നട്ടാൽ മുളയ്ക്കാത്ത നുണകളും കണ്ണു നിറയ്ക്കുന്ന ദൈന്യതയും ചാലിച്ചാണ് ചില മാധ്യമങ്ങൾ മുഖപ്രസംഗമെഴുതിയിരിക്കുന്നത് ; സി.സത്യപാലൻ

മാതമംഗലം തൊഴിൽ സമര‍വുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത്‌ പച്ചനുണകളെന്ന് സിപിഐഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി.സത്യപാലൻ. മലയാള മാധ്യമങ്ങളിൽ അനവസരത്തിൽ അതിവൈകാരികത ചേർത്ത് പച്ച നുണകളെ പർവ്വതീകരിച്ച് രാഷ്ട്രീയ ശത്രുക്കൾക്കു നേരെ പ്രയോഗിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുള്ള പാരമ്പര്യം കൂടുതൽ അവകാശപ്പെടാനുള്ളത് മലയാള മനോരമയ്ക്കാണ്. അതിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ് ഇന്നത്തെ മനോരമ മുഖപ്രസംഗമെന്നും സി.സത്യപാലൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സി.സത്യപാലന്‍റെ ഫെയ്സ്ബുക്ക് കുറുപ്പിന്‍റെ പൂര്‍ണരൂപം ;

ബഹുമാന്യനായ മലയാള മനോരമ പത്രാധിപർക്ക്,

താങ്കൾ ഈ കുറിപ്പ് കാണാനോ വായിക്കാനോ സാധ്യത ഇല്ലെന്ന് എനിക്കറിയാം. എന്നാൽ ഇന്ന് താങ്കളുടെ പത്രത്തിലെമുഖപ്രസംഗം വായിച്ച ചിലരെങ്കിലും ഈ കുറിപ്പ് വായിക്കുമെന്ന പ്രതീക്ഷയോടെയാണ് ഞാനിത് ഇവിടെ കുറിക്കുന്നത്.

മലയാള മാധ്യമങ്ങളിൽ അനവസരത്തിൽ അതിവൈകാരികത ചേർത്ത് പച്ച നുണകളെ പർവ്വതീകരിച്ച് രാഷ്ട്രീയ ശത്രുക്കൾക്കു നേരെ പ്രയോഗിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുള്ള പാരമ്പര്യം കൂടുതൽ അവകാശപ്പെടാനുള്ളത് മലയാള മനോരമയ്ക്കാണ്.അതിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ് ഇന്നത്തെ മനോരമ മുഖപ്രസംഗം.

മാതമംഗലത്തെ ചുമട്ടുതൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ നട്ടാൽ മുളക്കാത്ത നുണകളും മേമ്പൊടിക്ക് കണ്ണു നിറയ്ക്കുന്ന ദൈന്യതയും വാക്കുകളിൽ ചാലിച്ചാണ് മനോരമ മുഖ പ്രസംഗമെഴുതിയിരിക്കുന്നത്.

അധികാര രാഷ്ടീയത്തിൻ്റെ ഏതു ക്രൂര മനോഭാവമാണ് മാതമംഗലത്ത് മനോരമ കണ്ടെത്തിയിരിക്കുന്നത്.സാധാരണക്കാരിൽ സാധാരണക്കാരായ ചുമട്ടു തൊഴിലാളികൾ അവരുടെ തൊഴിൽ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പന്തൽ കെട്ടി തൊഴിലാളികൾ സമരം ചെയ്തു വരുന്നത്.

സമരം കാരണം രണ്ടു കടകൾ പൂട്ടിയെന്നത് തീർത്തും അടിസ്ഥാന രഹിതമാണ്.

കട പൂട്ടിയത് തൊഴിലാളികൾ സമരം ചെയ്തത് കൊണ്ടല്ല. കട പൂട്ടിക്കാൻ തൊഴിലാളികൾ ശ്രമിച്ചിട്ടുമില്ല . ഉടമ സ്വന്തം തീരുമാന പ്രകാരം പൂട്ടിയ ഒരു കടയിലെ കയറ്റിറക്കിന് ചുമട്ടുതൊഴിലാളികൾക്കുള്ള അവകാശം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരം നടത്തുന്നത്. അതും കടയുടെ പ്രവർത്തനത്തെ അൽപ്പം പോലും തടസ്സപ്പെടുത്താതെ.

രണ്ടാമത് പൂട്ടിയെന്ന് പറയുന്ന കടയിൽ ഒരു സമരവും നടന്നിട്ടില്ല.ഈ കടയുടെ ഉടമ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹിയാണ് .ഇയാളും തൊഴിലാളികളും തമ്മിൽ ഒരു തൊഴിൽ തർക്കവുമില്ല.

മാതമംഗലം ടൗണിലുണ്ടായ സംഘർഷത്തിൻ്റെ മറവിൽ ഇയാൾ തൊഴിലാളികൾക്കെതിരെ പരാതി നൽകിയതാണ് വിഷയം.ഇതും കട തുറക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല .മറ്റെന്തോ കാരണത്താൽ കട പൂട്ടിയതിനെ തൊഴിൽ സമരവുമായി കൂട്ടിക്കുഴച്ച് താറടിച്ചു കാണിക്കാനുള്ള അടവാണിത്.ഈ സംഭവത്തെയാണ് പെരും നുണകൾ കലർത്തി തൊഴിലാളികൾക്കെതിരെ തിരിക്കുന്നത്.

തൊഴിൽ തർക്കമുള്ള കട തുറക്കുന്നതിനോ കയറ്റിറക്ക് നടത്തുന്നതിനോ ഒരു തടസ്സവും നിൽക്കാതിരുന്നിട്ടും മനോരമ പതിറ്റാണ്ടുകളായി പിന്തുടർന്ന് പോരുന്ന തൊഴിലാളി വിരുദ്ധ ജ്വരത്താൽ ഉറഞ്ഞ് തുള്ളുകയാണ്.

ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളെ മാറ്റി പുറമേ നിന്ന് ആളുകളെ കൊണ്ടു വന്ന് കയറ്റിറക്ക് നടത്തുന്നതിനെതിരെയാണ് സമരം.

മാതമംഗലം ടൗണിൽ മറ്റൊരു കടയിലും ഇത്തരത്തിൽ തൊഴിൽ തർക്കമില്ല. തൊഴിലാളികളും കച്ചവടക്കാരും തികച്ചും സൗഹാർദ്ദ പരമായാണ് പ്രവർത്തിക്കുന്നത് .ഐ എൻ ടി യു സി തൊഴിലാളികളും സി.ഐ.ടി.യു സമരത്തിന് പിന്തുണ നൽകുന്നുണ്ട്

രാജ്യത്തെ നിയമ സംവിധാനത്തെ തന്നെ വെല്ലുവിളിച്ച് ഒരു സംരംഭകൻ്റെ സ്വന്തം തൊഴിലാളികൾ ഒരു നാട്ടിൽ കലാപമുണ്ടാക്കുന്നതും പോലീസ് ജീപ്പ് കത്തിക്കുന്നതുമെല്ലാം കേരളം കണ്ടിട്ട് അധിക നാളായില്ല. പ്രാദേശിക ഭരണം തന്നെ പണക്കൊഴുപ്പുകൊണ്ട് വിലയ്ക്ക് വാങ്ങിയ മുതലാളിയുടെ തനി സ്വരൂപം മനോരമയക്കമുള്ള മാധ്യമങ്ങൾ മറച്ചു വെച്ചിട്ടും ജന മറിയുക തന്നെ ചെയ്‌തു.

അത്തരമൊരു സംസ്കാരം വളർത്തിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് കാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ചു മരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മാമൻ മാപ്പിളയുടെ പിൻഗാമികൾ ചെയ്തു കൊണ്ടിരിക്കുന്നത്.

രാപ്പകലില്ലാതെ അത്യധ്വാനം ചെയ്ത് കഷ്ടിച്ച് കുടുംബം പോറ്റുന്ന തൊഴിലാളികളെ മനോരമ എത്ര ഇകഴ്ത്തി കാട്ടിയാലും ജനങ്ങൾക്ക് നന്നായറിയാം. അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും ധിക്കാരത്തോട് പൊരുതി നേടിയ തൊഴിലാളികളുടെ അവകാശങ്ങൾ ചവിട്ടി മെതിക്കാൻ ശ്രമിക്കുമ്പോഴാണ് അവർ സമാധാനപരമായി പ്രതിഷേധിച്ചത് .

എം.ആർ. എഫ്sയർ കമ്പനിക്കായി 600 ഏക്കർ ദേവസ്വം ഭൂമി കയ്യേറി അനർഹമായ തെല്ലാം കയ്യടക്കി സ്വന്തമാക്കുന്ന മനോരമയുടെ രീതിയല്ല

അർഹതപ്പെട്ടത് പൊരുതി നേടുന്ന പാരമ്പര്യമാണ് തൊഴിലാളികൾക്കുള്ളത്.

ഒത്തുകളിച്ച് ടയർ വില കൂട്ടി

റബർ കർഷകരെ പറ്റിച്ചതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മലയാള മനോരമയുടെ MRF കമ്പനിക്ക് 622 കോടി രൂപ പിഴവിളിച്ചത് കഴിഞ്ഞ ദിവസ്സമാണ്. കർഷകരുടെ ചോര കുടിച്ച് ചീർത്തത് കണ്ടുപിടിച്ചതിന്റെ ജാള്യത പേറി നടക്കുന്ന മനോരമ ആരെയാണ് ഉപദേശിക്കുന്നത്.

വാർത്തയും മുഖപ്രസംഗവും കാർട്ടൂണും കൊണ്ട് ഒലിച്ചു പോകുന്ന പ്രസ്ഥാനമല്ലയിത്

തൊഴിലും കൂലിയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും

സി.സത്യപാലൻ

സിക്രട്ടറി

സി.പി.ഐ (എം)

പെരിങ്ങോം ഏരിയാ കമ്മറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News