യുകെയിൽ ആദ്യ ലാസാ പനി സ്ഥിരീകരിച്ചു; ഒരു മരണം, ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം

ലാസാ പനി ബാധിച്ച് യുകെയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. പനി ബാധിച്ച് ബെഡ്‌ഫോഡ്‌ഷെയറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളാണ് മരിച്ചതെന്ന് യുകെ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് മൂന്നാംതരംഗം കുറയുന്നതിനിടെ യുകെയില്‍ ലാസാ പനി സ്ഥിരീകരിച്ചത് ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.

അതേസമയം, യുകെയില്‍ പനി സ്ഥിരീകരിച്ച മൂന്ന് കേസുകളും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ സമീപകാലത്ത് പശ്ചിമാഫ്രിക്കയിലേക്ക് യാത്ര നടത്തിയിരുന്നവരുമാണ്. അതിനാല്‍ വ്യാപകമായി പകരാനുള്ള സാധ്യത വളരെ കുറവാണെന്നും അതുകൊണ്ട് പൊതുജനാരോഗ്യത്തിന് ലാസാ വലിയ ഭീഷണിയുണ്ടാക്കുന്നില്ലെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ മാത്രം കണ്ടിരുന്ന വൈറല്‍ രോഗമാണ് ലാസാ പനി. 1969ല്‍ നൈജീരിയയിലെ ലാസാ നഗരത്തിലാണ് ആദ്യമായി കേസുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് വൈറസിന് ലാസാ എന്ന് പേര് നല്‍കിയത്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് യുകെയില്‍ ലാസാ പനി സ്ഥിരീകരിക്കുന്നത്.

ആഫ്രിക്കയില്‍ സാധാരണയായ എബോളക്ക് സമാനമായ ലക്ഷണങ്ങളാണ് ലാസാ പനിക്കുള്ളത്. വൈറസ് രോഗബാധിതരായവരുടെ ശരീരദ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും പകരും. ആഫ്രിക്കന്‍ വോള്‍വറിന്‍ എലിയാണ് പശ്ചിമാഫ്രിക്കയില്‍ വൈറസ് വാഹകരാകുന്നത്. രോഗം ബാധിച്ചവര്‍ക്ക് പനിയും തലവേദനയും ഒപ്പം കൈകാലുകളില്‍ വേദനയും ഉണ്ടാകും.

ഇതിന് പുറമെ തൊണ്ടവേദന, വരണ്ട ചുമ, നെഞ്ച് വേദന ഒപ്പം അടിവയറ്റില്‍ വേദന എന്നിവയുമുണ്ടാകും. തീവ്രമാകുന്ന ഘട്ടങ്ങളില്‍ മൂക്കിലൂടെയും വായിലൂടെയും മറ്റ് ശരീരഭാഗങ്ങളിലൂടെയും രക്തസ്രാവമുണ്ടാകും. എന്നാല്‍ ആദ്യഘട്ടങ്ങളില്‍ മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ലാസാ നേരത്തെ കണ്ടെത്താന്‍ സാധിക്കാറില്ല. ഗുരുതരമായ രോഗം ഉള്ളവര്‍ മരണത്തിന് സാധ്യതയുള്ളവരാണ്. എന്നാലും ഒരു ശതമാനം മാത്രമാണ് മരണനിരക്ക്. ഗര്‍ഭിണികള്‍ക്ക് ലാസാ ബാധിച്ചാല്‍ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here