നിയമസഭാ സമ്മേളനം ഈ മാസം 18 ന് ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 2022 ഫെബ്രുവരി 18-ാം തീയതി വെള്ളിയാഴ്ച ബഹു. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുകയാണ്. തുടര്‍ന്ന് ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച, സഭ യോഗം ചേര്‍ന്ന്, സഭാംഗമായിരുന്ന പി.ടി. തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി, മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയുന്നതാണ്. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കുന്നതാണ്. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല.

2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11-ാം തീയതി വെള്ളിയാഴ്ച, ബഹു.ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കുന്നതാണ്. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കുന്നതും മാര്‍ച്ച് 17-ാം തീയതി 2021-2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കുന്നതുമാണ്.

2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍ അക്കൗണ്ട് മാര്‍ച്ച് 22-ാം തീയതിയും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട്-ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21-ാം തീയതിയും മാര്‍ച്ച് 23-ാം തീയതിയും സഭ പരിഗണിക്കുന്നതുമാണ്.

അതേസമയം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കേരള നിയമസഭ 2021 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ (61) പ്രവര്‍ത്തിക്കുകയുണ്ടായി എന്നത് ശ്രദ്ധേയമാണ്. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തുവാന്‍ ഇന്ത്യയില്‍ ആദ്യം തീരുമാനിച്ചത് കേരളത്തിലാണ്. ഇത് സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു പോകാന്‍ സഹായിച്ചു. ജനാധിപത്യത്തിന്റെ കേരള മാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഈ മികച്ച നേട്ടം അഭിമാനകരമാണ്. ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഒരുപോലെ ഈ നേട്ടത്തിന്റെ പങ്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News