ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽ നിന്ന് വിദ്യാർഥി കുടിച്ചത് അസറ്റിക് ആസിഡ്

കോഴിക്കോട് വരക്കൽ ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽ നിന്ന് വിദ്യാർഥി കുടിച്ചത് അസറ്റിക് ആസിഡ് എന്ന് വിലയിരുത്തൽ. ബീച്ചിലെ രണ്ടു സ്ഥാപനങ്ങളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകം അസറ്റിക് ആസിഡ് ആണെന്ന് പരിശോധനാഫലം. ലൈസൻസില്ലാതെ അസറ്റിക് ആസിഡ് സൂക്ഷിച്ച കടകൾക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകും. പരിശോധന തുടരാനും തീരുമാനമായി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മലാപ്പറമ്പ് ലാബിൽ നടത്തിയ പരിശോധനയിൽ രണ്ടു തട്ടുകടകളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകം അസറ്റിക് ആസിഡ് ആണെന്ന് കണ്ടെത്തി. കാസർകോഡ് തൃക്കരിപ്പൂരിൽ നിന്നും കോഴിക്കോട് വരക്കൽ ബീച്ചിലെത്തിയ വിദ്യാർഥി വെള്ളമാണെന്ന് കരുതി കുടിച്ചത് അസറ്റിക് ആസിഡ് ആണെന്നാണ് പരിശോധനാഫലത്തിൻ്റെ അടിസ്ഥാനത്തിൽ
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ വിലയിരുത്തൽ.

അസറ്റിക് ആസിഡ് സൂക്ഷിക്കാൻ തട്ടുകടകൾക്ക് ലൈസൻസില്ല. ഇത് കണ്ടെത്തിയ 2 കടകൾക്ക് നോട്ടീസ് നൽകുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ കെ അനിലൻ അറിയിച്ചു.

വിദ്യാർഥി ഏത് കടയിൽ നിന്നാണ് ആസിഡ് കുടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. പരിശോധനക്ക് അയച്ച 3 ഉപ്പിലിട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകം വിനാഗരി തന്നെയാണെന്ന് പരിശോധനയിൽ തെളിഞ്ഞു.

മറ്റു നിരോധിച്ച രാസ പദാർഥങ്ങളുടെയോ മിനറൽ ആസിഡുകളുടെയോ സാന്നിധ്യം ഇതിൽ കണ്ടെത്തിയില്ല. പഴങ്ങൾ ഉപ്പിലിടുന്നതിന് ഉപ്പു ലായനിയും വിനാഗിരിയും മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി.

ഒരു കാരണവശാലും അസറ്റിക് ആസിഡ് സൂക്ഷിക്കുവാനോ ഭക്ഷ്യ വസ്തുക്കളിൽ നേരിട്ട് ചേർക്കുവാനോ പാടുള്ളതല്ല. ഒരാഴ്ചക്കുള്ളിൽ ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകുമെന്നും അസിസ്റ്റന്റ് കമ്മീഷണർ കെ കെ അനിലൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here