പരീക്ഷണങ്ങള്‍ക്ക് മൃഗങ്ങള്‍ വേണോ?

ശാസ്ത്ര ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ധാരാളം മൃഗങ്ങളാണ് ഓരോ ദിനവും ബലിയാക്കപ്പെടുന്നത്. മനുഷ്യന്റെ ജീവനു വിലയുള്ളതു പോലെ മൃഗങ്ങളുടെ ജീവനും വിലയുണ്ട്. ഈ തിരിച്ചറിവ് സ്വിറ്റ്‌സര്‍ലന്‍ഡിനെ ജനകീയ ഹിതപരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു ഹിത പരിശോധന നടന്നത്. ഹിത പരിശോധന നടപ്പിലാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.

എലി, മുയല്‍, കുരങ്ങ് തുടങ്ങി മനുഷ്യനുമായി ജനിതകമായി സാദൃശ്യമുള്ള ജീവികളിലാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. പുതുതായി വികസിപ്പിച്ചെടുക്കുന്ന പല മരുന്നുകളും നേരിട്ട് മൃഗങ്ങളില്‍ കുത്തി വെയ്ക്കുകയാണ്. പരീക്ഷണം പരാജയപ്പെട്ടാല്‍ ജീവന്‍ ഇല്ലാതെയാകും. തുടര്‍ന്ന് മറ്റൊരു ജീവിയില്‍ പരീക്ഷിക്കും. അതും പരാജയപ്പെടുമ്പോള്‍ മറ്റൊരു ജീവിയില്‍. ഇങ്ങനെ ലബോറട്ടറികളില്‍ ഇല്ലാതെയാകുന്നത് അനേകം ജീവനുകളാണ്. പരീക്ഷണം വിജയിച്ചാലും, ഇരയാകുന്ന ജീവിയ്ക്ക് സ്വാഭാവിക ജീവിതത്തിലേക്ക് പ്രവേശിയ്ക്കുവാന്‍ സാധിയ്ക്കാതെ വരുന്നു.

ജീവികളില്‍ നടത്തുന്ന എല്ലാ പരീക്ഷണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രചാരണമാണ് സ്വിസര്‍ലന്‍ഡില്‍ നടന്നത്. 2020 ല്‍ മാത്രം സ്വിസര്‍ലന്‍ഡ് ലബോറട്ടറികളില്‍ ചത്തൊടുങ്ങിയത് 5 ലക്ഷം ജീവികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ മരുന്നു നിര്‍മ്മാണ കമ്പനികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ജനഹിതപരിശോധന തേടിയത്. പുതിയ മരുന്നുകളുടെ നിര്‍മ്മാണത്തിന് മൃഗങ്ങളില്‍ പരീക്ഷണം ആവശ്യമാണെന്ന് മരുന്ന് നിര്‍മ്മാണ കമ്പനി ഭീമന്മാരായ റോച്ചെ, നോവര്‍ട്ടീസ് എന്നിവര്‍ വാദിച്ചിരുന്നു.

ജനഹിത പരിശോധനയുടെ ഫലം വരുമ്പോഴറിയാം ലബോറട്ടറികളിലില്ലാതെയാകുന്ന ജീവനുകള്‍ക്ക് ശമനമുണ്ടാകുമോ, മരുന്ന് നിര്‍മ്മാണ കമ്പനികള്‍ പരീക്ഷണങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമോയെന്നും.!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here