിയുടെ അഭിപ്രായപ്രകടനം. എന്നാല്‍, പ്രസിഡന്റ് പരിഹാസരൂപേണ പറഞ്ഞതാണെന്നാണ് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മിഖൈലോ പോഡ്‌ലിയാക്കിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം യുദ്ധം നടക്കുമെന്നതിന് എന്താണ് തെളിവെന്ന് ചോദിച്ച് പാശ്ചാത്യ ചേരിക്കെതിരെ സെലിന്‍സ്‌കി രംഗത്തുവന്നിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് തള്ളിയായിരുന്നു സെലിന്‍സ്‌കിയുടെ പരസ്യപ്രതികരണം. എന്നാല്‍, റഷ്യ- അമേരിക്ക തര്‍ക്കക്കയത്തില്‍ കുടുങ്ങുകയാണ് ഉക്രൈനെന്നാണ് പുതിയ പ്രസ്താവനകള്‍ നല്‍കുന്ന സൂചന.

ഉക്രൈന്‍ വിഷയത്തില്‍ നയതന്ത്ര പരിഹാരം ഉണ്ടാകുമെന്ന് ബോറിസ് ജോണ്‍സണും ജോ ബൈഡനും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുവരും നാല്‍പത് മിനിറ്റോളം ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഉക്രൈനെതിരെ ആക്രമണം നടത്തിയാല്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന സൂചനയും ഇരുവരും പങ്കുവച്ചു. ഉക്രൈനെ നോറ്റോയോട് അടുപ്പിക്കാനുള്ള ശ്രമം തുടരുകയാണ് അമേരിക്കയും ബ്രിട്ടനുമെന്ന് വ്യക്തം. എന്നാല്‍, റഷ്യയുമായി വലിയ വ്യാപാര പങ്കാളിത്തമുള്ള ഫ്രാന്‍സും ജര്‍മനിയും റഷ്യക്കെതിരായ ഈ നീക്കത്തോട് യോജിച്ചേക്കില്ല. യൂറോപ്യന്‍ മണ്ണിനെ യുദ്ധക്കളമാക്കാനാണ് അമേരിക്കന്‍ ലക്ഷ്യമെന്നും വിമര്‍ശനമുയരുന്നുണ്ട്.

അതേസമയം, ഉക്രൈന്‍ അതിര്‍ത്തിയില്‍ വലിയ സൈനിക സന്നാഹങ്ങളുമായി റഷ്യ ഒരുങ്ങിത്തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ദൃശ്യങ്ങളും വീഡിയോകളും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവച്ചിരുന്നു. റഷ്യന്‍ എക്‌സ്പാന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകലാണ് പുടിന്റെ സ്വപ്നമെന്നാണ് മോസ്‌കോയില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇതിനിടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ ബാരലിന് 90 ഡോളറിലധികമായി. പ്രതിസന്ധി കടുത്താല്‍ ഈയാഴ്ച തന്നെ വില നൂറ് ഡോളര്‍കടന്നേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here