കേരളത്തിലെ ഐ.ബി.പി.എസ് ഇൻറർവ്യൂ കേന്ദ്രങ്ങൾ നിർത്തലാക്കിയ നടപടി തിരുത്തണം: ഡോ. വി ശിവദാസൻ എംപി

കേരളത്തിലെ ഐ.ബി.പി.എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ) ഇൻറർവ്യൂ കേന്ദ്രങ്ങൾ നിർത്തലാക്കിയ തീരുമാനം തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപി ഐ.ബി.പി.എസ് ചെയർമാന് കത്ത് നൽകി.

ബാങ്കിങ്ങ് ഉദ്യോഗാർത്ഥികളായ പതിനായിരത്തിലേറെ യുവതീ യുവാക്കളാണ് കേരളത്തിൽ നിന്ന് പരീക്ഷ എഴുതാറുള്ളത്. അതിൽ, പരീക്ഷ പാസാകുന്ന ഉദ്യോഗാർത്ഥികൾക്ക് കേരളത്തിൽ തന്നെയായിരുന്നു ഇൻ്റർവ്യൂ നടത്തി വന്നിരുന്നത്. എന്നാൽ ഈ വർഷം പരീക്ഷ പാസായവരോട് കർണാടകയിലെ ബാംഗ്ലുരുവിൽ ഇൻ്റർവ്യൂവിന് ഹാജരാകാനാണ് ഐ.ബി.പി.എസ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ബാങ്കിംഗ് സർവ്വീസ് റിക്രൂട്ട്മെൻ്റ് ബോർഡ് (ബി.എസ്.ആർ.ബി.) എന്ന, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം 2001ൽ അന്നത്തെ യുപിഎ സർക്കാർ പിരിച്ചുവിട്ടിരുന്നു. പിന്നീട് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായാണ് സ്വയംഭരണ സ്ഥാപനമായി ഐ.ബി.പി.എസ് തുടങ്ങാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത്. ബി.എസ്.ആർ.ബി നിലവിലുള്ള നാൾ മുതൽ തന്നെ കേരളത്തിൽ പരീക്ഷാ കേന്ദ്രവും ഇൻ്റർവ്യൂ കേന്ദ്രവും ഉണ്ടായിരുന്നു.

കേരളത്തിൽ നിന്ന് ഇൻ്റർവ്യൂ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് പ്രത്യേകിച്ചും, കേരളീയരായ ഉദ്യോഗാർത്ഥികളെ ഇത്തരത്തിൽ ദീർഘദൂര യാത്രയിലേക്കും ആൾക്കൂട്ട ഇടങ്ങളിലേക്കും തള്ളിവിടുന്നതിൽ വലിയ ശരികേടുണ്ട് എന്ന് നമുക്ക് നിസ്സംശയം കാണാൻ കഴിയും.

നിലവിൽ, കേരളത്തോട് യൂണിയൻ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന അവഗണനാ മനോഭാവത്തിന്റെ ചുവട് പിടിച്ചുകൊണ്ടാണോ ഐ.ബി.പി.എസ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത് എന്നാണ് ന്യായമായും സംശയിക്കേണ്ടത്.

ഒരു സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ പരീക്ഷ നടത്തിപ്പിന്റെ കാര്യക്ഷമതയും ഉദ്യോഗാർഥികളുടെ സൗകര്യവുമാണ് ഐ.ബി.പി.എസ് കണക്കിലെടുക്കേണ്ടത്. എന്നാൽ, ഇത്തരം പ്രശ്നങ്ങളോ മറ്റ് ന്യായമായ കാരണങ്ങളോ നമുക്ക് ഇവിടെ കാണാനാകില്ല.

അതിനാൽ തന്നെ, നിലവിൽ കൈക്കൊണ്ടിട്ടുള്ള നടപടിയിൽ നിന്ന് പിന്തിരിയുവാനും കേരളത്തിൽ ഇന്റർവ്യൂ കേന്ദ്രങ്ങൾ അനുവദിക്കുവാനും ഐ.ബി.പി.എസ് തയാറാവണമെന്നും ഡോ. വി ശിവദാസൻ എംപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News