യുക്രെയ്ൻ സംഘർഷത്തിൽ അയവ്; കുറച്ചു സൈനികരെ പിൻവലിച്ച് റഷ്യ

റഷ്യ – യുക്രെയ്ൻ സംഘർഷത്തിന് അൽപം അയവുവരുത്തി അതിർത്തിയിൽ നിന്ന് കുറച്ചു സൈനികരെ പിൻവലിച്ചതായി റഷ്യ അറിയിച്ചു.

എന്നാൽ, യുക്രെയ്ൻ ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. കണ്ടറിഞ്ഞാൽ മാത്രമേ പ്രതികരിക്കാനാവൂ എന്ന് യുക്രെയ്ൻ നേതൃത്വം അറിയിച്ചു. 2014ൽ പിടിച്ചെടുത്തു റഷ്യയുടെ ഭാഗമാക്കിയ ക്രൈമിയയിൽ നിന്നാണ് സൈനികരെ പിൻവലിച്ചത്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 1.3 ലക്ഷത്തിലേറെ റഷ്യൻ സൈനികരെ യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. പിന്മാറ്റ വാർത്തയെ തുടർന്ന് റഷ്യൻ റൂബിളിന്റെയും കടപ്പത്രങ്ങളുടെയും മൂല്യത്തിൽ കാര്യമായ വർധനയുണ്ടായി.

സൈനിക അഭ്യാസത്തിന് എത്തിയവരാണ് യുക്രെയ്ൻ അതിർത്തിയിലെ സൈനികരെന്നും അതു പൂർത്തിയായാലുടൻ അവർ മടങ്ങുമെന്നും റഷ്യ പറയുന്നു. യുഎസും പശ്ചാത്യരാജ്യങ്ങളും അടിസ്ഥാനമില്ലാതെ യുദ്ധഭീതി പരത്തുകയാണെന്നും യുക്രെയ്‍ൻ അധിനിവേശത്തിന് റഷ്യ പദ്ധതിയിട്ടില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

ഇതേസമയം, പ്രശ്നപരിഹാരത്തിന് നയതന്ത്രശ്രമങ്ങൾ ഊർജിതമാക്കി. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് യുക്രെയ്ൻ നേതൃത്വവുമായി ചർച്ചയ്ക്കുശേഷം ഇന്നലെ മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ചർച്ച നടത്തി. പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിന് യുഎസ്, നാറ്റോ പ്രതിനിധികളുമായി ചർച്ചയ്ക്കു തയാറാണെന്ന് പുടിൻ അറിയിച്ചു. യൂറോപ്പിലും ജർമനിയിലും സുസ്ഥിര സമാധാനത്തിന് റഷ്യയുടെ സഹകരണം അനിവാര്യമാണെന്ന് ഷോൾസ് പറഞ്ഞു. പോളണ്ടിന്റെ വിദേശകാര്യമന്ത്രി സ്പിജ്ന്യു റൗ റഷ്യയുടെ വിദേശകാര്യമന്ത്രി സെർജി ലവ്‍റോവുമായി കൂടിക്കാഴ്ച നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News