സമകാലിക വിഷയങ്ങള്‍ നൃത്ത ചുവടുകളിലൂടെ അവതരിപ്പിച്ച് ‘രുക്മിണി വിജയകുമാര്‍’

ആസ്വാദക ഹൃദയത്തില്‍ എക്കാലവും സ്ഥാനമുള്ള നൃത്തരൂപമാണ് ഭരതനാട്യം. മനോഹരമായ കഥകളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കാണികളെ കയ്യിലെടുക്കാന്‍ ഭരതനാട്യത്തിന് കഴിയും. ചടുലമായ ചുവടുകളും മെയ്‌വഴക്കവും വേണ്ട ഭരതനാട്യത്തില്‍ വേഷഭൂഷാദികള്‍ക്കും സുപ്രധാന പങ്കുണ്ട്. എന്നാല്‍ വേഷവും ആഭരണങ്ങളും ഒന്നുമല്ല നര്‍ത്തകിയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതെന്ന് തെളിയിക്കുകയാണ് രുക്മിണി വിജയകുമാറിന്റെ അവതരണം.

രുക്മിണിയുടെ ഏറ്റവും പുതിയ നൃത്താവിഷ്‌കാരം, ‘ദി അബ്ഡക്റ്റഡ്’ ഏറെ പ്രേക്ഷകശ്രദ്ധ നേടി. ഇന്ത്യന്‍ ആട്ടകളരി ബീനായലിനുവേണ്ടി രുക്മിണി ചെയ്ത നൃത്തമാണ് ് ‘ദി അബ്ഡക്റ്റഡ്’. ഇന്ന് നൃത്ത ലോകത്തിന്റെ മുദ്രകളിലും ചുവടുകളിലും നിറഞ്ഞുനില്‍ക്കുകയാണ് ‘ദി അബ്ഡക്റ്റഡ്’.

എന്നും സ്ത്രീ മുന്നേറ്റ വിഷയങ്ങള്‍ നൃത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന രുക്മിണിയ്ക്ക് ഇത്തവണയും വിഷയം തെരഞ്ഞെടുക്കാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ‘ഒരു സ്ത്രീയുടെ ശരീരം അവള്‍ക്ക് സ്വന്തമാണ്. സ്വന്തമല്ലാതിരിക്കുന്ന ശരീരം ആക്ഷേപ്പിക്കപ്പെടുന്നു. 12നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ ഒരു കാലഘട്ടം. അപ്പോഴാണ് ലൈംഗിക വേട്ടക്കാര്‍ ഏറ്റവും കൂടുതല്‍ മുതലെടുക്കുന്നത്,’ രുക്മിണി പറയുന്നു.

ഇന്ത്യന്‍ സമകാലികവും ഭരതനാട്യവും കൂട്ടിച്ചേര്‍ത്താണ് രുക്മിണിയുടെ ആവിഷ്‌കാരം. കല ജനകീയം ആയിരിക്കണമെന്നും അതില്‍ സാമൂഹിക സമകാലിക വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കണം എന്നതുമാണ് രുക്മിണിയുടെ അഭിപ്രായം.

ഇതര കലാരൂപങ്ങളെ അപേക്ഷിച്ച് നൃത്തരൂപത്തിനു വളരെ പ്രാധാന്യമുണ്ട്. അതില്‍ ആശയം പലപ്പോഴും രണ്ടാമതായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. എന്നാല്‍ ഈ കാഴ്ചപ്പാടിനെ മാറ്റിക്കൊണ്ടാണ് രുക്മിണി നൃത്തലോകത്തില്‍ ഒരു പുതിയ അദ്ധ്യായം തുറന്നത്.

അടവുകളെയും വിന്യസിക്കുന്ന കഥയെയും വേര്‍പിരിച്ച് അനുഭവിക്കാന്‍ സാധിക്കാത്തവിധമുള്ള ഇഴുകിച്ചേരലാണ് ഭരതനാട്യത്തിന്റെ സ്വാഭാവികതയെ നിര്‍ണയിക്കുന്ന ഘടകം. ലോകത്തെവിടെയും ഭക്തി, പ്രണയം, ദുഖം ഈ മൂന്നുവികാരങ്ങള്‍ക്കും ഒരിക്കലും മൂല്യം നഷ്ടപ്പെടാറില്ല. പൊതുവെ നൃത്തത്തില്‍ അവതരിക്കപ്പെടുന്ന കഥകള്‍ പുരാണ കഥകളായിരിക്കും. എന്നാല്‍, എല്ലാവര്‍ക്കും പരിചിതമായ കഥകള്‍ അവതരിപ്പിക്കുന്നതാണ് അതിനേക്കാള്‍ നല്ലതെന്നും സാമൂഹിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും രുക്മിണി വിശ്വസിക്കുന്നു. അതുതന്നെയാണ് രുക്മിണിയെ വേറിട്ടതാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here