ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിക്കും; മന്ത്രി ആര്‍.ബിന്ദു

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ ലൈബ്രറികളെയും ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ചുകൊണ്ട് എവിടെയിരുന്നും വിദ്യാർത്ഥികൾക്ക് വിവരങ്ങൾ ശേഖരിക്കാവുന്ന സംവിധാനത്തിന് രൂപം കൊടുക്കാനുള്ള പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു .

വട്ടിയൂർകാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നിർമിച്ച ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കൂടാതെ അന്തർ ദേശീയ നിലവാരമുള്ള ജേണലുകളുടെ കൺസോർഷ്യം സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാവുന്ന രീതിയിലാണ് കൺസോർഷ്യത്തിന്റെ രൂപീകരണമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മുന്തിയ പരിഗണന നൽകി ഈ രംഗത്തെ ഗുണമേന്മാ വർധനവിനായി സർക്കാർ വലിയ ഇടപെടലുകൾ നടത്തി വരികയാണ്. ഈ മേഖലയിൽ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ മൂന്ന് കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്. അവരുടെ ഇടക്കാല റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള റിപ്പോർട്ടും സമർപ്പിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.

ഉദ്പ്പാദന മേഖലയ്ക്ക് പ്രധാന പരിഗണന നൽകുന്ന കാലത്ത് ഈ മേഖലയിൽ സഹായകരമായ ഉപകരണങ്ങളുടെ നിർമാണത്തിനടക്കം യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തിൽ നൂതന അറിവുകളിലേക്കും കണ്ടുപിടുത്തങ്ങളിലേക്കും നയിക്കാൻ കൂടി കലാലയ സമൂഹം തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൊഴിൽ ലഭ്യമാക്കുന്നതിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാവുന്ന വിധത്തിൽ വൈദഗ്ധ്യ പോഷണം നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ജോലിയും വൈദഗ്ധ്യവും തമ്മിലുള്ള സംയോജനം സാധ്യമാക്കുന്നതിന് സംസ്ഥാനത്തുടനീളം നിരവധി ജോബ് ഫെയറുകൾ നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.

വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.റീന കെ.എസ്, കൗൺസിലർമാരായ നന്ദഭാർഗ്ഗവ്, ഐ.എം.പാർവതി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയ്ന്റ് ഡയറക്ടർ ബീന.പി, ജോയ്ന്റ് ഡയറക്ടർ കെ.എൻ ശശികുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രേം കുമാർ.എം, പ്രിൻസിപ്പാൾ സിനിമോൾ.കെ.ജി തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News