
മഹാരാഷ്ട്രയിൽ ഷഹാപൂരിലെ ഉൾഗ്രാമങ്ങളിൽ ജീവിക്കുന്ന അയ്യായിരത്തോളം വരുന്ന ആദിവാസികളുടെ ദുരിത ജീവിതത്തിന് അറുതിയായി. പതിറ്റാണ്ടുകളായി പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുന്ന ആദിവാസി ഗ്രാമത്തിലേക്ക് ഇനി വാഹനങ്ങളെത്തും.
കാലങ്ങളായി കാൽ നടയായി മൈലുകൾ താണ്ടിയാണ് ഈ കുടുംബങ്ങൾ നഗരത്തിൽ കൂലി വേല ചെയ്യാനും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുമെല്ലാം പോയിരുന്നത്. മഴക്കാലങ്ങളിൽ മാത്രം കൃഷി ചെയ്തിരുന്ന ഇവരെല്ലാം പിന്നീടുള്ള നാളുകളിൽ കൂലി വേല ചെയ്താണ് ഉപജീവനം നടത്തുന്നത്.
ഒരു റോഡിനായുള്ള കാത്തിരിപ്പിൽ പ്രതീക്ഷ മങ്ങിയപ്പോഴാണ് ഗ്രാമവാസികൾ ശ്രമദാനത്തിലൂടെ റോഡ് നിർമ്മിക്കാനായി ഇറങ്ങിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന മൂവായിരത്തി അഞ്ഞൂറ് ഗ്രാമവാസികൾ ഒത്തു പിടിച്ചതോടെ വാഹനയോഗ്യമായ റോഡിന്റെ പണി മൂന്ന് ദിവസം കൊണ്ടാണ് പൂർത്തിയായത്. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ യാത്രാപ്രശ്‌നത്തിനാണ് പരിഹാരമായത്.
കിസാൻ സഭ ഷഹാപുർ താലൂക്ക് സെക്രട്ടറി കൃഷ്ണ ഭാവർ, സിപിഐഎം ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി, ഷഹാപുർ താലൂക്ക് സെക്രട്ടറി ഭാരത് വളമ്പ, താനെ പാൽഘർ ജില്ലാ കമ്മറ്റിയംഗം സുനിൽ കർപ്പട് തുടങ്ങിയ നേതാക്കൾ ശ്രമദാനത്തിന് നേതൃത്വം നൽകി.
ഗ്രാമത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ കാൽ നടയായി പോകണം ഒരസുഖം വന്നാൽ ആശുപത്രിയിലെത്താൻ. ഗർഭിണികളെ അടക്കം കാലപ്പഴക്കം ചെന്ന ഡോളി സമ്പ്രദായത്തിലൂടെ തോളിലേറ്റിയാണ് ആശുപത്രികളിലെത്തിച്ചിരുന്നതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കമൽ വളമ്പ പറയുന്നു.
ഇതിനിടയിൽ സമയോചിതമായ ചികിത്സ ലഭിക്കാതെ പൊലിഞ്ഞു പോയ ജീവിതങ്ങൾ നിരവധിയാണ്.
ഇതിനൊരു പരിഹാരമായാണ് പ്രദേശത്തെ സി പി ഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് ദിവസം കൊണ്ട് ഏകദേശം 14 കിലോമീറ്റർ നീണ്ട ചെമ്മൺ പാതയുടെ പണി ശ്രമദാനത്തിലൂടെ പൂർത്തിയാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here