പ്രേക്ഷകരെ ഹരം കൊള്ളിച്ച് ദുല്‍ഖര്‍; ഹേ സിനാമിക ട്രയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമായ ഹേ സിനാമികയുടെ ഒഫീഷ്യല്‍ ട്രയിലര്‍ മാധവനും കാര്‍ത്തിയും ചേര്‍ന്ന് പുറത്തിറക്കി. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ബ്രിന്ദ മാസ്റ്ററാണ്. ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

ചിത്രത്തിലെ ‘മേഘം’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ രചിച്ചത് മദന്‍ കര്‍ക്കിയും ഇതിനു സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ദുല്‍ഖര്‍ സല്‍മാനും അദിതി റാവുവുമാണ് ഈ ഗാനത്തില്‍ പ്രണയ ജോഡികളായി തകര്‍ത്ത് അഭിനയിച്ചിരിക്കുന്നത്. മാര്‍ച്ച് 3ന് റിലീസ് ചെയ്യാന്‍ പോകന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മദന്‍ കര്‍ക്കിയാണ്.

ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതിലൊന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച അച്ചമില്ലൈ എന്ന ഗാനമായിരുന്നു. ആ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. ആ ഗാനത്തിന് ശേഷം കാജല്‍ അഗര്‍വാള്‍ – ദുല്‍ഖര്‍ സല്‍മാന്‍ ടീം അഭിനയിക്കുന്ന ഒരു ഗാനം കൂടി പുറത്തു വന്നിരുന്നു.

ചിത്രത്തില്‍ രണ്ടു നായികമാരാണ് ഉള്ളത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത് നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍ കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യാ, ജെയിന്‍ തോംപ്‌സണ്‍, നഞ്ഞുണ്ടാന്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു എന്നിവരാണ്.

ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോയും വയാകോം മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്റെ സ്വന്തം പ്രൊഡക്ഷന്‍ ബാനര്‍ ആയ വേഫേറര്‍ ഫിലിംസ് ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here