തൃപ്പൂണിത്തുറയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയ്ക്ക് ക്രൂരമര്‍ദനം

കൊച്ചി തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയ്ക്ക് മർദനമേറ്റു. പുതിയകാവ് സ്വദേശിനി ഷിജിക്കാണ് സഹപ്രവർത്തകയുടെ ഭർത്താവിൽ നിന്നും മർദനമേറ്റത്.

ഹെൽമറ്റ് കൊണ്ടുള്ള മർദനമേറ്റ ഷിജിയുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു.യുവതിയുടെ പരാതിയിൽ തൃപ്പൂണിത്തുറ സ്വദേശി സതീഷിനെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു.സംഭവത്തെത്തുടർന്ന് മുങ്ങിയ ഇയാളെ ഉടൻ പിടികൂടുമെന്ന് ഹിൽപാലസ് സി ഐ അറിയിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.തൃപ്പൂണിത്തുറയിലെ സൂപ്പർമാർക്കറ്റിൽ ഹോം ഡെലിവറി കോളുകൾക്കായി ഉപയോഗിക്കുന്ന ഫോണിലേക്ക് ഒരു ഫോൺ വരികയും കോൾ എടുത്ത ഷിജിയോട് സഹപ്രവർത്തകയ്ക്ക് ഫോൺ നൽകാൻ പറയുകയും വിളിച്ചയാൾ സഹപ്രവർത്തകയുടെ ഭർത്താവാണെന്ന് അറിയിക്കുകയും ചെയ്തു.എന്നാൽ ആസമയത്ത് ഫോൺ കൈമാറാൻ കഴിഞ്ഞില്ലെന്നും ഇതിൽ പ്രകോപിതനായ ഇയാൾ നേരിട്ട് സൂപ്പർമാർക്കറ്റിലെത്തി തന്നെ ഹെൽമറ്റ്കൊണ്ട് മർദിക്കുകയുമായിരുന്നുവെന്നും ഷിജി പറഞ്ഞു.

യുവതിയുടെ പരാതിയിൽ തൃപ്പൂണിത്തുറ സ്വദേശി സതീഷിനെതിരെ കേസെടുത്ത ഹിൽപാലസ് പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സതീഷ് മുങ്ങിയിരുന്നു.അതേ സമയം പൊലീസ് നടപടിയെടുക്കാൻ വൈകിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ഹിൽപാലസ് സിഐ കെ ജി അനീഷ് പറഞ്ഞു.

സംഭവത്തിൽ സാരമായി പരിക്കേറ്റ യുവതിക്ക് ചികിത്സ ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകിയതെന്നും പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തതെന്നും സി ഐ അനീഷ് വ്യക്തമാക്കി.

സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സൂപ്പർമാർക്കറ്റിലെത്തി പൊലീസ് ശേഖരിച്ചിരുന്നു.സതീഷിൻറെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News