‘കുടിവെള്ളമില്ല’; ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നത് മൃഗങ്ങൾ കുടിക്കുന്ന മലിന ജലം

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് നിന്ന് ഒരു വിളിപ്പാടകലെയുള്ള ആദിവാസി ഗ്രാമത്തിലെ കാഴ്ചകൾ ദയനീയമാണ്. മലനിരകൾക്ക് താഴെ താമസിക്കുന്ന ആയിരത്തിലധികം കർഷക കുടുംബങ്ങൾ അതിജീവനത്തിനായി പോരാടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. വൈദ്യുതിയും റോഡും അടക്കം പ്രാഥമിക സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട നിർധനർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് മൃഗങ്ങൾക്കായി വനം വകുപ്പ് പണി കഴിപ്പിച്ച വൃത്തിഹീനമായ കുളത്തെയാണ്.

ദിവസേന നാലഞ്ച് കിലോമീറ്റർ താണ്ടിയാണ് സ്ത്രീകളും കുട്ടികളും ഇവിടെയെത്തി തലച്ചുമടായി വെള്ളം കൊണ്ട് പോകുന്നത് .

ഈ പ്രദേശത്തെ മല നിരകളെ ബന്ധപ്പെടുത്തി നാലോളം അണക്കെട്ടുകളുണ്ട്. ഇവിടെ നിന്നാണ് മുംബൈ നഗരത്തിന് വെള്ളമെത്തുന്നത്. എന്നാൽ ഈ ഗ്രാമത്തിൽ ജീവിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചിരിക്കയാണ്. ബന്ധപ്പെട്ട അധികാരികൾക്കെല്ലാം നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

മൃഗങ്ങളും മനുഷ്യരും ഒരേ കുളത്തിൽ നിന്നാണിവിടെ വെള്ളം കുടിക്കുന്നതെന്നും മുംബൈ നഗരത്തിന് കുടിവെള്ളം നൽകുന്ന ഗ്രാമത്തിന്റെ അവസ്ഥയാണിതെന്നും സി പി ഐ എം നേതാവ് പി കെ ലാലി പരാതിപ്പെട്ടു.

മഹാരാഷ്ട്രയിൽ പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് ഷഹാപൂർ. മുംബൈക്കും നാസിക്കിനും ഇടയിലുള്ള ഷഹാപുരിലെ ഉൾഗ്രാമങ്ങളിൽ മലകളുടെ താഴ്വാരങ്ങളിൽ ജീവിക്കുന്ന ആദിവാസികളാണ് അതിജീവനത്തിനായി പൊരുതുന്നത്.

ജനപ്രതിനിധികളാൽ വഞ്ചിക്കപ്പെട്ട സമൂഹമാണ് ഈ പ്രദേശത്തെ ആദിവാസികളെന്നാണ് സുനിൽ ഖർപ്പട് പരാതിപ്പെടുന്നത്

ആയിരത്തിലധികം ആദിവാസി കുടുംബങ്ങളിലായി അയ്യായിരത്തോളം പട്ടിണിപാവങ്ങളാണ് അവഗണന ഏറ്റു വാങ്ങി കാലങ്ങളായി കഴിയുന്നതെന്ന് കിസാൻ സഭ ഷഹാപുർ താലൂക്ക് സെക്രട്ടറി കൃഷ്ണ ഭാവർ പറയുന്നു.

നിരവധി അപേക്ഷകൾ കൊടുത്തിട്ടും കുടിവെള്ളം നിഷേധിക്കപ്പെട്ട ജനതയുടെ കഷ്ടപ്പാടുകൾ ദയനീയമാണ്. തൊട്ടടുത്തുള്ള അണക്കെട്ടിൽ നിന്ന് ഒരു പൈപ്പ് ലൈൻ വഴി പരിഹാരം തേടാവുന്ന കുടി വെള്ള പ്രശ്നം ഇനിയും അധികാരികളുടെ ഔദാര്യം കാത്ത് കിടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News