ചവറ എം.എല്‍.എ ഡോക്ടര്‍ സുജിത്ത് വിജയന്‍പിള്ളയുടെ നടക്കാവ് സ്‌കൂള്‍ യാത്രാ വിവരണം വൈറലാകുന്നു

‘ ഇന്നലത്തെ യാത്ര അത്ഭുതവും സന്തോഷവും നിറഞ്ഞതായിരുന്നു. ഇടതുപക്ഷ ഗവണ്‍മെന്റ് ആരംഭിച്ച 4 മിഷനുകളില്‍ ഭാവിതലമുറയ്ക്കുളള ഭാവനാസമ്പൂര്‍ണ്ണമായ പദ്ധതിയായിരുന്നു പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം. എന്റെ അച്ഛന്‍ എന്‍. വിജയന്‍പിളള, എംഎല്‍എ ആയിരുന്നപ്പോള്‍ ചവറ മണ്ഡത്തില്‍നിന്നും തേവലക്കര പഞ്ചായത്തിലെ അയ്യന്‍കോയിക്കല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളാണ് ഹൈടെക് സ്‌കൂളിനായി തെരഞ്ഞെടുത്ത് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. എംഎല്‍എ ഫണ്ട് ഉള്‍പ്പെടെ 6 കോടി രൂപയ്ക്ക് കെട്ടിടങ്ങളായി. ഇനിയും കുറെസൗകര്യങ്ങള്‍ കൂടിയെത്തിയാലേ ഹൈടെക് പൂര്‍ണ്ണമാകൂ.

എന്റെ മനസ്സിലെ ചിന്തകള്‍, അയ്യന്‍കോയിക്കല്‍ സ്‌കൂളിലെ എസ്.എം.സി, അദ്ധ്യാപകര്‍, മറ്റുജനപ്രതിനിധികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി പങ്കിട്ടുവരികയായിരുന്നു. ഇടവിട്ട ചര്‍ച്ചകളുടെ ഫലമായിട്ടാണ് കേരളത്തിന് മാതൃകയായി നില്‍ക്കുന്ന കോഴിക്കോട് നട്ക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് ഒരു പഠനയാത്രയ്ക്ക് ഞങ്ങള്‍ ഒരുങ്ങിയത്.

എന്നോടൊപ്പം പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം, എസ്.എം.സി. അംഗങ്ങളായ ഐ ഷിഹാബ്, മോഹനക്കുട്ടന്‍, സ്റ്റാഫ് സെക്രട്ടറി എമേഴ്‌സണ്‍, ആര്‍ക്കിടെക് ഷെര്‍ജി, അധ്യാപകപ്രതിനിധി അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഞങ്ങള്‍ ചെല്ലുന്ന വിവരം മുന്‍കൂട്ടി കോഴിക്കോട് നട്ക്കാവ് എച്ച്.എസ്.എസ്, കാരപ്പറമ്പ് എച്ച്.എസ്.എസ് അധികൃതരെയും ഹൈടെക് സ്‌കൂള്‍ ആദ്യമായി പ്രായോഗികമാക്കി വിസ്മയിപ്പിച്ച മുന്‍ എംഎല്‍എ പ്രദീപ്കുമാര്‍, ഇപ്പോഴത്തെ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരെയും അറിയിച്ചിരുന്നു. ഞങ്ങള്‍ എത്തുന്നത് കാത്തിരുന്നു.

സ്‌കൂള്‍ ഗേറ്റ് മുതല്‍ വിസ്മയം- കലാചാതുര്യമുളള കെട്ടിടങ്ങള്‍. നമ്മുടെ നാട്ടിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ രൂപസാദൃശ്യങ്ങളുമായി വിദൂരബന്ധം പോലുമില്ല. മനോഹരം, സുന്ദരം എന്ന് വിശേഷിപ്പിക്കാവുന്ന ക്ലാസ്മുറികള്‍, ആധുനിക ലാബുകള്‍, സാങ്കേതികമികവ് പുലര്‍ത്തുന്ന ലൈബ്രറികള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സിനായി പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ട്, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ശാസ്ത്ര-സാങ്കേതിക-കല-ക്ലബ്ബുകള്‍, ഇന്‍ഡസ്ട്രിയല്‍ കിച്ചണ്‍, ഡൈനിംഗ്ഹാള്‍, ക്ലീന്‍ ടോയ്‌ലറ്റുകള്‍, മുറ്റം നിറയെ ചെടികള്‍, പച്ചപ്പുകള്‍, മേല്‍മൂടിബൊഗൈന്‍വില്ലകള്‍ നിറച്ച നടപ്പാതകള്‍.
കുട്ടികളുടെ മനഃശാസ്ത്രം – എവിടെയും കാണാം. സര്‍ക്കാര്‍ സംവിധാനത്തിലാണോ ഈ കാഴ്ചകള്‍ എന്നു ചിന്തിച്ചുപോകും.

അക്കാദമിക് കാര്യങ്ങളിലും വലിയ മാറ്റങ്ങള്‍. വിവരിക്കുന്നില്ല, സ്വാഭാവികമായി വന്നുചേരുന്ന നിലവാരം. സ്‌കൂളിലെ കാഴ്ചകള്‍ കണ്ട് അത്ഭുതത്തിന്റെയും, അഭിമാനത്തിന്റെയും ചെറുലഹരിയില്‍ സമയം പോയതറിഞ്ഞില്ല. അറിയാതെ പറഞ്ഞുപോകും- ‘അന്താരാഷ്ട്രനിലവാരം എന്നൊക്കെപറഞ്ഞത് വെറുതെയല്ല’. എല്ലാവര്‍ക്കും അറിയുന്നപോലെ മുന്‍ എം.എല്‍.എ, എ. പ്രദീപ്കുമാറാണ് അന്താരാഷ്ട്രനിലവാരത്തിലൊരു സ്‌കൂള്‍ നിര്‍മ്മിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

വിവിധരംഗത്തെ വിദഗ്ദ്ധരുമായി നിരവധി കൂടികാഴ്ചകള്‍, അങ്ങനൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നു. മാസ്റ്റര്‍ പ്ലാനുമായി വിവിധസ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരെ സമീപിക്കുന്നു.
ഫൈസല്‍-ഷബാന ഫൗണ്ടേഷന്റെ ‘PRISM’ (Promoting Regional School to International Standards through Multiple Interventions) ഹൈടെക് പദ്ധതിയിലൂടെ രൂപം കൊടുത്തു. ഇതിലൂടെ മെച്ചപ്പെട്ട അക്കാദമിക് നിലവാരത്തിനുവേണ്ടി അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിവിധ പരിശീലനങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന ക്ലാസ്സുകള്‍, പുതിയ ഭൗതിക സൗകര്യങ്ങള്‍ക്ക് കൃത്യമായ സംരക്ഷണ സംവിധാനം തുടങ്ങിയവ ഫൗണ്ടേഷന്‍ ചുമതലയിലാണ്. സംരക്ഷണ ചുമതല 12 വര്‍ഷത്തേക്കാണ്. ഈ കാലാവധിയില്‍ സ്‌കൂള്‍ സ്വയംപര്യാപ്തതയിലെത്തണം. ഇങ്ങനെയൊക്കെ സ്വപ്നങ്ങള്‍ ഞങ്ങളും ഭാവനയില്‍ കാണാന്‍ തുടങ്ങി. വിശദമായ വിവരണത്തിലൂടെ ഞങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ചു.

അടുത്തയാത്ര കാരപ്പറമ്പ് എച്ച്.എസ്.എസിലേക്ക് . അവിടെയെല്ലാം പുതിയ നിര്‍മ്മിതികള്‍. ഇതാണ് കാലത്തിന് യോജിച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്ന് സമ്മതിച്ചുപോകും. കാരപ്പറമ്പില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. അവിടെയും ഹൃദ്യമായ സ്വീകരണം. വിശദമായ ചര്‍ച്ച – തിരിച്ചുപോരാന്‍ തോന്നാത്ത കാഴ്ചകള്‍.
ഞങ്ങളുടെ സ്വകാര്യചര്‍ച്ചയില്‍ ആവേശം നിറഞ്ഞുനിന്നു. നമ്മുടെ അയ്യന്‍കോയിക്കലും പൂര്‍ണ്ണമായും ഹൈടെക് ആകണ്ടേ….

ഞങ്ങളുടെ ചിന്തകള്‍ക്ക് ചൂടുപിടിച്ചു. ഭാവനാപൂര്‍ണ്ണമായ ആശയങ്ങള്‍ എല്ലാവര്‍ക്കും – ആ നല്ല അന്തരീക്ഷത്തിന്റേതാകാം.
ഇനിവേണ്ട സൗകര്യങ്ങള്‍ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. സര്‍ക്കാര്‍ ഫണ്ട്, പ്രവാസികളുടെ കൂട്ടായ്മ, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടിലെ പ്രമുഖര്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍ എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കണം. ഭാവിതലമുറയ്ക്ക് വേണ്ടി……..മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമൊരുക്കുവാന്‍ എല്ലാവരും സഹകരിക്കും.അതൊരുറച്ച തീരുമാനമാണ്.നമ്മുടെ നാട്ടിലും ഹൈടെക്കായ സ്‌കൂളുകാണാന്‍സന്ദര്‍ശകരെത്തുന്ന ദിനം-

സ്വപ്നവുമായി ഞങ്ങള്‍ മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News