ഇരുപത് വര്‍ഷത്തെ നിയമ പോരാട്ടം; ഇന്‍ഷുറന്‍സ് തുക നേടിയെടുത്ത് ഗുജറാത്ത് കലാപ ഇര

ഗുജറാത്ത് കലാപത്തില്‍ കത്തി നശിച്ച വ്യാപാര സ്ഥാപനത്തിന്‍മേലുള്ള ഇന്‍ഷുറന്‍സ് തുകക്കായ് വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലായിരുന്നു വഡോദരയിലെ സുഗന്ധവ്യഞ്ജന വ്യാപാരി ഹാജി ഷംസുദ്ദീന്‍ മാര്‍ചവാല.

2002 ഫെബ്രുവരി 28ന് ഗോധ്ര ട്രെയിന്‍ തീവെപ്പിനെ തുടര്‍ന്ന് ഗുജറാത്തില്‍ അരങ്ങേറിയ വര്‍ഗീയ ലഹളയില്‍ മാര്‍ചവാലയുടെ കടയില്‍ സൂക്ഷിച്ചിരുന്ന വറ്റല്‍ മുളകിന്റെ വന്‍ സ്റ്റോക്ക് കലാപകാരികളാല്‍ കൊള്ളയടിക്കപ്പെടുകയും കത്തി നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

9.5 ലക്ഷത്തോളം നഷ്ടം കണക്കാക്കി പാനിഗേറ്റ് പോലീസ് സ്റ്റേഷനില്‍ മാര്‍ചവാല പരാതി സമര്‍പ്പിച്ചിരുന്നു. പക്ഷെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്റ്റോക്കിന് മുകളില്‍ കടയുടമക്ക് അവകാശം ഇല്ലെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ല.

ഇതിനെതിരെ മാര്‍ചവാല 2003 സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കടയില്‍ സൂക്ഷിച്ചിരുന്ന സ്റ്റോക്ക് മറ്റ് മൂന്നു വ്യാപാരികളുടെതാണെന്നും കമ്മീഷനു വേണ്ടി മാത്രം കടയില്‍ സൂക്ഷിച്ചതാണെന്നുമുള്ള വാദത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ഉറച്ചുനിന്നു. 2013 മുതല്‍ 2015 വരെ തെളിവുകള്‍ ഒന്നും ഹാജരാക്കാഞ്ഞത് കേസ് മനഃപൂര്‍വ്വം നീട്ടിക്കൊണ്ടുപോവാനാണെന്നും ഇന്‍ഷുറന്‍സ് കമ്പനി ആരോപിച്ചു.

എന്നാല്‍, സാധനങ്ങളുടെ വിതരണക്കാര്‍ക്ക് പണം നല്‍കിയതിന് പരാതിക്കാരന്റെ പക്കല്‍ തെളിവുണ്ടെന്നും സാധനങ്ങള്‍ ഇയാളുടേതല്ലെന്നും മറ്റുള്ളവര്‍ക്കായി സൂക്ഷിച്ചതാണെന്നും സ്ഥാപിക്കാന്‍ ഇന്‍ഷുറന്‍സ് സ്ഥാപനത്തിന് കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി. കോടതി കേസ് ഭാഗികമായി അനുവദിക്കുകയും പരാതിക്കാരന് 2002 ഒക്ടോബര്‍ 16 മുതല്‍ 6% പലിശ സഹിതം 7.6 ലക്ഷം രൂപ നല്‍കാന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിനോട് ഉത്തരവിടുകയും ചെയ്തു. രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനാണ് കോടതിവിധിയോടെ വിരാമമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News