കണ്ണൂരിലെ ബോംബേറ്: വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിലായി

കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതികളെ സഹായിക്കാന്‍ വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിലായി. കേസിലെ പ്രധാന പ്രതി മിഥുന്റെ സുഹൃത്ത് സനാദി (25) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന ദിവസം ഉച്ചയോടെ സനാദ് കാറില്‍ സ്ഥലത്ത് എത്തുകയായിരുന്നു. ഇതിനുശേഷമാണ് ബോംബേറ് നടന്നത്. ബോംബേറ് നടത്തുമ്പോള്‍ പ്രദേശവാസിയായ ആരുടെയെങ്കിലും സഹായം വേണമെന്നു മിഥുന്‍ ചിന്തിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സനാദിന്റെ സഹായം തേടിയത്.

സനാദിന് ഗുണ്ടാ സംഘങ്ങളുമായി സൗഹൃദമുണ്ടായിരുന്നു. ബോംബാക്രമണത്തിനു ശേഷം എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ നേരിടാനാണ് വടിവാളുമായി സനാദ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായാണ് തങ്ങളുടെ കൂട്ടത്തിലുള്ള ആള്‍ക്ക് തന്നെ ബോംബ് കൊണ്ടത്. അപ്രതീക്ഷിത സംഭവം നടന്നതോടെ പ്രതികള്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

മിഥുന്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടത് സനാദിന്റെ കാറിലാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സനാദിന്റെ കൈയില്‍ വടിവാളുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. സനാദ് സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.

ആക്രമണം നടന്നാല്‍ പ്രതിരോധിക്കാനായി പ്രതികള്‍ ഗുണ്ടാ സംഘത്തിന്റെ സഹായം തേടിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സനാദ് പിടിയിലായത്. അതേസമയം, ഇന്നലെ എടക്കാട് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ ഏച്ചൂര്‍ സ്വദേശികളായ മിഥുന്‍, ഗോകുല്‍ എന്നിവരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. കീഴടങ്ങിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. അറസ്റ്റിലായവരുടെ എണ്ണം ഇതോടെ നാലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News